RSS

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 9

13 Sep

ഒരു തേജോവലയം ആകര്‍ഷണീയമായതുകൊണ്ടു് അനിവാര്യമാവണമെന്നില്ല. മനുഷ്യജീവിതത്തിനു് മതങ്ങള്‍ നല്‍കുന്ന ആദ്ധ്യാത്മികപരിവേഷം വ്യാമോഹിപ്പിക്കുന്നതാവുന്നതിനു് കാരണം അവയിലെ ഏതെങ്കിലും അഭൗമികമൂല്യങ്ങളല്ല, തികച്ചും ലൗകികമായ ഘടകങ്ങള്‍ മനസ്സിലുണര്‍ത്തുന്ന മായാദര്‍ശനങ്ങളാണു്. കൊട്ടും കുരവയും, മന്ത്രങ്ങളും മണികിലുക്കങ്ങളും, ധൂപപ്രാര്‍ത്ഥനകളുടെ ധൂമപടലങ്ങളും മനുഷ്യമനസ്സിനെ മറ്റൊരു തലത്തിലേക്കു് പിടിച്ചുയര്‍ത്തുന്നു. മനസ്സില്‍ ഉന്മാദാവസ്ഥ സൃഷ്ടിക്കുവാന്‍ മതവിശ്വാസത്തിനു് മാത്രമല്ല, പ്രകൃതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ക്കും, കവിത, സംഗീതം, സാഹിത്യം, ചിത്രരചന മുതലായ, പൂര്‍ണ്ണമായും ലൗകികമായ മാധ്യമങ്ങള്‍ക്കും കഴിയുമെന്നതു് നിഷേധിക്കാനാവുമോ? മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി വിളങ്ങുന്ന ഗ്രാമഭംഗിയും, ചായത്തില്‍ മുങ്ങിയ അസ്തമയസന്ധ്യകളും, ഉത്തര- ദക്ഷിണധ്രുവങ്ങളില്‍ ഇടക്കിടെ ദര്‍ശിക്കാന്‍ കഴിയുന്ന ആലക്തികസ്വഭാവമുള്ള പ്രഭാപടലങ്ങളും (aurora borealis, aurora australis), നിലാവില്‍ കുളിച്ച ശീതളയാമങ്ങളും മനുഷ്യരില്‍ അഭൗമികം എന്നു് വിശേഷിപ്പിക്കേണ്ട അനുഭൂതികള്‍ ഉണര്‍ത്തുമെന്നതു് കവികളും കലാകാരന്മാരും മാത്രമാണോ മനസ്സിലാക്കിയിട്ടുള്ളതു്? അടുത്തറിയാന്‍ ശ്രമിച്ചാല്‍ മാനസികമായ ഒരു വിശേഷാവസ്ഥയാണു് ഇവയെ ആകര്‍ഷകങ്ങളായ പ്രതിഭാസങ്ങളാക്കി മാറ്റുന്നതും, ആസ്വദിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതുമെന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പൂരവും മേളയും, പൂക്കളവും പുഷ്പാര്‍ച്ചനയും, ക്രിസ്മസ്‌ട്രീയും ദീപക്കാഴ്ചകളും ദൈവനാമത്തില്‍ ആചരിക്കുന്ന മനുഷ്യന്‍ അതുവഴി യഥാര്‍ത്ഥത്തില്‍ സന്തോഷിപ്പിക്കുന്നതു് ദൈവങ്ങളേയോ, അതോ അവനെത്തന്നെയോ? യുവഹൃദയങ്ങളില്‍ അവ ഭാവിയില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി മാറേണ്ട സ്വര്‍ഗ്ഗീയമായ അനുഭവങ്ങളായി വിരിഞ്ഞു് വിടര്‍ന്നു് ആഴത്തില്‍ വേരോടുമ്പോള്‍, ജീവിതസായാഹ്നത്തിലേക്കു് ചുവടുവച്ചടുക്കുന്ന മനുഷ്യരില്‍ അവ ഒരിക്കലും വീണ്ടെടുക്കാനാവാത്ത നഷ്ടസ്വര്‍ഗ്ഗമായി, ഗൃഹാതുരത്വമായി, ഭൂതകാലസ്മരണകളായി നീറിപ്പടരുന്നു! ജീവിതത്തിലെ, പ്രത്യേകിച്ചും ബാല്യത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ മനുഷ്യനില്‍ അഗാധമായ വൈകാരികതയ്ക്കു് രൂപം നല്‍കുന്നതു് ഒരു മാനസിക പ്രതിഭാസമാണു്. അതു് മതപരമോ, വിശ്വാസപരമോ ആയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിക്കൊള്ളണമെന്നു് നിര്‍ബന്ധമില്ല. അകലങ്ങളില്‍നിന്നും ബാല്യവും യുവത്വവും ചെലവഴിച്ചിടങ്ങളിലേക്കു് തിരിച്ചുചെല്ലുവാന്‍ ഒരുവന്‍ ആഗ്രഹിക്കുന്നതു് അവന്‍ ഏതെങ്കിലുമൊരു മതാനുയായി ആയതുകൊണ്ടല്ല. ഗൃഹാതുരത്വം മതാധിഷ്ഠിതമല്ല, മനുഷ്യസഹജമാണു്. വിശ്വാസപരമായ കാര്യങ്ങള്‍ സ്വാഭാവികമായും ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നവ ആണെന്നതിനാല്‍, അവയില്‍ സംഭവിക്കുന്ന നേരിയ തോതില്‍ പോലുമുള്ള വ്യതിചലനം വിശ്വാസികളും ശുദ്ധഗതിക്കാരുമായ മനുഷ്യരുടെ മനസ്സില്‍ ഭയങ്കരമായ കുറ്റബോധം ഉളവാക്കുമെന്നതിനാല്‍, ചെറുപ്പം മുതലുള്ള ശിക്ഷണം വഴി തിരുത്താനാവാത്ത വിധം വേരുറച്ച ശീലങ്ങളും അനുഷ്ഠാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ പിന്‍തുടരുവാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു.

മനുഷ്യരുടെ ഇതുപോലുള്ള മാനസികബലഹീനതകളെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ കഴിയണമെങ്കില്‍ അവരെ കുഞ്ഞിലേ കുഴിയില്‍ വീഴിച്ചിരിക്കണം. മതങ്ങള്‍ ചെയ്യുന്നതും മറ്റൊന്നുമല്ല. മനുഷ്യര്‍ പിടിവിട്ടു് പോകാതിരിക്കാന്‍ അവര്‍ക്കു് മാനസികമായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും, അതിനു് യുക്തിസഹമായ യാതൊരു അര്‍ഹതയോ നീതീകരണമോ ഇല്ലാതെ ദൈവനാമം ദുരുപയോഗം ചെയ്യുന്നതുമാണു് മതങ്ങള്‍ ചെയ്യുന്ന തെറ്റു്. മനുഷ്യരുടെ ബൗദ്ധികമായ വളര്‍ച്ചയെ അതു് പ്രതികൂലമായി ബാധിക്കുന്നു എന്നതിനാല്‍ സമൂഹം എത്രയോ തലമുറകളായി പഴയ ലായങ്ങളില്‍ ഗതികിട്ടാപ്രേതം പോലെ ചടഞ്ഞുകൂടേണ്ടിവരുന്നതാണു് ഇതിന്റെ ദയനീയവും, അംഗീകരിക്കാനാവാത്തതുമായ മറുവശം. സാമൂഹികജീര്‍ണ്ണതയുടെ അടിസ്ഥാനകാരണങ്ങളില്‍ എറ്റവും പ്രധാനമായതു് അന്ധമായ മതവിശ്വാസമാണെന്നു് പറയേണ്ടിവരുന്നതും അതുകൊണ്ടുതന്നെ! മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തി സമൂഹത്തെ രക്ഷിക്കേണ്ടതിന്റെ കാരണവും മറ്റൊന്നല്ല.

 

നഗ്നമാക്കിയ ശരീരവുമായി മുള്‍മെത്തയില്‍ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിവര്‍ന്നു് കിടന്നു് വിശ്രമിക്കാനും, ലൈംഗികാവയവത്തില്‍ ഭാരമേറിയ കല്ലോ കോണ്‍ക്രീറ്റ് പലകകളോ ഒക്കെ കെട്ടിത്തൂക്കി കാഴ്ച്ചക്കാരെ അതിശയപ്പെടുത്താനും, മറ്റു് പലതരം ചെപ്പടിവിദ്യകള്‍ കാണിക്കാനുമൊക്കെ ധൈര്യം കാണിക്കുന്ന യോഗിവര്യന്മാര്‍ ഭാരതത്തില്‍ വിരളമല്ലല്ലോ! എന്തിനുവേണ്ടി അവര്‍ അതൊക്കെ ചെയ്യുന്നു? സ്വന്തം സംയമനശേഷിയും ഇച്ഛാശക്തിയും പരിശോധിക്കാനോ തെളിയിക്കാനോ ആണു് ദയനീയമായ ഈ ഗോഷ്ടികളെങ്കില്‍ അതു് മറ്റാരും കാണാതെ ഏതെങ്കിലും വനാന്തരങ്ങളില്‍ പോയി അവതരിപ്പിച്ചാലും ലക്‍ഷ്യം നേടാം. സര്‍വ്വവ്യാപിയായ ഈശ്വരന്‍ അവരുടെ ആത്മസംയമനപരീക്ഷണ നിരീക്ഷണാര്‍ത്ഥമുള്ള ഈ ഭഗീരഥതപസ്സു് എവിടെ അരങ്ങേറിയാലും അതു് വീക്ഷിക്കാനും, അര്‍ഹിക്കുന്ന മോക്ഷം നല്‍കി അവരെ ബഹുമാനിക്കാനും കഴിവുള്ളവനാണുതാനും. എന്നിട്ടും തങ്ങളുടെ ഈ മൂകാംഗനാടകത്തിനു് നാലാളുകൂടുന്ന നാല്‍ക്കവലകള്‍തന്നെ അവര്‍ തിരഞ്ഞെടുക്കുന്നു!

“മാനസികജീവിതത്തിലെ എല്ലാ പ്രതിഭാസങ്ങളും എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഏതോ ലക്‍ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളായി മനസ്സിലാക്കപ്പെടണം” എന്നു് സുപ്രസിദ്ധ വ്യക്തിമനഃശാസ്ത്രജ്ഞനായ Alfred Adler പറഞ്ഞിട്ടുണ്ടു്. അതു് പക്ഷേ മാനസികജീവിതത്തിനു് മാത്രം ബാധകമായ കാര്യമാണെന്നു് തോന്നുന്നില്ല. മനുഷ്യന്റെ ഏതു് പ്രവൃത്തിയും (അവനു് പോലും അറിയണമെന്നു്‌ നിര്‍ബന്ധമില്ലാത്ത) ഏതെങ്കിലുമൊക്കെ ലക്‍ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടിയേ ആവൂ. മാനസികവിഭ്രാന്തി സംഭവിച്ചവരുടെ പ്രവൃത്തിപോലും ഇതിനു് അപവാദമല്ല. അവരുടെ ലക്‍ഷ്യം അറിയണമെങ്കില്‍ അവരുടെ ലോകത്തില്‍ കടന്നു് നോക്കണമെന്നു് മാത്രം!

അതായതു്, സമൂഹമദ്ധ്യേ കസര്‍ത്തുകള്‍ നടത്തി തന്റെ ആത്മശക്തി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതു് യോഗിയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വന്തം ലക്‍ഷ്യങ്ങളാണു് അതുവഴി നേടാന്‍ ശ്രമിക്കുന്നതു്. ദൈവതിരുമുന്‍പിലെ അദ്ധ്യാത്മികചോദ്യചിഹ്നങ്ങള്‍ എന്നു് വിളിക്കാവുന്ന ഈ സാധുക്കളുടെ കണ്ണുകള്‍ ദൈവീകവെളിപാടിനേക്കാള്‍ ഡോളറിന്റെ വെളിപാടിലാണു് സാധാരണ വിടര്‍ന്നു് വികസിച്ചു് പന്തംപോലെ തിളങ്ങാറുള്ളതു്! അതുകൊണ്ടു് അവരുടെ ലക്‍ഷ്യം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. ഇവിടെയും ദൈവം മനുഷ്യനു് അവന്റെ ലക്‍ഷ്യം നേടുന്നതിനുള്ള, സ്വന്തപ്രവൃത്തികള്‍ അമാനുഷം എന്നു് വരുത്തി അന്യരെ ചാക്കിലാക്കുന്നതിനുള്ള ഒരു രാസത്വരകം മാത്രം!

അദ്ധ്യാത്മികതയ്ക്കു് ഉന്നതസ്ഥാനവില കല്‍പിക്കുന്ന ഭാരതത്തില്‍ അദ്ധ്വാനിക്കാന്‍ ആഗ്രഹിക്കാത്ത കുറേ വിശുദ്ധമടിയന്മാര്‍ അദ്ധ്യാത്മികതയെ ഉപജീവനമാര്‍ഗ്ഗമാക്കാന്‍ ശുദ്ധഗതിക്കാരായ പാവങ്ങളുടെ സന്മനസ്സിനെ കരുവാക്കുന്നു, അത്രതന്നെ! “പരാതിയുള്ളിടത്തേ ന്യായാധിപനുള്ളു” എന്നതിനാല്‍ ഈ വ്യവസായം തലമുറകളായി നിര്‍വിഘ്നം പുരോഗമിക്കുന്നു. അന്താരാഷ്ട്രസമൂഹത്തിനുമുന്നില്‍ ഭാരതത്തെ അവജ്ഞാപാത്രമാക്കുന്ന ഇതുപോലുള്ള നികൃഷ്ടതകള്‍ ഭാരതീയസംസ്കാരമാണെന്നു് മനസ്സിലാക്കിവച്ചിരിക്കുന്ന സാമൂഹികനേതൃത്വത്തില്‍നിന്നും ആശിര്‍വാദമല്ലാതെ പരാതി ഉണ്ടാവുമെന്നു് കരുതുന്നതെങ്ങനെ?

കപിലമുനിയുടെ ശാപമേറ്റു് ചാരമായിത്തീര്‍ന്ന തന്റെ പിതൃക്കളായ സഗരപുത്രന്മാരുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ജലത്തിനു് വേണ്ടിയാണു് ഭഗീരഥന്‍ ദീര്‍ഘകാലത്തെ കഠിനമായ തപസ്സിലൂടെ ഗംഗയേയും പിന്നീടു് ശിവനേയും പ്രസാദിപ്പിച്ചു് ഗംഗാനദിയെ ഭൂമിയിലേക്കു് ആനയിച്ചതു് എന്നു് കേട്ടിട്ടുണ്ടു്. അതിനു് അദ്ദേഹം ടൂറിസ്റ്റുകള്‍ സംഘംസംഘമായി എത്തുന്ന ഏതെങ്കിലും നാല്‍ക്കവലയില്‍ സ്റ്റേജ്‌ കെട്ടുകയും കാഴ്ച്ചക്കാരെ ക്യാന്‍വാസ്‌ ചെയ്യുകയും ചെയ്തിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, കഠിനമായ തപസ്സുകൊണ്ടു് ദേവീദേവന്മാരെ പ്രസാദിപ്പിച്ചു് മനുഷ്യനന്മ കൈവരിക്കാന്‍ കഴിഞ്ഞിരുന്ന കാലം പണ്ടേ കഴിഞ്ഞുപോയെന്നും, കഠിനമായ മനുഷ്യപ്രയത്നം കൊണ്ടു് മാത്രമേ ഇക്കാലത്തു് അതു് സാദ്ധ്യമാവൂ എന്നും സാമാന്യബോധമുള്ള ഇന്നത്തെ മനുഷ്യര്‍ അറിഞ്ഞിരിക്കുന്നതില്‍ തെറ്റില്ല എന്നാണു് എനിക്കു് തോന്നുന്നതു്.

 

Tags: , ,

2 responses to “ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 9

 1. മുക്കുവന്‍

  Sep 14, 2007 at 04:14

  kollam

   
 2. c.k.babu

  Sep 15, 2007 at 12:36

  മുക്കുവാ, നന്ദി.

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: