RSS

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 2

16 Aug

കുളിയും ജപവും ഇല്ലാതെ പൊടിയില്‍ പൊതിഞ്ഞു് പൊരിയുന്ന മരുഭൂമിസമൂഹങ്ങളില്‍, ഒരു പുതിയ ജീവിതാരംഭത്തിനു് മുന്നോടിയായി, ഒരു ആന്തരനവീകരണത്തിനു് തുടക്കം കുറിക്കലായി ഒരു കുളി, ഒരു മാമോദീസ, ഒരു ബാഹ്യശുചീകരണം തികച്ചും ആശാസ്യമാണു്. നവ്യമായ ഒരു ആരംഭം അതുവഴി സാധിച്ചാലും ഇല്ലെങ്കിലും, വിയര്‍പ്പിന്റെയും മറ്റു് ശാരീരികമാലിന്യങ്ങളുടെയും ദുര്‍ഗ്ഗന്ധം അകറ്റാന്‍ ഒരു കുളി തീര്‍ച്ചയായും സഹായകമാവും. പക്ഷേ, പുഴകളും കുളിക്കടവുകളും അരുവികളും ആമ്പല്‍പൊയ്കകളും നിറഞ്ഞ കേരളത്തില്‍, നിത്യേനയുള്ള മുങ്ങിക്കുളി ഒരു സ്വാഭാവികചടങ്ങായ മലയാളക്കരയില്‍ ഇങ്ങനെയൊരു ഏര്‍പ്പാടിന്റെ ആവശ്യം അവ്യക്തമാണു്. സായിപ്പിന്റെ നാട്ടില്‍നിന്നും വിളവു് സംരക്ഷിക്കുന്നതിനായി കേരളകര്‍ഷകരെ തേടിയെത്തിയ കീടനാശിനികള്‍ കൈത്തോടുകളിലും നെല്‍പ്പാടങ്ങളിലും സുലഭമായിരുന്ന ചെറുമീനുകളേയും, ഞവണി-ഞണ്ടു്-ഞാഞ്ഞൂലുകളെയും ഒന്നടങ്കം കൊന്നൊടുക്കികൊണ്ടു് കുടിവെള്ളത്തില്‍ വരെ വിഷം കലര്‍ത്താന്‍ തുടങ്ങാതിരുന്ന അക്കാലത്തു് പ്രത്യേകിച്ചും! കീടനാശിനികളും രാസവളങ്ങളും കൈകോര്‍ത്തുപിടിച്ചു് വര്‍ദ്ധിപ്പിച്ച വിളവിന്റെ വിലയിലേറെയും കീടനാശിനിക്കമ്പനികളിലേക്കും, യന്ത്രനിര്‍മ്മാണശാലകളിലേക്കും മറ്റും ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ അതിനനുസൃതമായി സായിപ്പിന്റെ നാണയങ്ങളുടെ മൂല്യവില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. അതോടൊപ്പം, കേരളീയന്റെ പഴയകാലത്തെ നാണയമായിരുന്ന കാലണകളിലും കടലാസു് രൂപകളിലും മാത്രമല്ല, കഞ്ഞിക്കലങ്ങളില്‍ പോലും ഓട്ടകള്‍ വീഴുകയുമായിരുന്നു. അതേസമയം, സമൂഹത്തിലെ ചോരുന്ന ദ്വാരങ്ങള്‍ കാണാനും ഭാരതീയനെ സ്വയംപര്യാപ്തമാക്കാന്‍ തക്കതായ പ്രായോഗികനടപടികള്‍ സ്വീകരിക്കാനും ബാദ്ധ്യസ്ഥമായ രാഷ്ട്രീയനേതൃത്വം ഇറക്കുമതിചെയ്യപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ അന്ധമായി, ഒന്നിനൊന്നു് എന്ന തോതില്‍, അനുകരിച്ചുകൊണ്ടു് പണ്ടേതന്നെ അജ്ഞരും അന്ധവിശ്വാസികളുമായ അനുയായികളെ കവലകളില്‍ കുത്തിയിരുന്നു് സമരം ചെയ്യുന്നതും സത്യാഗ്രഹം അനുഷ്ഠിക്കുന്നതുമാണു് പൗരധര്‍മ്മം എന്നു് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാരതീയരുടെ അസംസ്കൃതപദാര്‍ത്ഥങ്ങളും, അദ്ധ്വാനഫലങ്ങളും നിസ്സാരവിലയ്ക്കു് വാങ്ങുകയും, അവരുടെ സംസ്കൃത ഉത്‌പന്നങ്ങള്‍ ഭാരതീയനു് പൊന്നുംവിലയ്ക്കു് വില്‍ക്കുകയും ചെയ്തുകൊണ്ടു് അന്യരാജ്യങ്ങള്‍ സമൃദ്ധിയില്‍നിന്നും സമൃദ്ധിയിലേക്കു് ഉയര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അതറിയാത്തതായി ഭാവിച്ചു് അതിനു് കൂട്ടുനില്‍ക്കുകയായിരുന്നു. ഗണിതശാസ്ത്രത്തിലും വാനശാസ്ത്രത്തിലും സാഹിത്യത്തിലും കലകളിലുമെല്ലാം ഉന്നതനിലവാരം കൈവരിച്ച ഒരു ജനവിഭാഗം കവടിനിരത്താനും, കൈനോക്കാനും ആരംഭിച്ചു് നികൃഷ്ടതയിലെക്കു് കുതിച്ചുകൊണ്ടിരുന്നപ്പോള്‍ അതു് കണ്ടില്ലെന്നു് നടിക്കുകയായിരുന്നു. മനുഷ്യനെ മനുഷ്യത്വത്തിലേക്കും, പരസ്പരബഹുമാനത്തിലേക്കും, സഹിഷ്‌ണുതയിലേക്കും കൈപിടിച്ചു് നടത്തേണ്ടുന്ന മതനേതൃത്വമാകട്ടെ, ഹിന്ദുമതത്തിനും ബുദ്ധമതത്തിനും ജൈനമതത്തിനും സിക്കുമതത്തിനും ജന്മം നല്‍കിയ ഒരു ഉപഭൂഖണ്ഡത്തില്‍, തമസോമാ ജ്യോതിര്‍ഗ്ഗമയാ എന്ന സാര്‍വ്വലൗകികമന്ത്രാലാപം കേട്ടുണര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ സ്വത്വത്തെ അവഗണിച്ചുകൊണ്ടു് സ്വന്തം സമൂഹത്തിന്റെ അന്തസത്തയെ, ആത്മാവിനെ അന്യാധീനപ്പെടുത്തുകയായിരുന്നു. സ്വന്തമായവയിലെ പരിമിതികള്‍ പരിഹരിക്കുന്നതിനും നവീകരിക്കുന്നതിനും പകരം ഭാരതീയന്റെ തനിമയെ വിദേശമേല്‍ക്കോയ്മക്കു് അടിയറവയ്ക്കുകയായിരുന്നു. അര്‍ഹതയില്ലാത്തവന്റെ അധികാരത്തിനു് കീഴ്പ്പെടുന്നതിനേക്കാള്‍ ഹീനമായി മറ്റെന്തെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യനു് സംഭവിക്കാവുന്നതായി ഉണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, ചിന്താശേഷിയില്ലാതാക്കിത്തീര്‍ത്ത ഒരു ജനവിഭാഗത്തിനു്, മതങ്ങളും രാഷ്ട്രീയവും ഒത്തൊരുമിച്ചു് അന്തസ്സും വ്യക്തിത്വവും നശിപ്പിച്ച ഒരു സമൂഹത്തിനു്, അജ്ഞത ദൈവനിശ്ചയമാണെന്നു് പഠിപ്പിച്ചുവച്ചിരിക്കുന്നതുമൂലം അക്ഷരവിരോധികളായി മാറിയ കുറേ അടിമമാനസര്‍ക്കു് അതു് മനസ്സിലാവുകയില്ല. അജ്ഞത കര്‍മ്മഫലമായി അംഗീകരിക്കപ്പെടുന്നിടത്തു് അവബോധനം അസാദ്ധ്യമായിരിക്കും. ബോധവല്‍ക്കരണം അവിടെ ദൈവദൂഷണമായേ മനസ്സിലാക്കപ്പെടുകയുള്ളു. അവിടെ മനുഷ്യര്‍ ദൈവനാമത്തില്‍ കല്ലെറിയപ്പെടുന്നു; മതങ്ങള്‍ക്കുവേണ്ടി മനുഷ്യനും, മനുഷ്യത്വവും കുരിശിലേറ്റപ്പെടുന്നു, കുരുതികഴിക്കപ്പെടുന്നു. അതു് പക്ഷേ മറ്റൊരു കഥ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതുകൊണ്ടാവാം പള്ളിയിലെ പരിശുദ്ധസിംഹാസനാസനസ്ഥരായ നരശാര്‍ദ്ദൂലന്മാരുടെ ഈവിധ ഗോഷ്ടികള്‍ക്കു് എന്നെ വിധേയനാക്കുവാന്‍ ഒരുപക്ഷേ എന്റെ മാതാപിതാക്കള്‍ സന്നദ്ധരായതു്. ഇതെല്ലാം യഹോവയായ ദൈവം കല്‍പിച്ചതാണെന്ന പൊതുവിശ്വാസവും, ഇവയൊഴിവാക്കിയാല്‍ സമുദായത്തില്‍നിന്നും ഒഴിവാക്കപ്പെടുമെന്നും ഒറ്റപ്പെടുമെന്നുമുള്ള ഭയവുമൊക്കെ വായടച്ചുകൊണ്ടു് മറ്റുള്ളവരുടെ കൂട്ടത്തിലോടാനുള്ള പ്രേരണയുടെ പിന്നിലെ ചേതോവികാരങ്ങളായിരുന്നിരിക്കാം. പലപ്പോഴും ഇതുപോലുള്ള കാര്യങ്ങള്‍ മനുഷ്യരെ കാര്യമായി അലട്ടാറേയില്ല എന്നതാണു് കൂടുതല്‍ ശരിയെന്നു് തോന്നുന്നു. സമുദായത്തില്‍ പരാതി ഉണ്ടാവാത്തവിധത്തില്‍ കര്‍മ്മങ്ങള്‍ നടന്നിരിക്കണം. ചട്ടങ്ങളും വട്ടങ്ങളും നിറവേറ്റപ്പെട്ടിരിക്കണം, അത്രതന്നെ! (വര്‍ഗ്ഗപരമായി വായാടികളും, അധികപങ്കും ദോഷൈകദൃക്കുകളുമായ അയല്‍വാസികളെ തൃപ്തിപ്പെടുത്താന്‍ എന്തെന്തു് കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ മനുഷ്യന്‍ തയ്യാറാവുകയില്ല?) തലമുറകളായി പകര്‍ന്നുകൊടുക്കപ്പെട്ട കീഴ്‌വഴക്കങ്ങള്‍ ആവര്‍ത്തനം കൊണ്ടു് സ്വാഭാവികതയായി മാറുമ്പോള്‍ അവയെ ഒരു പുനര്‍വിചിന്തനത്തിനു് വിധേയമാക്കേണ്ടതിന്റെ ആവശ്യം ഉണ്ടാവുന്നതെങ്ങനെ? എന്തിനു്? ആവര്‍ത്തനവിരസത എന്നതു് മതപരമായ കാര്യങ്ങള്‍ക്കു് ബാധകമല്ല. സാക്ഷാല്‍ ദൈവം‍ നേരിട്ടു് കല്പിച്ച വിശ്വാസപ്രമാണാചാരാനുഷ്ഠാനങ്ങളില്‍ ആവര്‍ത്തനം മൂലമായാലും വിരസത അനുഭവപ്പെടുക എന്നതു് ദൈവദൂഷണമാണു്, നിരീശ്വരവാദത്തിനു് തുല്യമാണു്. ഒരു മതവിശ്വാസിക്കു് അങ്ങനെ ചിന്തിക്കാന്‍ പോലും അനുവാദമില്ല. ചര്‍വ്വിതചര്‍വ്വണം മതാനുശാസനം! ആയിരക്കണക്കിനു് വര്‍ഷങ്ങളായി ചവച്ചുചവച്ചു് കുരടു് പുണ്ണായി മാറിയിട്ടും, മടിയോ ക്ഷീണമോ മനംപിരട്ടലോ തോന്നാതെ മനുഷ്യകോടികള്‍ ഇന്നും ചവയ്ക്കുന്നു. വായില്‍ തലങ്ങും വിലങ്ങുമിട്ടു് ചവയ്ക്കുന്നതു് ചപ്പോ ചവറോ ചാണപ്പീരയോ എന്നു് ചിന്തിക്കാനോ അറിയാനോ ഉള്ള താല്‍പര്യമോ തന്റേടമോ കാണിക്കാന്‍ കഴിയാതെ രാപ്പകല്‍ അനുദിനം നിരന്തരം ചവച്ചു് വിഴുങ്ങി ആത്മനിര്‍വൃതി അടയുന്ന വിശ്വാസിവൃന്ദം! ഒഴുക്കിന്റെ ഉത്ഭവത്തിലേക്കുള്ള വഴി ഒഴുക്കിനെതിരെ ആവാനേ കഴിയുകയുള്ളു എന്നതിനാല്‍, അറിവിന്റെ ഉറവ തേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഒഴുക്കിനെതിരെ നീന്താതെ നിവൃത്തിയില്ല. തടസ്സങ്ങളും എതിര്‍പ്പുകളും നേരിടാനുതകുന്ന നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമില്ലാത്തവര്‍ക്കു് അതു് സാദ്ധ്യമാവുകയുമില്ല. അതേസമയം, കൂട്ടത്തിലൊഴുകാന്‍ തയ്യാറാവുന്നവര്‍ക്കു് ജീവിതം ഒരു പരിധിവരെയെങ്കിലും എളുപ്പമാണുതാനും. ചത്ത മീനുകളും ഒഴുകുകയാണു്, നീന്തുകയല്ല. അനുയായികളെ ഒഴുക്കിനൊപ്പം ഒഴുകാന്‍ നിര്‍ബന്ധിക്കുകയും, ഒഴുക്കിനെതിരെയുള്ള നീന്തല്‍ നിരോധിക്കുകയും ചെയ്യുന്ന മേലാളന്മാര്‍ മറ്റാരോ കൈവരിച്ച നേട്ടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു് സ്വന്തജീവിതം സുഖപ്രദമാക്കാന്‍ ശ്രമിക്കുന്നവരാണു്.

പരീക്ഷയുടെ വേലി സൂത്രത്തില്‍ കടക്കാന്‍ സഹായിക്കുന്ന കേരളവിദ്യാലയങ്ങളിലെ ഗൈഡുകള്‍ പോലെ, ഭൂമിയില്‍ ദൈവാനുഗ്രഹം ഉറപ്പുവരുത്തുവാന്‍ മാത്രമല്ല, മരിച്ചാലും ജീവിക്കുവാന്‍, അഥവാ മരണാനന്തരം സ്വര്‍ഗ്ഗത്തിലെത്തി ദൈവസന്നിധിയില്‍ എന്നെന്നേക്കുമായി ഒരുക്കപ്പെട്ട തീന്‍മേശക്കു് ചുറ്റുമിരുന്നു് (വായും വയറുമൊന്നുമില്ലെങ്കിലും!) തിന്നും കുടിച്ചും തൃപ്തിയാകുവാന്‍വരെ സഹായിക്കുന്ന റെഡിമെയ്ഡ്‌ തന്ത്രങ്ങള്‍ ആത്മീയസ്ഥാപനങ്ങളിലും ലഭ്യമാണു്. ഉറച്ച വിശ്വാസം വേണമെന്ന ഒരു നിബന്ധനയേ ഉള്ളു. മതങ്ങളുടെ നിലനില്‍പ്പു് തന്നെ ഇങ്ങനെയുള്ള ഒറ്റമൂലികളുടെ വില്‍പനയില്‍ അധിഷ്ഠിതമാണു്. ഭൂരിപക്ഷം മനുഷ്യരും ഭയം മൂലവും എളുപ്പത്തിന്റെ പേരിലും ആത്മീയഗൈഡുകള്‍ വിലയ്ക്കുവാങ്ങി ജീവിതം അനായാസമാക്കുവാന്‍ ശ്രമിക്കുന്നു. എതിര്‍ത്താല്‍ പുറത്തു്! സംശയിച്ചാല്‍ വിലക്കു്! പൗരോഹിത്യമേധാവികളായ അര്‍ദ്ധദൈവങ്ങള്‍ കല്‍പിക്കുന്നു: “ഇതാണു് ശരി! ഇതുമാത്രമാണു് ശരി!” ദൈവമക്കള്‍ മറുചോദ്യമില്ലാതെ അനുസരിക്കുന്നു. ഇടയര്‍ വടിയോങ്ങുന്നു, കുഞ്ഞാടുകള്‍ വായ്പൊത്തുന്നു. ഹവ്വാ നല്‍കുന്നു, ആദാം തിന്നുന്നു. അന്നത്തേതുപോലെതന്നെ ഇന്നും. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാര്യങ്ങളുടെ ഗതിവിഗതികള്‍ വീക്ഷിക്കുമ്പോള്‍ ഈ അടുത്ത കാലത്തെങ്ങും വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന നേരിയ പ്രതീക്ഷയുടെ പോലും ആവശ്യവുമില്ല – ചുരുങ്ങിയപക്ഷം മതപരമായ കാര്യങ്ങളിലെങ്കിലും. ആകാശത്തിന്റെ ഔന്നത്യങ്ങളില്‍ വരെ മുഴങ്ങി പ്രതിഫലിക്കുന്ന വിധത്തില്‍ ആടിക്കൊട്ടിപ്പാടിപ്പുകഴ്ത്തപ്പെടുന്ന കറപുരളാത്ത ദൈവസ്നേഹത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയുമൊക്കെ യഥാര്‍ത്ഥനിറം അറിയണമെങ്കില്‍ തങ്ങളുടെ പ്രവൃത്തികള്‍ക്കു് ദൈവത്തിന്റെ അനുവാദവും ആശിര്‍വാദവും അവകാശപ്പെടുന്ന ഇടയപ്രമുഖരുടെ പഠിപ്പിക്കലുകളില്‍ സംശയം പ്രകടിപ്പിച്ചാല്‍ മതി. സ്വതന്ത്രമായി ചിന്തിക്കാന്‍ ധൈര്യപ്പെട്ട പ്രതിഭാശാലികളെ ജീവനോടെ ചുട്ടെരിക്കാന്‍ ദൈവസ്നേഹം പ്രസംഗിക്കുന്ന ക്രിസ്തുമതമേധാവിത്വം മദ്ധ്യകാലങ്ങളില്‍ യൂറോപ്പില്‍ ഒരുക്കിയ ചിതകളിലെ അഗ്നി ഇന്നും പൂര്‍ണ്ണമായും എരിഞ്ഞടങ്ങിയിട്ടില്ല. ആ ചിതകള്‍ക്കു് തീ കൊളുത്തിയവര്‍ ആരെന്നുപോലും ആരെങ്കിലും ഇന്നു് ഓര്‍മ്മിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, അവയില്‍ വെന്തെരിയേണ്ടിവന്ന മഹാത്മാക്കള്‍ ലോകത്തിനു് കാഴ്ചവച്ച ബൗദ്ധികദീപശിഖകള്‍ മനുഷ്യരാശിയുടെ വിജ്ഞാനവീഥികളിലെ അനശ്വരമായ വഴികാട്ടികളായി മാറുകയായിരുന്നു. എങ്ങനെയോ അധികാരത്തിലെത്തിയ ഏതാനും ചിലര്‍ സ്വാര്‍ത്ഥതാല്‍പര്യസംരക്ഷണത്തിനു് ഉതകുംവിധം ചരിത്രഗതിയെ നിയന്ത്രിക്കുവാന്‍ ദൈവനാമം ദുരുപയോഗം ചെയ്തിട്ടുള്ളതല്ലാതെ, അവരുടെ പ്രവൃത്തികള്‍ക്കു് ദൈവികപിന്‍തുണ അവകാശപ്പെട്ടിട്ടുള്ളതല്ലാതെ, ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇന്നോളം ലോകത്തില്‍ ഒരു കാര്യത്തിലും സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല.

ആത്മീയ ഇടയന്മാര്‍ വിശ്വാസികളായ അവരുടെ അനുയായികളെ കുഞ്ഞാടുകള്‍ എന്ന ഓമനപ്പേര്‍ നല്‍കി വിളിക്കുന്നു. ആത്മീയമായും ഭൗതികമായും പക്ഷേ അവര്‍ ഇന്നോളം കുഞ്ഞാടുകളല്ല, ബലിയാടുകള്‍ മാത്രമായിരുന്നു. തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നു് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം അവര്‍ എന്നും ബലിമൃഗങ്ങള്‍ ആയിരിക്കുകയും ചെയ്യും. തന്മൂലം, മനുഷ്യരില്‍ തിരിച്ചറിവിനുള്ള ശേഷി വളരാതിരിക്കേണ്ടതു് മതങ്ങളുടെ നിലനില്‍പ്പിനു് അനിവാര്യമാണു്. മനുഷ്യജ്ഞാനം മതകണ്ഠകോടാലി! അറിവു് തേടാനുള്ള മനുഷ്യരുടെ ഏതൊരു ശ്രമത്തിലും മതങ്ങളുടെ മരണമണിമുഴക്കമാണു് മറഞ്ഞിരിക്കുന്നതു്. അതിനാല്‍ മനുഷ്യന്‍ എന്നാളും അജ്ഞതയുടെ അന്ധകാരത്തില്‍ കഴിയണം. മനുഷ്യനു് വേണ്ടതു് ദൈവജ്ഞാനം മാത്രം! ദൈവജ്ഞാനം എന്നാല്‍ പുരോഹിതജ്ഞാനമെന്നര്‍ത്ഥം. ദൈവത്തിന്റെ അറിവും, ആഗ്രഹവുമെന്തെന്നു് കൃത്യമായി അറിയുന്നവനാണല്ലോ പുരോഹിതന്‍! മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍: പുരോഹിതന്‍ പറയുന്നതു് അക്ഷരം പ്രതി ദൈവവചനങ്ങളാണു്. ദൈവത്തിനു് തെറ്റുപറ്റുകയില്ല എന്നതിനാല്‍ പുരോഹിതനും തെറ്റുപറ്റുകയില്ല. തെറ്റുപറ്റാത്തിടത്തു് സംശയങ്ങള്‍ക്കു് സ്ഥാനമില്ല. എന്നിട്ടും സംശയിക്കാനോ, ചോദ്യം ചെയ്യാനോ ധൈര്യപ്പെടുന്നവന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. മാതൃകാപരമായി എന്നാല്‍ ക്രൂരമായി എന്നര്‍ത്ഥം. പുരോഹിതനെ ചോദ്യം ചെയ്യുന്നവന്‍ ദൈവത്തെയാണു് ചോദ്യം ചെയ്യുന്നതു്. അതിനു് ഭാവിയില്‍ ആരും ധൈര്യപ്പെടാതിരിക്കണമെങ്കില്‍ കുറ്റവാളി ക്രൂരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ മാത്രമേ മനുഷ്യനെ ഇച്ഛാശക്തി നശിപ്പിച്ചു് നിശ്ശബ്ദബലിയാടുകളാക്കി മാറ്റുവാന്‍ കഴിയൂ. ജീവനോടെ തൊലിയുരിയലും ചിതയിലെറിയലും വരെ ഒരുകാലത്തു് ഈ ശിക്ഷയുടെ ഭാഗങ്ങളായിരുന്നു! ചോദിക്കാനാരുമില്ലെന്നു് വന്നാല്‍ അതുപോലെയോ, അതിലധികമായോ, നിര്‍മ്മലരായ മനുഷ്യരെ പോലും ശിക്ഷിച്ചു് നിശബ്ദരാക്കാന്‍ മടിക്കാത്ത മതനേതാക്കള്‍ മാത്രമല്ല, മറ്റു് പലതരം നേതാക്കളും ഇന്നും സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വിരളമല്ല. വായ്‌ തുറന്നാല്‍ തങ്ങള്‍ക്കു് അസുഖദായകരായിത്തീര്‍ന്നേക്കാമെന്നു് തോന്നുന്നവരെ നിശബ്ദരാക്കുവാന്‍, ദ്രോഹിച്ചും പീഡിപ്പിച്ചും വേണ്ടിവന്നാല്‍ കൊന്നു് കിണറ്റിലെറിഞ്ഞും സ്വന്തം അധികാരവും പദവിയും രക്ഷപെടുത്തി സാര്‍വ്വജനീനസൗഹൃദം വാരിവിതറുന്ന സ്മേരവദനരായി, അമലരായി, പരിശുദ്ധരായി അവരങ്ങനെ ലോകമദ്ധ്യേ വാണരുളുന്നു!

(തുടരും)

 

Tags: , ,

4 responses to “ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 2

 1. Rajeesh || നമ്പ്യാര്‍

  Aug 16, 2007 at 12:53

  >ചത്ത മീനുകളും ഒഴുകുകയാണു്,
  >നീന്തുകയല്ല.

  ഉള്‍ക്കാഴ്ചകളും നേര്‍ക്കാഴ്ചകളും ഇനിയും തുടരട്ടെ, വായനകളും വരികള്‍ക്കിടയിലൂടുള്ള വായനകളും അനുസ്യൂതമാകട്ടെ

   
 2. സിമി

  Aug 16, 2007 at 14:57

  മതത്തില്‍ മാത്രമല്ലല്ലോ, സമൂഹത്തിലെ മൊത്തം നേതൃത്വം ഇങ്ങനെയല്ലേ. ശുദ്ധമായ, സ്വതന്ത്രമായ, നിസ്വാര്‍ത്ഥമായ നേതൃത്വം ഇന്ന് എവിടെയാണുള്ളത്? uncompromising ആയ ആര്‍ക്കെങ്കിലും ഇന്ന് എവിടെയെങ്കിലും എത്താനാവുമോ? (ഭ്രാന്താശുപത്രികളിലല്ലാതെ).

  നേതൃത്വം ഇല്ലാത്തപ്പോഴൊക്കെ സമൂഹത്തില്‍ നേതൃത്വം ഉടലെടുത്തിരുന്നു. Leaders are created out of void, അല്ലെങ്കില്‍ Necessity creates എന്നു പറയുന്നതുപോലെ. എന്നാല്‍ ഇന്ന് മനസ്സിനെ കൊച്ചിലേമുതല്‍ക്കേ ടി.വി. കാണിച്ചും പത്രം വായിപ്പിച്ചും വിദ്യാലയങ്ങളിലയച്ച് പഠിപ്പിച്ചും പാകപ്പെടുത്തി എടുക്കുന്നതിനാല്‍ അങ്ങനെ ആരെങ്കിലും ഈ കൂട്ടത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് പ്രതീക്ഷ ഒട്ടുമില്ല. അങ്ങനെ ഉയര്‍ത്തെഴുന്നാല്‍ തന്നെ മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം കേട്ട് ആളുകള്‍ ചിരിച്ച് വീണ്ടും ടി.വി.യുടെ മുന്നിലേക്ക് തിരിയുകയേ ഉള്ളൂ. ജോര്‍ജ്ജ് ഓര്‍വ്വെല്‍ 1984 എഴുതിയപ്പോള്‍ സ്വപ്നം കണ്ടത് നമ്മള്‍ ഇന്ന് നടപ്പിലാക്കുന്നു.

  1970-80 കളില്‍ കേരളത്തിലെ കലാലയങ്ങളിലുണ്ടായിരുന്ന പോലെ ഒരു ചിന്താ വിപ്ലവം ഇനിയും വരുമെന്ന് ഒരു പ്രതീക്ഷയുമില്ല. ആകെ ഒറ്റപ്പെട്ട വിപ്ലവങ്ങള്‍, ഒറ്റയാന്‍ വിപ്ലവങ്ങള്‍ വരണമേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ.

  മതം എന്നും സമൂഹത്തിന്റെ ഒരു പ്രതിഭലനമായിരുന്നല്ലോ. സമൂഹം മതത്തിന്റെയും.

   
 3. c.k.babu

  Aug 16, 2007 at 18:09

  നന്ദി രാജീഷ്!
  പ്രിയ സിമി,
  1970-80 കാലഘട്ടത്തിലെ കേരളത്തിലെ ചിന്താവിപ്ലവം യൂറോപ്പിലെ 1968 റിവോള്‍‍ട്ടിന്റെ ഒരു പ്രതിധ്വനിയായിരുന്നു. അതിനു് പ്രചോദനം പകര്‍ന്ന ആദര്‍ശങ്ങള്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. തൊഴിലും മൂലധനവും എന്ന വെറും രണ്ടുവിഭാഗമായി അതിസങ്കീര്‍ണ്ണമായ മനുഷ്യജീവിതത്തെ തരം തിരിക്കാനാവില്ല. ഭാരതത്തിനു് ആവശ്യം ഒരു ബൌദ്ധികവിപ്ലവമാണു്. അതിനു് ഏറ്റവും തടസ്സമായി നില്‍ക്കുന്നതു് അന്ധമായ മതവിശ്വാസമാണു് എന്നെനിക്കു് തോന്നുന്നു. ജനങ്ങളെ അജ്ഞതയില്‍ തളച്ചിടുന്ന നേതാക്കളാണു് ഭാരതീയന്റെ ശാപം! മതം മനുഷ്യജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണു്. മനുഷ്യന്‍ മതത്തിന്റെ ഭാഗമല്ല.

   
 4. അരീക്കോടന്‍

  Aug 17, 2007 at 07:15

  ഇനിയും തുടരട്ടെ….

   
 
%d bloggers like this: