RSS

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 7

04 Sep

ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂര്‍ണ്ണത, നിരന്തരമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തില്‍ പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുക എന്നതു് ആ പ്രപഞ്ചത്തിനുള്ളിലോ, അതിനു് ബാഹ്യമായോ യുക്തിസഹമായി സങ്കല്‍പ്പിക്കുക സാദ്ധ്യമല്ല. പരിവര്‍ത്തനമാണു് ഏതൊരു പ്രവര്‍ത്തനത്തിന്റേയും പരിണതഫലം. പരിവര്‍ത്തനത്തിന്റെ അടിസ്ഥാനസ്വഭാവമാണു് ഒരു മുന്‍പും, ഒരു പിന്‍പും. അവയില്ലാത്ത പരിവര്‍ത്തനത്തിനു് യാതൊരു അര്‍ത്ഥവുമില്ല. പരിണമിച്ച, അഥവാ പുതിയ അവസ്ഥ പ്രവര്‍ത്തകനില്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും അവനില്‍ പഴയതില്‍ നിന്നും ഭിന്നമായ ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. പരിണാമം അസാദ്ധ്യമായ ഒരു ശാശ്വതസമ്പൂര്‍ണ്ണതയില്‍ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്, യുക്തിഹീനമാണു്.

അതുപോലെതന്നെ, ചലനാത്മകമായ, അഥവാ പരിണാമവിധേയമായ ഒരു സമ്പൂര്‍ണ്ണത, ഒരു ആത്യന്തികത, അതില്‍ത്തന്നെ ഒരു വൈരുദ്ധ്യമാണു്. കാരണം, ഒത്തുനോക്കാന്‍ കഴിയുന്ന മറ്റൊരു മൂല്യം ഇല്ലാത്തിടത്തോളം ഏതെങ്കിലുമൊരു വസ്തുവിന്റെ പരിണാമത്തിനു് ഒരുവിധ അര്‍ത്ഥവുമില്ല. മറ്റൊരു മൂല്യവുമായി ബന്ധപ്പെടുത്തി മാത്രമേ പരിവര്‍ത്തനം എന്ന പ്രതിഭാസത്തേപ്പറ്റി ചിന്തിക്കാനാവൂ. പരിവര്‍ത്തനവിധേയമായ ഏതൊരു മൂല്യവും പൂര്‍ണ്ണമോ, അപൂര്‍ണ്ണമോ ആയ മറ്റൊരു മൂല്യത്തിന്റെ, മറ്റൊരു മാനദണ്ഡത്തിന്റെ നിലനില്‍പ്പു് സാക്ഷീകരിക്കുന്നു. സംബന്ധമായവ സമ്പൂര്‍ണ്ണമാവുകയില്ല. അതായതു്, ചലനാത്മകതയ്ക്കു് ഒരിക്കലും സമ്പൂര്‍ണ്ണതയോ ആത്യന്തികതയോ അവകാശപ്പെടാന്‍ കഴിയുകയില്ല.

പരിഗണനകളിലെ അവഗണന ഒഴിവാക്കാന്‍ വേണ്ടി മൂന്നാമതൊരു സാദ്ധ്യത, അതായതു്, ഈ രണ്ടു് ഗുണങ്ങളും – ശാശ്വതനിശ്ചലതയും, ചലനാത്മകതയും – ഉള്‍ക്കൊള്ളുന്ന ഒരു ദ്വൈതഭാവം പ്രപഞ്ചവുമായി പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു എന്നു് ചിന്തിക്കുന്നതുതന്നെ അസംബന്ധമാണു്. കാരണം, ഒരേസമയം നില്‍ക്കാനും ഓടാനും കഴിയുമെന്നു് പറയുന്നതിനു് തുല്യമായിരിക്കുമതു്.

ലോര്‍ഡ്‌ ബെര്‍ട്ട്‌റാന്‍ഡ്‌ റസ്സല്‍ പറയുന്നപോലെ, ഭാഷാപരവും, യുക്തിപരവുമായ രണ്ടു് വ്യത്യസ്ഥതലങ്ങളുടെ സമന്വയശ്രമം മൂന്നാമതൊരു തലത്തെ അനിവാര്യമാക്കിത്തീര്‍ക്കും എന്നതിനാല്‍, അതുകൊണ്ടു് മനുഷ്യനു് ഒന്നും നേടാനാവില്ല.

ദൈവം യഥാര്‍ത്ഥത്തില്‍ എല്ലാം തികഞ്ഞ, എന്തും ചെയ്യാന്‍ കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയോ? ദൈവത്തിന്റെ സര്‍വ്വശക്തിയെ പരിശോധിക്കാന്‍ സാത്താന്‍ ഒരിക്കല്‍ ഒരു ചോദ്യവുമായി ദൈവത്തിനുമുന്‍പില്‍ എത്തിയ, മദ്ധ്യകാലങ്ങളില്‍ രൂപമെടുത്ത ഒരു കഥ ചിലരെങ്കിലും കേട്ടിരിക്കും. തനിക്കുതന്നെ എടുത്തുപൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവത്തിനു് കഴിയുമോ എന്നതായിരുന്നു ചോദ്യം. സ്വയം നിര്‍മ്മിച്ച പാറക്കല്ലിനെ എടുത്തുപൊക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവം സര്‍വ്വശക്തനല്ലെന്നു് വരും. എടുത്തുപൊക്കാന്‍ കഴിഞ്ഞാല്‍ കല്ലിനെ വേണ്ടത്ര വലിപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയാത്തതുകൊണ്ടും സര്‍വ്വശക്തനല്ലെന്നു് വരും. ദൈവത്തിന്റെ സര്‍വ്വശക്തിയെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ പര്യാപ്തമായ ഈ കഥതന്നെ സാത്താന്റെയല്ല, മനുഷ്യരുടെ തലച്ചോറില്‍ രൂപമെടുത്തതാണെന്നോര്‍ക്കുക.

ദീര്‍ഘകാലത്തെ ശീലം മൂലം അവയെ ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന ഭയമായി മാറുന്ന തത്വസംഹിതകള്‍ പണ്ടെന്നോ (അന്നത്തെ യാഥാസ്ഥിതികരുടെ ദൃഷ്ടിയില്‍!) സര്‍വ്വശക്തിയും ഉപയോഗിച്ചു് എതിര്‍ത്തു് നശിപ്പിക്കേണ്ടതായി കരുതപ്പെട്ടിരുന്ന നവീനമായ ആശയങ്ങളായിരുന്നു. ഒരിക്കലും കേടാവുകയില്ലെന്ന ഉറപ്പോടെ ഉപ്പിലിട്ടു് സൂക്ഷിക്കപ്പെടുന്ന ഉത്പതിഷ്ണുതയാണു് കാലപ്പഴക്കം കൊണ്ടു് യാഥാസ്ഥിതികതയായി മാറുന്നതു്! കാലാകാലങ്ങളില്‍ ഈ കല്‍ഭരണികള്‍ തല്ലിപ്പൊട്ടിച്ചാല്‍ മാത്രമേ ഉള്ളടക്കം പുഴുവീണു് നാറിത്തുടങ്ങിയ വിവരം അറിയാന്‍ കഴിയൂ. നിലവിലിരിക്കുന്ന സാമൂഹികവ്യവസ്ഥിതികളെ വിമര്‍ശനബുദ്ധിയോടെ അപഗ്രഥിക്കാതെ നവീകരണത്തിന്റെ ആവശ്യം തിരിച്ചറിയാന്‍ കഴിയുന്നതെങ്ങനെ? താന്‍ ആത്യന്തികമെന്നു് വിശ്വസിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അതേപടി അംഗീകരിക്കണമെന്നു് നിര്‍ബന്ധം പിടിക്കാന്‍ ആര്‍ക്കെന്തു് അവകാശം? ഒരുവന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെയോ, ഉള്‍പ്പെടുന്ന മതത്തിന്റെയോ, പിന്‍തുടരുന്ന രാഷ്ട്രീയചിന്താഗതികളുടെയോ അടിസ്ഥാനത്തിലാവരുതു് അവന്റെ ജീവന്റെ വില നിശ്ചയിക്കപ്പെടുന്നതു്. ജീവനും ജീവിതവുമായി ബന്ധപ്പെട്ട ഏതു് കാര്യത്തിലും അന്തിമമായ തീരുമാനം എടുക്കാനുള്ള അവകാശം, മനുഷ്യത്വമെന്നതു് തങ്ങള്‍ക്കു് മനസ്സിലാവാത്ത ഒരു അന്യഭാഷാപദമായി കരുതാത്ത നിഷ്പക്ഷമതികളുടേതായിരിക്കണം. ഒരു ദൈവത്തിന്റെ അഭിപ്രായമോ, അനുവാദമോ, ആശിര്‍വാദമോ അതിനു് ആവശ്യമാണെന്ന വിശ്വാസത്തിനു് യുക്തിസഹമായ ഒരടിസ്ഥാനവുമില്ല. ഏതു് വിശ്വാസവും അറിയാനുള്ള ആഗ്രഹത്തില്‍നിന്നും, അതിനുള്ള കഴിവുകേടില്‍നിന്നുമുള്ള ഒരുതരം ഒളിച്ചോട്ടമാണു്. അറിയുന്നതു് വിശ്വസിക്കേണ്ട ആവശ്യമില്ല. വിശ്വസിക്കുന്നവന്‍ അവനു് വ്യക്തമായി അറിയാന്‍ കഴിയാത്തതാണു് വിശ്വസിക്കുന്നതു്. അതായതു്, ഏതു് വിശ്വാസവും അന്ധവിശ്വാസമാണു്.

ആധുനികത ആപേക്ഷികമാണു്. പണ്ടു് ആധുനികമായിരുന്നവ ഇന്നു് ആധുനികമായവയ്ക്കുവേണ്ടി വഴി മാറിയേ മതിയാവൂ. ശ്രീബുദ്ധനും, യേശുവും, മാര്‍ക്സും, ഗാന്ധിയുമെല്ലാം അവര്‍ ജീവിച്ച കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. അവരുടെ ആശയങ്ങളിലെ ആധുനികതയാണു് അന്നത്തെ യാഥാസ്ഥിതികരെ അവരുടെ ശത്രുക്കളാക്കി മാറ്റിയതു്. വര്‍ഷങ്ങളിലൂടെ മനഃപാഠമാക്കിയ ഏതാനും സൂത്രവാക്യങ്ങള്‍ക്കു് അതീതമായി ചിന്തിക്കുവാനുള്ള യാഥാസ്ഥിതികതയുടെ കഴിവുകേടുമൂലം അതിനുനേരെ വിരല്‍ ചൂണ്ടുന്നവരെ നിശബ്ദരാക്കുവാന്‍ പരിഹാസവും അവജ്ഞയും എതിര്‍പ്പും വഴി അവര്‍ ആദ്യം ശ്രമിക്കുന്നു. അതു് ഫലപ്രദമാവാതെ വരുമ്പോള്‍ സാധിക്കുമെങ്കില്‍ ശത്രുക്കളുടെ പൂര്‍ണ്ണമായ നശീകരണം ലക്‍ഷ്യമാക്കുന്നു. ഏതു് പുതിയ മതവും, ഏതു് പുതിയ പ്രത്യയശാസ്ത്രവും നിലവിലിരിക്കുന്ന വ്യവസ്ഥിതിയുടെ വിമര്‍ശനവും അതിനെതിരെയുള്ള ആക്രമണവുമായി വിവക്ഷിക്കപ്പെടുന്നതില്‍ തെറ്റില്ല. അതേസമയം, മതസ്ഥാപകരോ, പ്രത്യയശാസ്ത്രങ്ങളുടെ ഉപജ്ഞാതാക്കളോ വിഭാവനം ചെയ്ത ആദര്‍ശങ്ങള്‍ പില്‍ക്കാലങ്ങളില്‍ അവയുടെ പാതകളില്‍ നിന്നും വ്യതിചലിക്കുമെന്നതു് ഒരു ചരിത്രസത്യമാണു്. ആരംഭകാലങ്ങളില്‍ അനുയായികളുടെ അറിവില്ലായ്മ കൃത്യമായി മനസ്സിലാക്കി, ആദര്‍ശങ്ങള്‍ കയ്യിലെടുത്തു്, അവസരോചിതം അര്‍ത്ഥം കല്‍പിക്കുന്ന അധികാരികളുടെ താത്പര്യസംരക്ഷണത്തിനായും, പില്‍ക്കാലങ്ങളില്‍, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്നും അകന്നു് പോകുന്നതുമൂലവും അവ തിരുത്തപ്പെടേണ്ടിവരുന്നു.

ഏതു് വിശ്വാസപ്രമാണവും, ഏതു് പ്രത്യയശാസ്ത്രവും, എന്തിനു്, രൂപവും ഭാവവും നല്‍കി വര്‍ണ്ണിക്കപ്പെടുന്ന ഏതു് ദൈവവും മനുഷ്യനുവേണ്ടി മനുഷ്യനാല്‍ത്തന്നെ രൂപവത്കരിക്കപ്പെട്ടവയാണെന്നതിനാല്‍, മനുഷ്യചേതനയുടെ, അഥവാ മാനവസംസ്കാരത്തിന്റെ വളര്‍ച്ചക്കു് അനുസൃതമായി അവ പുനഃപരിശോധന ചെയ്യപ്പെടണം. ആവശ്യമെങ്കില്‍ തിരുത്തി എഴുതപ്പെടണം. വേണ്ടിവന്നാല്‍ എന്നേക്കുമായി ഉപേക്ഷിക്കപ്പെടണം! അതിനുള്ള അവകാശവും അധികാരവും മാത്രമല്ല, ഒഴിവാക്കാനാവാത്ത ബാദ്ധ്യതയും മനുഷ്യനുണ്ടു്. ഇതു് നിരസിക്കുന്നവര്‍ മാനവരാശിയുടെ വളര്‍ച്ചക്കു് തടസ്സമായി നില്‍ക്കുന്നു. മനുഷ്യനന്മക്കായി പലപ്പോഴും സ്വയം ബലികഴിച്ചുകൊണ്ടു് മനുഷ്യസ്നേഹികളായ ചിലര്‍ കൈവരിച്ച നേട്ടങ്ങള്‍, ആര്‍ക്കുവേണ്ടിയായിരുന്നോ അവരുടെ ബലിയര്‍പ്പണം, അവരെത്തന്നെ ചൂഷണം ചെയ്യാന്‍ ദുരുപയോഗം ചെയ്യുന്നവരാണു് മാറ്റങ്ങള്‍ക്കെതിരായി മുറവിളിയിടുന്നതു്. ഇത്തരക്കാര്‍ക്കു് ഒരു ലക്‍ഷ്യമേയുള്ളു: അന്യതൂവലുകള്‍കൊണ്ടു് അലങ്കരിച്ചു് തങ്ങള്‍ സ്വന്തമാക്കിയ സൗഭാഗ്യങ്ങളില്‍ എന്നാളും കടിച്ചുതൂങ്ങാന്‍ കഴിയുക!

 

Tags: , ,

8 responses to “ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 7

 1. രജീഷ് || നമ്പ്യാര്‍

  Sep 5, 2007 at 07:31

  ഓഫ്-റ്റോപിക്:
  ആദ്യ മൂന്നു ഖണ്ഡികകളോടും(മാത്രം) ശക്തമായി വിയോജിക്കുന്നു.

  കാരണം, ഈ മൂന്നു വാദഗതികള്‍ക്കും സാധുതയുണ്ടാകുന്നത് ഒരു നിക്ഷിപ്ത ‘ഫ്രൈം-ഓഫ്-റെഫറന്‍സില്‍’ മാത്രമാണ്. ഒരു മാക്രോസ്കോപിക് ലെവലില്‍, നമ്മുടെ ‘റപ്രസെന്‍റേഷന്‍സിനു’ വിധേയമായി മാത്രം. പക്ഷേ, പല ഫിസിക്കല്‍ ക്വാണ്‍ടിറ്റികളും അങ്ങനെയല്ല, ഇപ്പൊഴും.

  രണ്ട്, ‘മെഷറബിലിറ്റി’ എന്ന സാധനം അത്രയെളുപ്പം നിര്‍വചിക്കാവുന്നതും സംഗ്രഹിക്കാവുന്നതുമായ ഒന്നല്ല. അതിനാല്‍ തന്നെ ഇതിന്റെ സാധുത വളരെയെളുപ്പം ചോദ്യം ചെയ്യപ്പെടാവുന്ന ഒന്നാകുന്നു.

  മൂന്ന്,
  ഷ്രോഡിംഗര്‍ ക്യാറ്റ് ഇന്നും ഒരു പ്രഹേളികയാണല്ലൊ. ഒരു പാര്‍ട്ടിക്കിള്‍ ഒരേ സമയം കണികാസ്വഭാവവും തരംഗസ്വഭാവവും പ്രകടിപ്പിക്കുന്നുണ്ടല്ലോ.

  അവസാനമായി, ഈ വൈരുദ്ധ്യങ്ങളെല്ലാം ‘പ്രപഞ്ചത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരീശ്വരന്റെ’ അസ്തിത്വം ‘assume’ ചെയ്യുന്നതു കൊണ്ടല്ലെ? അതായത്, നമ്മുടെ വാദഗതികളെല്ലാം നമ്മുടെ ‘അസംപ്ഷനെ’ ആശ്രയിച്ചാണ്. ശരിയല്ലെ?

  [ചില വാക്കുകള്‍ ഇംഗ്ലീഷില്‍ ആയതിനു ക്ഷമിക്കുക, സത്യായിട്ടും അതിനു പറ്റിയ മലയാളം വാക്കുകള്‍ കിട്ടിയില്ല.:-) ]

   
 2. c.k.babu

  Sep 5, 2007 at 11:03

  പ്രിയ രജീഷ്,

  ഒരു വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടു് ആ വ്യവസ്ഥിതിയെ പൂര്‍ണ്ണമായി നിര്‍വ്വചിക്കാനാവില്ല എന്നതു് ശരിതന്നെ. പക്ഷെ, frame of reference (metaphysics-നെ ഒഴിവാക്കുക!) ഒരു പരിധിവരെമാത്രം വിപുലീകരിക്കാനല്ലാതെ, അതിനു് പുറത്തുകടക്കാന്‍ നമുക്കു് സാധിക്കുമോ? ഭൌതികയാഥാര്‍ത്ഥ്യങ്ങള്‍ തന്നെ നമ്മുടെ പിടിയില്‍ ഒതുങ്ങാത്തപ്പോള്‍ അഭൌതികതയും അതിഭൌതികതയും പിടിയില്‍ ഒതുങ്ങുന്നു എന്ന നിസ്സംശയനിലപാടാണു് ഞാനും ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നതു്.(Newtonian physics Einstein-ന്റെ ലോകത്തില്‍ സംഗതമല്ല എന്നതു് നമ്മുടെ ദൈനംദിനയാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നില്ലല്ലോ. ഐന്‍സ്റ്റൈന്റെ
  “ആപേക്ഷികലോകം” തന്നെ ആത്യന്തികമാണെന്നു് ആരുകണ്ടു?)

  മെഷറബിലിറ്റിയെപ്പറ്റി: ലോകത്തിലാദ്യമായി Democritus പ്രപഞ്ചത്തില്‍ atoms-നോടൊപ്പം ശൂന്യതയും (void) ഉണ്ടെന്നു് സ്ഥാപിച്ചതുവഴിയാണല്ലോ geometry-യും kinetics-ഉം സാദ്ധ്യമായിത്തീര്‍ന്നതുതന്നെ. ഒരു അന്തിമലക്‍ഷ്യം മുന്നില്‍ കണ്ടുകൊണ്ടു് പ്രവര്‍ത്തിക്കുന്ന ഒരു intelligent cause Democritus-ന്റെ ഭാവനയിലുണ്ടായിരുന്നില്ല. അളവുകളും തൂക്കങ്ങളും നമ്മുടെ കണ്ടുപിടുത്തങ്ങളാണു്. അവയുടെ പരമമായ സാധുത തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടാം.

  “ഷ്ര്യോഡിങ്ങറുടെ പൂച്ച”യെപ്പറ്റിയുള്ള ചര്‍ച്ച രസകരമാവാം. പക്ഷേ പൂച്ച ചത്തോ, ജീവിക്കുന്നോ എന്ന യാഥാര്‍ത്ഥ്യത്തില്‍ അതുവഴി മാറ്റം വരുന്നില്ല. “നമ്മള്‍ അങ്ങോട്ടു് നോക്കുന്നതുവരെ ഒന്നും യാഥാര്‍ത്ഥ്യമല്ല, നോട്ടം അവസാനിപ്പിക്കുമ്പോള്‍ എല്ലാം യാഥാര്‍ത്ഥ്യമല്ലാതാവുന്നു”. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്കു് കാഴ്ച്ചക്കാരുടെ ആവശ്യമില്ല.

  ഈ വൈരുദ്ധ്യങ്ങളെല്ലാം “നമ്മില്‍നിന്നും” വേറിട്ടുനില്‍ക്കുന്ന ഒരു ഈശ്വരന്റെ അസ്തിത്വം assume ചെയ്യുന്നതുകൊണ്ടാണു്. ഈ വിഷയം ജര്‍മ്മന്‍ തത്വചിന്തകനായ Ludwig Feuerbach Theogonie (ദൈവങ്ങളുടെ ഉത്ഭവം) എന്ന പുസ്തകത്തിലൂടെ വ്യക്തമായി അപഗ്രഥനം ചെയ്യുന്നുണ്ടു്. അതു് ഒരു ബ്ലോഗില്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടു് ഇവിടെ ഒഴിവാക്കുന്നു.

   
 3. രജീഷ് || നമ്പ്യാര്‍

  Sep 5, 2007 at 11:19

  ഭൌതികതയും, അഭൌതികതയും അതിഭൌതികതയും തമ്മില്‍ യഥാര്‍ത്തത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

  തീര്‍ച്ചയായും ആ ബ്ലോഗിനു വേണ്ടി കാത്തിരിക്കുന്നു.

   
 4. c.k.babu

  Sep 5, 2007 at 11:56

  അതൊരു literary exaggeration- ആയി കണക്കാക്കിയാല്‍ മതി. വായിക്കുന്നതിനു് നന്ദി!

   
 5. മൂര്‍ത്തി

  Sep 5, 2007 at 16:36

  വായിക്കുന്നുണ്ട്..

   
 6. c.k.babu

  Sep 7, 2007 at 08:45

  മൂര്‍ത്തി, നന്ദി.

   
 7. സ്കന്ദന്‍

  Sep 19, 2007 at 17:19

  വായിച്ചു, ചിലതെല്ലം മനസ്സിലായി. ഇത്തരം ലേഖനങ്ങള്‍ അറിവു വര്‍ധിപ്പിക്കാന്‍ സഹായിക്കും. പരിണാമത്തിനും പരിവര്‍ത്തനത്തിനും തമ്മില്‍ ചെറിയ അര്‍ത്ഥ വിത്യാസം ഇല്ലെ മാഷെ. ചിലപ്പോള്‍ എന്റെ മണ്ടത്തരമാകാം. പരിണാമം തന്നത്താന്‍ സംഭവിക്കുന്നതും പരിവര്‍ത്തനം ഒരു ബാഹ്യശക്തികൊണ്ടുണ്ടാകുന്നതുമാണെന്നാണ്‌ ഞാന്‍ ധരിച്ചുവെച്ചിരിക്കുന്നത്‌. (ഏന്താണ്‌ ശരി എന്നു സമര്‍ത്ഥിക്കുമല്ലൊ) ചലനാത്മകമായ ലോകത്ത്‌ എന്താണ്‌ മനുഷ്യന്റെ ഇച്ഛാശക്തികൊണ്ട്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നത്‌?

   
 8. c.k.babu

  Sep 19, 2007 at 19:02

  പ്രിയ സ്കന്ദന്‍,
  ആവര്‍ത്തനവിരസത ഒഴിവാക്കാനാണു് ചിലപ്പോള്‍ വാക്കുകള്‍ മാറി ഉപയോഗിക്കുന്നതു്. ഇങ്ങനെയുള്ള വിഷയങ്ങളില്‍ മലയാളത്തിനു് പരിമിതിയുണ്ടെന്നു് അറിയാമല്ലോ. ഇവിടെ ഞാന്‍ പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആശയത്തെ പക്ഷേ അതു് അധികം ബാധിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. അരിസ്റ്റോട്ടിലിന്റെ സ്വയം ചലിക്കാതെ ചലിപ്പിക്കുന്ന പ്രപഞ്ചനിയന്ത്രക ശക്തിയുടെ കീഴിലെ ആദ്യ-, അന്ത്യഅവസ്ഥകളാണു് ഞാന്‍ സൂചിപ്പിക്കാന്‍ ആഗ്രഹിച്ചതു്.
  വായിച്ചതിനു് നന്ദി!

   
 
%d bloggers like this: