RSS

യേശു മരിച്ചിരുന്നില്ല!?

19 Nov

ഒരു അമലോത്ഭവം വഴി ദൈവത്തില്‍നിന്നും മറിയയില്‍നിന്നും ജനിച്ച യേശുവിനെ കുരിശില്‍ തറച്ചു് കൊന്നുവെന്നും, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗത്തിലെത്തി ഇപ്പോള്‍ ദൈവസന്നിധിയില്‍ ഇരിക്കുന്നുവെന്നും, വീണ്ടും തിരിച്ചെത്തി നല്ലവര്‍ക്കായി ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുമെന്നും, അതോടൊപ്പം പാപികളെ നരകത്തില്‍ അയക്കുമെന്നും ഉള്ളതാണു് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവിശ്വാസം. രണ്ടായിരം വര്‍ഷങ്ങളിലൂടെ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന ഈ ചീട്ടുകൊട്ടാരത്തില്‍നിന്നും ഒരു ചീട്ടു് അടര്‍ത്തിമാറ്റിയാല്‍ അതൊന്നടങ്കം തകര്‍ന്നു് നിലംപതിക്കുകയാവും ഫലം. അതായതു്, അമലോത്ഭവമോ, ഉയിര്‍ത്തെഴുന്നേല്‍പ്പോ, സ്വര്‍ഗ്ഗാരോഹണമോ, രണ്ടാമത്തെ വരവോ, സഭയുടെ മറ്റേതെങ്കിലും വിശ്വാസപ്രമാണങ്ങളോ യുക്തിസഹമായി ഖണ്ഡിക്കപെട്ടാല്‍, നിരാകരിക്കപ്പെടേണ്ടതാണെന്നുവന്നാല്‍ ക്രിസ്തുമതത്തിനു് വിശ്വാസയോഗ്യമായി നിലനില്‍ക്കാനാവില്ല.

ക്രിസ്തുമതം യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ സ്ഥാപിച്ചവനായ വിശുദ്ധ പൗലോസ്‌ തന്നെ പറയുന്നു: “ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എന്നുവരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു് ദൈവത്തിനു് വിരോധമായി സാക്‍ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിനു് കള്ളസാക്ഷികള്‍ എന്നു് വരും.” (1. കൊരിന്ത്യര്‍ 15: 14 – 16)

മരിച്ചതിനു് ശേഷമേ മരിച്ചുയിര്‍ക്കാനാവൂ. കുരിശില്‍നിന്നും താഴെ ഇറക്കപ്പെടുമ്പോള്‍ യേശു മരിച്ചിരുന്നില്ലെങ്കില്‍, വീണ്ടും ആരോഗ്യം പ്രാപിക്കാവുന്ന അവസ്ഥയിലായിരുന്നെങ്കില്‍ തന്റെ ഉയിര്‍പ്പു് എന്നതു് അര്‍ത്ഥശൂന്യമാവും. യേശു മരിച്ചിരുന്നോ? മരിച്ചിരുന്നു എന്നു് സംശയരഹിതമായി പറയാവുന്ന വിധത്തിലല്ല ബൈബിളിലെ വിവരണങ്ങള്‍.

കുരിശില്‍ തറയ്ക്കുക എന്ന ശിക്ഷ ജനങ്ങള്‍ക്കു് നല്‍കുന്ന ഒരു താക്കീതായിരുന്നു, ഒരു പാഠമായിരുന്നു. കുറ്റവാളികളെ കൊല്ലുക എന്നതാണു് ലക്‍ഷ്യമെങ്കില്‍ തലവെട്ടിയൊ, തീയിലെറിഞ്ഞോ കൊല്ലാം. അതാണു് അധികാരികള്‍ക്കും എളുപ്പം. എല്ലാവര്‍ക്കും കാണത്തക്കവിധത്തില്‍ , പൊക്കമുള്ള ഒരു കുരിശില്‍ സാവകാശം, ക്രൂരമായ വേദന സഹിച്ചുകൊണ്ടുള്ള ഒരു മരണമാണു് കുരിശുമരണം എന്ന ശിക്ഷയുടെ ലക്‍ഷ്യം. രോഗമോ, ശാരീരികമായ മറ്റു് ബലഹീനതകളോ ഇല്ലാത്തവര്‍ രണ്ടോ മൂന്നോ ദിവസം മരണവേദന അനുഭവിക്കേണ്ടി വരുന്നതു് സ്വാഭാവികമായിരുന്നു. എന്നിട്ടും മരിക്കാത്തവരുടെ കൈകാലുകളിലെ അസ്ഥികള്‍ തല്ലിയൊടിച്ചു് മരണം ത്വരിതപ്പെടുത്തുന്നതും സാധാരണമായിരുന്നു.

ഇവിടെ, പെസഹാ പെരുന്നാളിന്റെ പിറ്റേന്നു് വെള്ളിയാഴ്ച്ചയാണു് കുരിശില്‍ തറയ്ക്കപ്പെടുന്നതു്. പിറ്റേന്നു് വലിയ ശബ്ബത്ത്‌ നാളും, അതിനുവേണ്ട ഒരുക്കങ്ങള്‍ വൈകിട്ടേ ആരംഭിക്കണമായിരുന്നു എന്നതിനാലും കുറ്റവാളികളുടെ ശരീരങ്ങള്‍ കാലൊടിപ്പിച്ചു് കുരിശില്‍നിന്നിറക്കാനുള്ള അനുവാദം യഹൂദര്‍ പിലാത്തോസിനോടു് ചോദിച്ചുവാങ്ങുന്നു. പടയാളികള്‍ രണ്ടു് കള്ളന്മാരുടെയും കാലൊടിച്ചശേഷം യേശുവിന്റെ കാലൊടിക്കാന്‍ അടുത്തുചെല്ലുമ്പോള്‍ “അവന്‍ മരിച്ചുപോയി എന്നു് കാണ്‍കയാല്‍” കാലൊടിക്കുന്നില്ല. എങ്കിലും, “അവന്‍ മരിച്ചു എന്നു് ഉറപ്പുവരുത്തുവാന്‍” ഒരു പടയാളി അവനെ കുന്തം കൊണ്ടു് കുത്തുന്നു. അപ്പോള്‍ മുറിവില്‍നിന്നും രക്തവും വെള്ളവും പുറപ്പെടുന്നു. കുത്തുന്നതും രക്തം വരുന്നതും എറ്റവും അവസാനം (A. D. 100 – 110 കാലഘട്ടത്തില്‍!) എഴുതപ്പെട്ട യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമേ വര്‍ണ്ണിക്കപ്പെടുന്നുള്ളു! ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ , രക്തം പമ്പുചെയ്യപ്പെടാതായാല്‍ , രക്തചംക്രമണം നിലയ്ക്കും. പിന്നെ ശരീരം രക്തം ചിന്തുകയില്ല. “ഈ സംഭവം നേരിട്ടു് കണ്ടവനാണു് സാക്‍ഷ്യം പറയുന്നതെന്നും അവന്റെ സാക്‍ഷ്യം സത്യമാകുന്നു” എന്നും യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നതിനാല്‍, കുത്തേല്‍ക്കുന്ന യേശു മരിച്ചിരുന്നില്ല എന്ന നിഗമനം നിഷേധിക്കാനാവില്ല. അവനോടൊപ്പം തൂക്കിയ കള്ളന്മാര്‍ ഏതായാലും മരിച്ചിരുന്നില്ല. അതിനാലാണല്ലോ അവരുടെ കാലുകള്‍ ഒടിക്കേണ്ടിവന്നതു്!

യേശുവിനെ ഒരു പ്രവാചകനായി അംഗീകരിക്കുന്ന മുസ്ലീമുകള്‍, യേശുവിനെ മരിക്കുന്നതിനു് മുന്‍പുതന്നെ കുരിശില്‍നിന്നും രക്ഷപെടുത്തിയെയെന്ന് വിശ്വസിക്കുന്നവരാണു്. യേശു കുരിശില്‍നിന്നും താഴെ ഇറക്കപ്പെട്ടപ്പോള്‍ മരിച്ചിരുന്നില്ല എന്നതു് ഒരു പുതിയ സാങ്കല്‍പികസൃഷ്ടി അല്ല എന്നു് സാരം.

യേശുവിനെ കുരിശില്‍നിന്നും താഴെ ഇറക്കിയ “ശ്രേഷ്ഠമന്ത്രിയും, ദൈവരാജ്യത്തെ കാത്തിരുന്നവനും, ധനികനുമായ” അരിമത്ഥ്യയിലെ യോസേഫ്‌ യേശുവില്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണുകയും, അവനെ രക്ഷപെടുത്തുവാന്‍ തയ്യാറാവുകയും ചെയ്തുവെങ്കില്‍ അതില്‍ അസാധാരണമായി ഒന്നുമില്ല. ഗുരുവായ യേശുവിനെ രക്ഷപെടുത്തണമെന്നു് ആരംഭം മുതലേ യോസേഫ്‌ തീരുമാനിച്ചു എന്നും, അതിനായി തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി എന്നും കരുതുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ധനികനായിരുന്ന യോസേഫ്‌ അതിനായി റോമന്‍ പടയാളികളെ (ഒരുപക്ഷേ പീലാത്തോസിനെത്തന്നെയും!) കൈമടക്കുനല്‍കി സ്വാധീനിക്കുന്നതുപോലും തള്ളിക്കളയാവുന്ന സാദ്ധ്യതയല്ല. അഴിമതി ഒരു ആധുനികപ്രതിഭാസമൊന്നുമല്ലല്ലോ!

യേശുവില്‍ മരണശിക്ഷാര്‍ഹമായ കുറ്റമൊന്നും കാണാതിരുന്ന പീലാത്തോസിന്റെ റോമന്‍കുലീനത്വം (യഹൂദരില്‍നിന്നു് വ്യത്യസ്തമായി!) അവനെ രക്ഷപെടുത്താന്‍ മൗനാനുവാദം നല്‍കിയിരിക്കാം എന്നതും ചിന്തിക്കാവുന്ന കാര്യമാണു്. റോമാസാമ്രാജ്യത്തിന്റെ പ്രതിനിധിയാണു് താന്‍ എന്നതില്‍ ബോധപൂര്‍വ്വം അഭിമാനം കൊണ്ടിരുന്ന പീലാത്തോസ്‌, “ഒരു യഹൂദന്‍ ചത്താലെന്തു്, ജീവിച്ചാലെന്തു്” എന്നു് ചിന്തിക്കുന്നതിനുപകരം, യേശുവിനെ രക്ഷിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. “എനിക്കു് നിന്നെ ക്രൂശിക്കാനും വിട്ടയക്കാനും അധികാരമുണ്ടെന്നു് നീ അറിയുന്നില്ലയോ?” എന്നു് വിചാരണവേളയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ, സത്യസന്ധമായി പീലാത്തോസ്‌ ചോദിക്കുന്നു. (യോഹന്നാന്‍ 19: 10) യേശുവിനെ വിട്ടയക്കാന്‍ നടത്തുന്ന സകല പരിശ്രമങ്ങളും യഹൂദരുടെ മാത്രമല്ല, യേശുവിന്റെ തന്നെ നിസ്സഹകരണം മൂലവും നിഷ്ഫലമാവുമ്പോഴാണു് “അവനെ ക്രൂശിക്ക, ക്രൂശിക്ക, പകരം ബറബ്ബാസിനെ ഞങ്ങള്‍ക്കു് വിട്ടുതരിക” എന്നു് ആര്‍ത്തുവിളിക്കുന്ന (മഹാപുരോഹിതന്മാര്‍ വിഷം കുത്തിവച്ച) കാഴ്ച്ചക്കാരായ യഹൂദസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ പീലാത്തോസ്‌ അവനെ ചമ്മട്ടികൊണ്ടു് അടിപ്പിച്ചു് ക്രൂശിക്കാന്‍ ഏല്‍പിക്കുന്നതു്. “മരണയോഗ്യമായതു് ഒന്നും ഞാന്‍ അവനില്‍ കാണുന്നില്ല എന്നും, ഞാന്‍ അവനെ അടിപ്പിച്ചു് വിട്ടയക്കുമെന്നും” മൂന്നുവട്ടം ആവര്‍ത്തിച്ചു് (ലൂക്കോസ്‌ 20: 15 – 22) പറയുന്ന പീലാത്തോസ്‌, അവസാനമാര്‍ഗ്ഗമെന്നോണം അവനെ രക്ഷപെടുത്തുവാന്‍ യോസേഫിനെ സഹായിച്ചുവെങ്കില്‍ അതില്‍ അവിശ്വസനീയമായി എന്തിരിക്കുന്നു?

“യോനാ കടലാനയുടെ വയറ്റില്‍ മൂന്നുരാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലിരിക്കും” എന്നു് യേശു പറയുന്നുണ്ടെങ്കിലും, (മത്തായി 12: 40) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു് മൂന്നുമണിക്കു് “മരിച്ചു്” സന്ധ്യയോടെ കല്ലറയില്‍ വയ്ക്കപ്പെട്ട യേശുവിനെ, ഞായറാഴ്ച്ച രാവിലെ അവിടെ എത്തുന്ന സ്ത്രീകള്‍ക്കു് കാണാന്‍ കഴിയുന്നില്ല എന്നതിനാല്‍, ഏറിയാല്‍ രണ്ടു് രാത്രിയും ഒരു പകലും മാത്രമേ യേശു കല്ലറയില്‍ കഴിഞ്ഞിരിക്കാന്‍ ഇടയുള്ളു. ശനിയാഴ്ച്ച യഹൂദരുടെ ശബ്ബത്ത്‌ ആയതിനാല്‍ ആരും കല്ലറയ്ക്കല്‍ എത്തുന്നില്ല. അതിന്റെ വെളിച്ചത്തില്‍ , യേശു വെള്ളിയാഴ്ച്ച രാത്രിതന്നെ അപ്രത്യക്ഷമായിരുന്നാലും അതു് ബാഹ്യലോകം അറിയണമായിരുന്നു എന്നില്ല.

വെള്ളിയാഴ്ച്ച വൈകിട്ടു് യോസേഫ്‌ പീലാത്തോസിനോടു് യേശുവിന്റെ ശരീരം ചോദിക്കുമ്പോള്‍ “അവന്‍ മരിച്ചുകഴിഞ്ഞുവോ” എന്നു് പീലാത്തോസ്‌ ആശ്ചര്യപ്പെടുന്നു! “അവന്‍ മരിച്ചിട്ടു് ഒട്ടുനേരമായോ” എന്നു് ശതാധിപനോടു് ചോദിക്കുന്നതല്ലാതെ തെളിവെടുപ്പിനൊന്നും പീലാത്തോസ്‌ തുനിയുന്നില്ല! (മര്‍ക്കോസ്‌ 15: 42 – 45) യോസേഫ്‌ ഒരു ശീല വാങ്ങി യേശുവിനെ കുരിശില്‍ നിന്നിറക്കി അതില്‍ പൊതിഞ്ഞു് പാറയില്‍ വെട്ടിയ ഒരു കല്ലറയില്‍ വച്ചശേഷം വാതില്‍ക്കല്‍ ഒരു കല്ലുരുട്ടി വയ്ക്കുന്നു. ഞായറാഴ്ച്ച രാവിലെ മാത്രമാണു് പിന്നീടു് ആരെങ്കിലും ആ ഭാഗത്തേക്കു് പോകുന്നതു്!

ഇതിലെല്ലാമുപരിയായി, ഞായറാഴ്ച്ച രാവിലെ കല്ലറവാതില്‍ക്കല്‍ സംഭവിക്കുന്ന കാര്യങ്ങളുടെ വര്‍ണ്ണനയിലും, ശിഷ്യന്മാര്‍ക്കു് പ്രത്യക്ഷപ്പെടുന്നതിന്റെ വിവരണത്തിലും, സ്വര്‍ഗ്ഗാരോഹണസംബന്ധമായും നാലു് സുവിശേഷങ്ങളും തമ്മില്‍ ഏറെ വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും.

സത്യത്തില്‍, ആത്മാര്‍ത്ഥതയുള്ള ഏതു് ക്രിസ്ത്യാനിയും യേശു മരിച്ചിരുന്നില്ല എന്ന ശുഭവാര്‍ത്തയില്‍ സന്തോഷിക്കേണ്ടതാണു്. പക്ഷേ, എന്തുകൊണ്ടോ, അവര്‍ക്കു് അവരുടെ ദൈവപുത്രന്‍ നിന്ദിക്കപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും, ക്രൂശിക്കപ്പെടുന്നതും, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും, ഒക്കെയാണു് കൂടുതല്‍ ഇഷ്ടം! അവര്‍ തേടുന്നതു് അത്ഭുതങ്ങളാണു്. അവര്‍ക്കുവേണ്ടതു് വെളിപാടുകളാണു്. അവരുടെ ഇഷ്ടം, അവരുടെ ഭാഗ്യം! അവരവരുടെ വിശ്വാസം, അവരവരുടെ സത്യം!

 

Tags: , ,

15 responses to “യേശു മരിച്ചിരുന്നില്ല!?

  1. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|

    Nov 20, 2007 at 06:29

    ബാബു ലേഖനം ഇഷ്ടപ്പെട്ടു. ഞാനും ഇതേ രീതിയില് ചിന്തിച്ചിട്ടുണ്ട്…

    ഇതേ പോലുള്ള ലേഖനങ്ങള് ഇനിയും പ്രതീക്ഷിക്കുന്നു…

     
  2. SAJAN | സാജന്‍

    Nov 20, 2007 at 07:05

    വളരെ പ്രകോപനപരം,
    ഒരാശ്വാസമുള്ളത് ഇതില്‍ എഴുതിയിരിക്കുന്നതില്‍ കൂടുതല്‍ ഇനി ക്രിസ്തീയതയെപ്പറ്റിയും, ക്രിസ്ത്യാനിയെപ്പറ്റിയും ഇനി താങ്കള്‍ക്ക് എഴുതാനില്ലല്ലൊ!
    (ഒരു ഓഫ്:‌ ഒരു സംശയം താങ്കള്‍ തന്നെയാണോ മുടിയനായ പുത്രന്‍ എന്ന പേരില്‍ എഴുതിയിരുന്നത്? അങ്ങനെയെങ്കില്‍ ആ പേര് താങ്കള്‍ക്ക് എവിടെ നിന്നും കിട്ടി എന്നു കൂടെ ഒന്നെഴുതാമോ?

     
  3. അനംഗാരി

    Nov 20, 2007 at 07:55

    യേശുവിനെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.യേശു ജീവിച്ച് മരിച്ചത് ഇന്‍ഡ്യയില്‍ കാശ്മീരില്‍ ആണെന്ന് പലരും പല തെളിവുകളും നിരത്തി വാദിച്ചിട്ടുണ്ട്.അക്കൂട്ടത്തില്‍ ഏറ്റവും പുതിയ പുസ്തകമാണ് “ജീസസ് ഡൈഡ് ഇന്‍ കാശ്മീര്‍”.ഒന്ന് വായിച്ച് നോക്കുന്നത് നല്ലതാണ്.

     
  4. P Jyothi

    Nov 20, 2007 at 11:35

    http://www.jyothiss.com/Articles/onam/Stories/yusa.html. പറ്റിയാല്‍ ഈ ലിങ്ക്‌ ഒന്നു കാണുക. ഈ ലേഖനത്തോട്‌ ചേര്‍ത്തുവായിക്കാം എന്നു തോന്നിയതുകൊണ്ടു മാത്രം ആണ്‌ ലിങ്ക്‌ മൊറ്റൊരാളുടെ blog comment area യില്‍ ഇട്ടത്‌.

     
  5. മുരളി മേനോന്‍ (Murali Menon)

    Nov 20, 2007 at 12:26

    ശ്രീ ആനന്ദിന്റെ “നാലാമത്തെ ആണി” എന്ന ചെറുകഥ പ്രതിപാദിക്കുന്നതും ഇതേ വിഷയമാണ്. പിന്നീട് യേശുവിന് ശിഷ്യന്മാരെ സമീപിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവര്‍ ഒരു സ്ഥാപനമായ് മാറിപ്പോകുന്ന കാഴ്ച്ചയും യേശു അവിടെ നിന്ന് നിഷ്ക്രമിക്കുന്നതും വായിച്ചതായ് ഓര്‍ക്കുന്നു.

     
  6. sreedevi Nair

    Nov 20, 2007 at 12:50

    സര്‍,
    അഭിനന്ദനത്തിനു നന്ദി

     
  7. മുക്കുവന്‍

    Nov 20, 2007 at 21:03

    യേശുമരിക്കേ ജനിക്കേ എന്തായാ‍ലും എന്താ.. ഏതൊരു പുസ്തകത്തിലും നല്ലത് വല്ലതും ഇപ്പോഴത്തെ സൊസൈറ്റിക്ക് ചേര്‍ന്നതാണെങ്കില്‍ എടുക്കുക. അല്ലാത്തവ കളയുക.. അതല്ലേ നന്ന്?

    ബൈബിളില്‍ പലയിടങ്ങളിലും യജമാനന്‍ എന്ന പദം കണ്ടിട്ടുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിച്ചാല്‍ യജമാനന്‍ ഉണ്ടാവാ‍ന്‍ പറ്റോ?

     
  8. സി. കെ. ബാബു

    Nov 21, 2007 at 10:58

    ജിഹേഷ്, സാജന്‍, അനംഗാരി, p jyothi, മുരളി, sreedevi, മുക്കുവന്‍‍,

    വായിച്ചതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും എല്ലാവര്‍ക്കും വളരെ നന്ദി!

     
  9. രാജീവ് ചേലനാട്ട്

    Nov 26, 2007 at 13:20

    ബാബു,

    ഇപ്പോഴാണ് ഇത് വായിച്ചത്. നല്ലൊരു ചരിത്രരേഖയാകുമായിരുന്ന ബൈബിള്‍ എങ്ങിനെയാണ് ഒരു വേദപുസ്തകമായത് എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുമുണ്ട്. ഹൈന്ദവ പുരാണങ്ങള്‍ക്കും ഏതാണ്ട് ഇതിനുസമാനമായ ദുര്‍വിധി നേരിട്ടിട്ടുണ്ട്.

    എന്തുതന്നെയായാലൂം ഈ ദുര്‍വിധികൊണ്ട് മറ്റൊരു ഗുണമുണ്ടായിട്ടുണ്ട് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സിനെ അത്ഭുതപരതന്ത്രമാക്കുന്ന കഥകളുടെ അക്ഷയഖനികളായിത്തീര്‍ന്നു ഈ ചരിത്രപുസ്തകങ്ങള്‍.

    ഈ കഥകളെ പു:നര്‍വ്യാഖാനം ചെയ്ത്,അതില്‍നിന്ന് ചരിത്രത്തിന്റെ ഖനീഭവിച്ച പടലങ്ങളെ ,സാവധാനം, ഒരു പുരാവസ്തുഗവേഷകന്റെ ശ്രദ്ധയോടെ മാറ്റിയെടുക്കേണ്ട ചുമതലയാണ്‌ നമുക്കുള്ളത്.
    കഥയും ചരിത്രവും അതിന്റെ പാഠങ്ങളും നമുക്ക് അങ്ങിനെയാണ് സ്വന്തമാക്കാന്‍ സാധിക്കുക.

    അല്പം അശ്രദ്ധ കാണിച്ചാല്‍ മതി, ചരിത്രവും കഥയും ഒന്നിച്ച് നഷ്ടമാകും. ‘ചരിത്രശൂന്യരെ‘ന്നും, ‘’കഥയില്ലായ്മ‘ യെന്നുമൊക്കെ നമ്മള്‍ പറയാറില്ലേ. അതാകും ഫലം.

    ആശംസകളോടെ

     
  10. ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR

    Dec 1, 2007 at 17:20

    ഇത്തരം ചര്‍ച്ചകള്‍ പൊതുമാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് എത്രയോ കാലമായി.വിശ്വാസികളുമായി ഇന്നു ഒരു തരത്തിലുള്ള സംവാദവും സാധ്യമല്ല.

     
  11. സി. കെ. ബാബു

    Dec 2, 2007 at 19:21

    രാജീവ്,

    എഴുതുന്ന കാര്യങ്ങള്‍ ആധുനിക റെഫറന്‍സ് ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നിടത്തോളം ഞാന്‍ ശ്രമിക്കാറുണ്ടു്. പഴയ ധാരണകളും ഇന്നത്തെ അറിവും തമ്മിലുള്ള അന്തരമാണു് അവയെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നതുതന്നെ.

    വായനക്കും അഭിപ്രായത്തിനും നന്ദി.

    പ്രദീപ്,

    ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം പറയേണ്ടതും, മതിയാവോളം പറയാന്‍ കഴിയാത്തതുമായ ചില കാര്യങ്ങളുണ്ടു് എന്നു് ഫ്രോയ്ഡ് ഒരിക്കല്‍ പറഞ്ഞു.

    നമ്മുടെ നാടിന്റെ മതപരവും സാമൂഹികവുമായ ജീര്‍ണ്ണത അതുപോലൊരു കാര്യമല്ലേ?

    വായിച്ചതിനും അഭിപ്രായത്തിനും നന്ദി!

     
  12. Tince Alapura

    Sep 1, 2008 at 18:12

    bibil sarikkum vaaikku ennittu ezhuthu nallavarkkaai boomiil raajyam sthaapickunnu ennaano ezhuthi irickunnathu . kristhumatham lokathil stapichathu powlose aanennu thaangalodu aarranu paranjathu ? christ inte maranam thaangal nerittu kandirunnathu pole aanalo ezhuthi irickunnathu, roman history vaaichunokku apol manasilaakum enthinaa thalavetty yo theeil erinjo avide kuttavaalikale kollaathe kroora maai kollunnathennu ennittu ezhuthu കുരിശില്‍ തറയ്ക്കുക എന്ന ശിക്ഷ ജനങ്ങള്‍ക്കു് നല്‍കുന്ന ഒരു താക്കീതായിരുന്നു, ഒരു പാഠമായിരുന്നു. കുറ്റവാളികളെ കൊല്ലുക എന്നതാണു് ലക്‍ഷ്യമെങ്കില്‍ തലവെട്ടിയൊ, തീയിലെറിഞ്ഞോ കൊല്ലാം. അതാണു് അധികാരികള്‍ക്കും എളുപ്പം enthu mandatharamaanu ee ezhuthi irickunnathu അവരുടെ ഇഷ്ടം, അവരുടെ ഭാഗ്യം! അവരവരുടെ വിശ്വാസം, അവരവരുടെ സത്യം!!

    ennittaano avarude viswaasam nasippickaan vendi ingane mandatharam ezhuthunnathu ee vajanam onnu vaaichu nokku markos :9-42to narakathil athra suham alla onnu kettunokkikko youtube ile sound of hell ennu serch cheyu ennittu valiya pandithanaanenna baavam maatty elima pedu

     
  13. AJO JOSEPH THOMAS

    Oct 21, 2008 at 20:10

    “Indeed, according to the Law almost everything is purified by blood, and sins are forgiven only if blood is pour out”.
    (Hebrews 9:22)

    “The blood of bulls and goats can never take away sins”.
    (Hebrews 10:4)

    “We are all purified from sin by the offering that he made of his own body once and for all”.
    (Hebrews 10:10)

    “Sin pays it’s wage – DEATH”
    (Roma 6:22)

    “Where sin increased, God’s grace increased much more”
    (Roma 5:20)

    “It is true that through the sin of one man DEATH began to rule because of that man. But how much greater is the result of what was done by the one man, JESUS CHRIST”.
    (Roma 5:17)

    “Indeed, according to the Law almost everything is purified by blood, and sins are forgiven only if blood is pour out”.
    (Hebrews 9:22)

    “The blood of bulls and goats can never take away sins”.
    (Hebrews 10:4)

    “We are all purified from sin by the offering that he made of his own body once and for all”.
    (Hebrews 10:10)

    “As for us, we have this large crowd of witnesses round us. So then, let us rid ourselves of everything that gets in the way, and of the sin which holds on to us so tightly”.

     
  14. രജിത് കൃഷ്ണ

    Dec 30, 2011 at 14:25

    യേശുവിന്‍റെ ഉയിര്‍ത്തെഴുനെല്‍പ് പൌരോഹിത്യത്തിന്റെ മാത്രം ആവശ്യമാണ്‌ ,എന്നാല്‍ മാത്രമേ മാനവസമൂഹത്തിന് മഹത്തായ ദര്‍ശനങ്ങള്‍ അരുളിയ മാനവ ശ്രേഷ്ഠന്‍റെ ജീവിതത്തെയും ചിന്തകളെയും ദൈവികമായ വാദങ്ങള്‍ മാത്രമാക്കി മൂലക്ക് ഒതുക്കി തങ്ങളുടെ വികല ചിന്താപത്തധികള്‍ക്ക് പ്രതലമൊരുക്കാന്‍ കഴിയുമായിരുന്നുള്ളൂ .യേശു അസ്വഭാവികമെങ്കിലും സാധാരണ മരണം വരിച്ചവനാണ്,പക്ഷെ യേശു ഉയര്‍ത്തെഴുനെറ്റാല്‍ മാത്രമേ യേശു ദൈവ മാകുന്നുള്ളൂ .

     
  15. Sreeraj Kr

    Aug 13, 2012 at 17:56

    ബൈബിളില്‍ മാത്രമല്ല . ഹിന്ദു പുരാണങ്ങളിലും ..പ്രകടമായ മണ്ടത്തരങ്ങള്‍ കാണാന്‍ പറ്റും . കോളേജില്‍ വച്ച് എന്റെ സുഹൃത്തുമായി ഇത് സംസാരിച്ചപ്പോള്‍ അദേഹം പറയുന്നത് .പഴയ കളത്തിലെ മനുഷ്യര്‍ക്ക്‌ ഇന്നതെകള്‍ , സാദാരണ മനുഷ്യര്കില്ലാത്ത കഴിവുകള്‍ ഉണ്ടായിരുന്നു എന്നാണ് . എത്രെയൊക്കെ അറിവ് (ഡിഗ്രീ ) ഉണ്ട്ടയാലും ആരും യുക്തിപരമായി ചിന്തിക്കാന്‍ തയാറല്ല . എന്താണോ ചെരുപ്പും മുതല്‍ പടികുന്നത് അത് സത്യമാണെന്ന് വിസ്വസിപിക്കാന്‍ തന്നത്താന്‍ ശ്രമികുന്നു ..ഒരു പക്ഷെ മനുഷ്യന്റെ മനസിന്‌ അതില്ലോടെ എങ്കിലും ഒരാശ്വാസം കിട്ടുനുണ്ടാവും ..

     
 
%d bloggers like this: