സ്വര്‍ഗ്ഗം എന്ന അത്യുന്നതയില്‍, താഴെ ഭൂമിയിലെ സാധാരണമനുഷ്യരുടെ അവസ്ഥകളായ ദാരിദ്ര്യമോ തീരാരോഗമോ വാര്‍ദ്ധക്യമോ ദൈനംദിനജീവിതത്തിലെ മറ്റു് ദീനതകളോ ഒന്നും അറിയേണ്ടതോ അനുഭവിക്കേണ്ടതോ ആയ ആവശ്യമൊന്നുമില്ലാതെ സുഖമായി വാഴുന്ന ശുനകന്റേയും ശൂന്യാകാശത്തിന്റേയുമടക്കം സകലത്തിന്റേയും സ്രഷ്ടാവായ ദൈവമേ! നിന്റെ മാതൃഭാഷ ഏതെന്നു് എനിക്കറിയില്ല. നീ മോശെക്കു് പ്രത്യക്ഷപ്പെട്ടപ്പോള്‍ സംസാരിച്ച ഭാഷ എനിക്കു് വശവുമില്ല. ബാബേല്‍ഗോപുരത്തിന്റെ പണി നടന്നുകൊണ്ടിരുന്ന കാലത്തു് ആ ഗോപുരം സ്വര്‍ഗ്ഗത്തില്‍ മുട്ടിയേക്കുമോ എന്ന ഭയം മൂലം അന്നത്തെ മനുഷ്യര്‍ സംസാരിച്ചിരുന്ന ഏകഭാഷയെ കലക്കി അനേകഭാഷകളാക്കി മാറ്റിയതു് നീയാണു് എന്നതിനാല്‍, പരസ്പരബന്ധപ്പെടലിനു് അനുപേക്ഷണീയമായ ഭാഷ എന്ന മാദ്ധ്യമത്തിന്റെ തലങ്ങളില്‍ നിലവിലിരിക്കുന്ന പ്രശ്നങ്ങളുടെ പ്രധാന ഉത്തരവാദി നീ തന്നെയാണു് എന്നു് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക. അമേരിക്കന്‍ മോഡല്‍ ജീവിതവുമായി കിടപിടിക്കാന്‍ കഴിയാത്ത മനുഷ്യജീവിതങ്ങള്‍ ഭൂമിയില്‍നിന്നും അനുസ്യൂതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു്, സായിപ്പിന്റെ ഭാഷയായ ഇംഗ്ലീഷ് പറയേണ്ടവിധത്തില്‍ പറയാനറിയില്ലെങ്കിലും, പിടിച്ചുനില്‍ക്കാന്‍ വേണ്ടി God’s own country എന്നും മറ്റും സ്വന്തം നാടിനെപ്പറ്റി, ആത്മപ്രശംസയില്‍ അന്തര്‍ലീനമായ ദുര്‍ഗ്ഗന്ധം വകവയ്ക്കാതെ, കൊട്ടും കുരവയുമായി കോട്ടുവായിടുന്ന കേരളീയന്റെ സക്ഷാല്‍ മാതൃഭാഷയായ മലയാളത്തില്‍ നീ സംസാരിച്ചതായി ഇതുവരെ എനിക്കറിയില്ല. എങ്കിലും, എന്റെ ഈ മലയാള അക്ഷരനിരകള്‍ ഭാഷാപരമായി മനസ്സിലാക്കുവാനും ആശയപരമായി അംഗീകരിക്കുവാനും നിനക്കു് കഴിയുമെന്നു് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അറിയുന്നവനായ നിനക്കു് ഈ ലോകത്തിലെ മുഴുവന്‍ ഭാഷകളും വശമായിരിക്കുമെന്ന കാര്യത്തില്‍ സംശയം തോന്നുവാന്‍ ഇഹലോകവാസികള്‍ക്കു് എങ്ങനെ കഴിയും? സകല ജീവജാലങ്ങളേയും (അവസാനം സംഹരിക്കുന്നതിനായി!) സൃഷ്ടിച്ചവനും സംരക്ഷിക്കുന്നവനുമായ നിന്നെ “നീ” എന്നു് വിളിക്കുന്നതിനും, അറിവിന്റെ അറിവായ നിന്റെ അറിവിനായി ഇങ്ങനെ ചിലതു് കുത്തിക്കുറിക്കുവാന്‍ ധൈര്യം കാണിക്കുന്നതിനും എന്നോടു് ക്ഷമിക്കുക. വിശുദ്ധ പൗലോസ് പ്രസ്താവിക്കുന്നതുപോലെ, മാനവരാശിക്കു് മുഴുവന്‍ “ആദ്യം” യഹൂദനും, “പിന്നെ” ജാതികള്‍ക്കും നിത്യജീവന്‍ നേടിക്കൊടുക്കുവാനായി (റോമര്‍ 1: 13 – 16) നീ നേരിട്ടു് ജന്മം നല്‍കിയ, നസറായനായ യേശു നിത്യവും പ്രാര്‍ത്ഥിക്കാനായി പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥനയിലും “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, “നിന്റെ” നാമം പരിശുദ്ധമാക്കപ്പെടേണമേ” എന്നല്ലോ ഞങ്ങള്‍ നിന്നോടു് പ്രാര്‍ത്ഥിക്കുന്നതു്. ഈ നശ്വരലോകത്തില്‍ നിന്നെ പ്രതിനിധീകരിക്കുവാനും മനുഷ്യരുടെയിടയില്‍ നിന്റെ സുവിശേഷം ഘോഷിക്കുവാനും മാമോദീസയും മനസമ്മതവും മരണാനന്തരചടങ്ങുകളും മംഗളമായി നടത്താനുമായി നീ അധികാരം നല്‍കി വാഴിച്ചിരിക്കുന്നവര്‍ മനുഷ്യരൂപമുള്ളവരെങ്കിലും അവരെ നീയെന്നും മറ്റും വിളിക്കാന്‍ പൊതുവേ അവര്‍ അനുവദിക്കാറില്ല എന്നറിയാവുന്നതുകൊണ്ടാണു് ഞാന്‍ ഇതു് പ്രത്യേകം സൂചിപ്പിക്കുന്നതു്.
ഇവിടെ, ഈ ഭൂമിയില്‍, ആഫ്രിക്കയിലേയും ഏഷ്യയിലേയുമൊക്കെ ദരിദ്രരാജ്യങ്ങളില്‍ ആഹാരത്തിനു് വകയില്ല എന്ന ഒറ്റക്കാരണത്താല്‍ അസ്ഥിപഞ്ജരങ്ങളായി മാറിയ, നിന്റെ സൃഷ്ടി എന്നു് പഠിപ്പിക്കപ്പെടുന്ന മനുഷ്യര്‍ – കൈക്കുഞ്ഞുങ്ങള്‍വരെ – ആയിരക്കണക്കിനു് ദിനംപ്രതി മരണമടയാറുണ്ടെന്ന വസ്തുത സ്നേഹസ്വരൂപിയായ നീ അറിയുന്നുണ്ടെന്നു് കരുതാന്‍ എനിക്കു് കഴിയുന്നില്ല. ഇസ്രായേല്‍ജനം മിസ്രയിമില്‍ വിലകൂടാതെ മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ തിന്നുകൊണ്ടു് ജീവിച്ചിരുന്നിട്ടും, (സംഖ്യാ. 11: 4 – 6) അവര്‍ അവിടെ അടിമകളായിരുന്നു എന്നതിനാല്‍ നാല്‍പതു് (!) വര്‍ഷം നീണ്ടുനിന്ന ഒരു യാത്രയിലൂടെ അവരെ മോചിപ്പിക്കാനും, മരുഭൂമിയില്‍വച്ചു് അവര്‍ക്കു് വിശന്നപ്പോള്‍ ആകാശത്തില്‍നിന്നും മന്നായും കാടപ്പക്ഷിയും വര്‍ഷിപ്പിച്ചു് അവരെ തൃപ്തിപ്പെടുത്താനും തയ്യാറായ ഒരു ദൈവം ഇന്നു് അറിഞ്ഞുകൊണ്ടു് മുഴുപ്പട്ടിണിക്കാരുടെ നേരെ കണ്ണടയ്ക്കുമെന്നു് കരുതുന്നതെങ്ങനെ? അതുപോലെതന്നെ, ഈ ഭൂമിയില്‍ സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ വാഴുന്ന, ഒരുവശത്തു് ക്രൂരവും മറുവശത്തു് ദയനീയവുമായ ഉച്ചനീചത്വങ്ങള്‍ നീ അറിഞ്ഞുകൊണ്ടും അനുവദിച്ചുകൊണ്ടുമാണു് സംഭവിക്കുന്നതെന്നു് വിശ്വസിക്കാനുള്ള മടിയുടെ ഫലമായി എന്നില്‍ ഉദിക്കുന്ന ഒട്ടേറെ സംശയങ്ങള്‍ നിന്നെ അറിയിക്കുവാന്‍ അനുയോജ്യമായ മറ്റു് മാര്‍ഗ്ഗങ്ങളൊന്നും ഞാന്‍ കാണുന്നില്ല. അതുകൊണ്ടാണു് അക്ഷരങ്ങളുടെ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചതു്. യഹൂദരുടെ നല്ല നടപ്പിനായി മോശെവഴി നല്‍കപ്പെട്ട പത്തു് കല്‍പനകള്‍ രണ്ടു് കല്‍പലകകളില്‍ സ്വന്തവിരല്‍കൊണ്ടു് അക്ഷരരൂപത്തില്‍ എഴുതിയ നീ ഒരു അക്ഷരവിരോധി ആവുകയില്ല എന്നു് എന്തായാലും എനിക്കു് നിശ്ചയമാണു്. കല്‍പലകകളിലും കളിമണ്‍പലകകളിലുമൊക്കെയുള്ള എഴുത്തും ഓലയിലെഴുത്തും കടലാസിലെഴുത്തും കടന്നു് അച്ചടിയിലും കമ്പ്യൂട്ടറിലും ലേസര്‍പ്രിന്ററിലുമെല്ലാമെത്തിനില്‍ക്കുന്നു നീ സൃഷ്ടിച്ചവരായ മനുഷ്യര്‍ ഇന്നു്!
ജാതിമത-, വര്‍ഗ്ഗവര്‍ണ്ണ-, തെക്കുവടക്കുഭേദമെന്യേ സകലമനുഷ്യരുടേയും സ്രഷ്ടാവായ നീ എന്റേയും പിതാവായിരിക്കണമല്ലോ. ഒരു മകനു് സ്വന്തം പിതാവുമായി ബന്ധപ്പെടുവാനും ആശയവിനിമയം നടത്തുവാനും മൂന്നാമതൊരുവന്റെ സഹായം ആവശ്യമില്ല എന്ന എന്റെ വിശ്വാസം നീ ശരിവയ്ക്കുമെന്നു് കരുതുന്നു. മാത്രവുമല്ല, അങ്ങനെയുള്ള മൂന്നാമന്മാരുടെ സഹായം തേടാമെന്നുവച്ചാല്‍പോലും എനിക്കറിയിക്കുവാനുള്ളതു് അവര്‍ നിന്നെ അറിയിക്കുമോ എന്നും, അറിയിച്ചാല്‍ത്തന്നെ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുതകുംവിധം അവയുടെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുകയില്ല എന്നുള്ളതിനും എന്താണുറപ്പു്? നിന്റേതു് എന്ന പേരില്‍ ഞങ്ങളെ അറിയിച്ചിരിക്കുന്ന വചനങ്ങള്‍ നീ അരുളിച്ചെയ്തതാണോ എന്നും, അങ്ങനെ എന്തെങ്കിലും കാര്യങ്ങള്‍ മനുഷ്യരെ അറിയിക്കുവാന്‍ എന്നെങ്കിലും നീ ആഗ്രഹിച്ചിരുന്നോ എന്നും സത്യത്തില്‍ എനിക്കറിയില്ല. ദൈവം പറയുന്നതും, ദൈവം പറഞ്ഞു എന്നു് പറയുന്നതും തമ്മില്‍ തിരിച്ചറിയാന്‍ അന്ധമായ വിശ്വാസമല്ലാതെ, യുക്തിസഹമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ മനുഷ്യനു് തുറന്നുകൊടുക്കുവാന്‍ എന്തുകൊണ്ടു് സര്‍വ്വശക്തനായ നിനക്കു് കഴിയുന്നില്ല? നീ യഹൂദരുടെയും, ജാതികളുടെയും ഏകദൈവമായ സ്ഥിതിക്കു് (റോമര്‍ 3: 29) ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളും, വിഭിന്ന മതങ്ങളും, അനേകം ആരാധനാരീതികളും രൂപമെടുക്കുന്നതെങ്ങനെയെന്നും, തുറന്നുപറഞ്ഞാല്‍, എനിക്കറിയില്ല. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും ഈ ലോകത്തിലെ അനേകം കോണുകളില്‍ വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പരസ്പരം കടിച്ചുകീറുന്നതും, സ്വന്തം പ്രവൃത്തി നീതീകരിക്കുവാന്‍ അതേ ദൈവത്തിന്റെ നാമം തന്നെ ഉയര്‍ത്തിക്കാണിക്കുന്നതും മനസ്സിലാക്കുവാന്‍ എന്റെ സാമാന്യബുദ്ധിക്കു് കഴിയുന്നില്ല. എന്റെ സംശയങ്ങള്‍ ബാലിശമായി നിനക്കു് തോന്നുന്നുവെങ്കില്‍ ദയവുചെയ്തു് ക്ഷമിക്കുക.
സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനു് മുന്‍പു് ആദ്യമായി ഞാന്‍ എന്നെ ഒന്നു് പരിചയപ്പെടുത്തട്ടെ: അനേകദൈവങ്ങളുള്ള ഭാരതത്തിലെ ഏതോ ഒരു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ചവനെങ്കിലും, എന്റെ അപ്പന്‍ മന്ത്രിയോ അമ്മയുടെ സഹോദരന്‍ ബിഷപ്പോ കര്‍ദ്ദിനാളോ ഒന്നുമല്ലാതിരുന്നതിനാല്‍ ഉപജീവനാര്‍ത്ഥം സുഭിക്ഷത നിലവിലിരിക്കുന്ന (ഒരുപക്ഷേ ദൈവത്തിന്റെ സ്വന്തമല്ലാത്തതുകൊണ്ടാവാം) ഒരു അന്യരാജ്യത്തില്‍ അഭയം തേടേണ്ടിവന്ന എന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ എന്നെ നിനക്കു് പരിചയമുണ്ടായിരിക്കാമെന്ന ധാരണയെ ഒരുവിധത്തിലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. അതുകൊണ്ടു് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമാണെന്നു് തോന്നുന്നു. ഹിന്ദുവായ ഒരു ഭാര്‍ഗ്ഗവന്റെ മകള്‍ ഭഗീരഥി നിത്യേന പ്രദോഷത്തില്‍ കുളിച്ചു് ശരീരശുദ്ധിവരുത്തി, സന്ധ്യാദീപം കൊളുത്തി, രാമനാമം ജപിക്കുന്ന ഒരു ഹൈന്ദവസ്ത്രീയായിത്തീരുന്നതുപോലെ, ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചതുമൂലം അള്ളാ എന്ന ദൈവത്തില്‍ വിശ്വസിക്കാനും, സുന്നത്തു് ചെയ്യപ്പെടാനും മെക്കയിലേക്കു് തിരിഞ്ഞു് നിസ്കരിക്കാനും കടപ്പെട്ടവനായിത്തീരുന്ന ഒരു മുഹമ്മദിനെപ്പോലെ, ഭാരതമെന്ന ഉപഭൂഖണ്ഡത്തിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തില്‍, നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും മാവും പ്ലാവും കാപ്പിയും കറിവേപ്പും കളിയാടുന്ന ഒരു പ്രദേശത്തു്, ഒരു കൊച്ചു കര്‍ഷകകുടുംബത്തില്‍ ആദ്യം എനിക്കജ്ഞാതരായിരുന്നെങ്കിലും കാലക്രമേണ പരിചയപ്പെടാന്‍ സാധിച്ച ക്രിസ്ത്യാനിയും തികഞ്ഞ വിശ്വാസിയുമായിരുന്ന ഒരു സ്ത്രീയുടേയും, ക്രിസ്ത്യാനിയെങ്കിലും അത്ര കടുത്ത വിശ്വാസിയല്ലാതിരുന്ന ഒരു പുരുഷന്റേയും മകനായി ജനിച്ചതുവഴി ഞാനൊരു ക്രിസ്ത്യാനിയായി. എന്റെ അറിവോ, സമ്മതമോ അതിനാവശ്യമായിരുന്നില്ല. എന്റെ അനുമതി ചോദിക്കാതെതന്നെ അവര്‍ എനിക്കൊരു പേരും നല്‍കി.
അതുകൊണ്ടു് ജനിച്ചനാള്‍ മുതല്‍ ഞാന്‍ തികഞ്ഞ ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നല്ല അര്‍ത്ഥം. മറ്റെല്ലാ മതങ്ങളിലുമെന്നപോലെതന്നെ ജന്മം മൂലം ഞാന്‍ അംഗമാവേണ്ടിവന്ന ക്രിസ്തീയമതവിഭാഗത്തിലും (ക്രിസ്തുവിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുമതത്തില്‍ ഇപ്പോള്‍ എത്ര വിഭാഗങ്ങളുണ്ടെന്നു് ക്രിസ്തുവിനുപോലും അറിയുമോ എന്നെനിക്കറിയില്ല) ചില നടപടികളും ചടങ്ങുകളും അവയുമായി ബന്ധപ്പെട്ട ശാരീരികവും മാനസീകവുമായ പീഡനങ്ങളും മതാംഗത്വം നേടുന്നതിനു് മുന്നോടിയായി അനുഭവിച്ചു് തീര്‍ക്കണം. ഈ ചട്ടവട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നതു് മതാംഗത്വം വേണ്ടെന്നു് വയ്ക്കുന്നതിനു് തുല്യമാണു്. ജ്ഞാനസ്നാനമെന്നു് തര്‍ജ്ജമ ചെയ്യപ്പെടുന്ന, മാമോദീസയെന്ന, തുറന്നുപറഞ്ഞാല്‍ എനിക്കിന്നും പൂര്‍ണ്ണമായി അര്‍ത്ഥമോ ആവശ്യമോ അറിഞ്ഞുകൂടാത്ത ഒരു പള്ളിച്ചടങ്ങില്‍വച്ചു്, ഭൂമദ്ധ്യരേഖയോടടുത്തുകിടക്കുന്ന കേരളം പോലുള്ള ഒരു പ്രദേശത്തു് നഗ്നതമറയ്ക്കാന്‍ സാധാരണഗതിയില്‍ ആവശ്യമുള്ളതിനേക്കാള്‍ എത്രയോമടങ്ങു് കൂടുതലും, വിചിത്രവുമായ വസ്ത്രനിരകളില്‍ പൊതിഞ്ഞ ഒരു പുരോഹിതന്‍ എന്നെ ഇളം ചൂടുള്ള വെള്ളത്തില്‍ മുക്കി. എനിക്കു് പിടികിട്ടാത്ത ചില രഹസ്യസൂത്രവാക്യങ്ങള്‍ ചിലപ്പോള്‍ ഗദ്യമായും പലപ്പോഴും പദ്യമായും മറ്റുചിലപ്പോള്‍ ഗദ്യമോ പദ്യമോ എന്നു് തിരിച്ചറിയാന്‍ കഴിയാത്ത ശാര്‍ദ്ദൂലവിക്രീഡിതമാതൃകയിലും ആരോഹണാവരോഹണങ്ങളിലൂടെ ആലപിച്ചുകൊണ്ടു് എന്റെ നെറുകയില്‍ പലപ്രാവശ്യം ആംഗ്യരൂപത്തില്‍ കുരിശടയാളം വരച്ചു. അനേകമിനുട്ടുകള്‍ നീണ്ടുനിന്ന മാമോദീസ എന്ന ഈ കടന്നാക്രമണത്തിനുശേഷം നനഞ്ഞവനും നഗ്നനുമായിരുന്ന ഞാന്‍ ഭക്തിപുരസരം സന്തോഷാശ്രുക്കളാല്‍ ഈറനണിഞ്ഞ മിഴികളും ഉണങ്ങിയ തുവര്‍ത്തുമായി കാത്തുനിന്നിരുന്ന എന്റെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. അതിരാവിലെ അമ്മ തന്നെ കുളിപ്പിച്ചു് വൃത്തിയാക്കി മാമോദീസയ്ക്കായി (അയല്‍ക്കാരെ കാണിക്കാനും) പ്രത്യേകം വാങ്ങിയ വിലകൂടിയതും ഭംഗിയുള്ളതുമായ വസ്ത്രം ധരിപ്പിച്ചു് പള്ളിയിലെത്തിക്കപ്പെട്ട ഞാന്‍ അരമണിക്കൂറിനുള്ളില്‍ വീണ്ടുമൊരു കുളിയുടെ ആവശ്യം വരത്തക്കവിധത്തില്‍ അശുദ്ധനായിരുന്നോ എന്നെനിക്കറിയില്ല. ജ്ഞാനസ്നാനം അഥവാ, അറിവിന്റെ കുളി എന്ന ഈ രണ്ടാം തളിച്ചുകുളിവഴി ഏതെങ്കിലുമൊരു ജ്ഞാനം എനിക്കു് ലഭിച്ചതായുള്ള അനുഭവമോ അറിവോ ഇതുവരെ എനിക്കുണ്ടായിട്ടുമില്ല. വിശാലമായ ഈവിധ മാമോദീസാപരിപാടികളുടെ പര്യവസാനത്തില്‍, ഞാന്‍ ക്രിസ്തീയ സമുദായത്തിലെ ഒരു നിയമാനുസൃത അംഗമായി അംഗീകരിക്കപ്പെടുന്നതിനുള്ള ആദ്യപടിയില്‍ കാലുവച്ചു. അങ്ങനെ ഞാന്‍ ആദ്യം യഹൂദരുടെയും പില്‍ക്കാലത്തു് ക്രിസ്തീയരുടെയും ദൈവമായി സ്ഥാനമേറ്റ യഹോവ എന്ന ഏകദൈവത്തിന്റെ മകനായിത്തീര്‍ന്നു. (ക്രിസ്തുവിനു് ഏതാനും നൂറ്റാണ്ടുകള്‍ക്കു് ശേഷം മുഹമ്മദ് നബി സ്ഥാപിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന മുസ്ലീമുകള്‍ അള്ളാ എന്ന പേരുനല്‍കി വിളിക്കുന്നതും ഈ ദൈവത്തിനെത്തന്നെ!) നരനായിങ്ങനെ ഭൂമിയില്‍ ജനിച്ചതിന്റെയോ ഒരു ക്രിസ്ത്യാനിയായി തീരേണ്ടിവന്നതിന്റേയോ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, അതുകൊണ്ടു് അതു് എന്റെ മാതാപിതാക്കളെ നിന്ദിക്കലോ തള്ളിപ്പറയലോ ആണെന്നു് ധരിക്കരുതു്. അവരും സ്വന്തപങ്കാളിത്തമില്ലാതെ ഇവിടെയെത്തിയവരും, സമയമോ സ്ഥലമോ അറിയാന്‍ കഴിയാതെ, യാത്രാമദ്ധ്യേ എന്നോ എവിടെയോ വച്ചു് ഈ ലോകത്തോടു് വിടപറയാന്‍വേണ്ടി മറ്റാരൊക്കെയോ നിര്‍ദ്ദേശിച്ച വഴികളിലൂടെ ഗത്യന്തരമില്ലാതെ കൂലിനല്‍കി യാത്രചെയ്യേണ്ടിവന്നവരുമല്ലോ.
(തുടരും)
മൂര്‍ത്തി
Aug 14, 2007 at 11:37
തുടരുക.
സിമി
Aug 14, 2007 at 19:09
ആത്മകഥയുടെ തുടക്കമാണോ? 🙂
c.k.babu
Aug 15, 2007 at 08:57
പ്രിയ മൂര്‍ത്തി,
താങ്കള്‍ നല്‍കുന്ന പിന്‍തുണയ്ക്കു് ഞാന്‍ നന്ദി പറയുന്നു. സ്വാതന്ത്ര്യദിനാശംസകള്‍!
പ്രിയ സിമി,
ആത്മകഥയല്ല. ആത്മാവില്‍ കുന്നുകൂടിയ ചില കഥകളിലെ വൈരുദ്ധ്യങ്ങള്‍! എഴുതാതിരിക്കാന്‍ കഴിയാത്തതിനാല്‍ (തോന്നലാവാം!) എഴുതുന്നു. ഇടക്കിടെ ഈവഴി വന്നാല്‍ സന്തോഷം!
സ്വാതന്ത്ര്യദിനത്തിന്റെ ഭാവുകങ്ങള്‍!
സിമി
Aug 16, 2007 at 14:43
എഴുതാതിരിക്കാന്‍ കഴിയാത്തതിനാല്‍ എന്ന വാചകം ഇഷ്ടപ്പെട്ടു. അയ്യപ്പപ്പണിക്കരുടെ പുസ്തകമായ “പൂക്കാതിരിക്കാന്‍ എനിക്കാവതില്ല” (I cant help blooming) എന്നത് ഓര്‍മ്മ വന്നു. എല്ലാ ഭാവുകങ്ങളും.
deepdowne
Oct 10, 2008 at 23:00
“സുന്നത്തു് ചെയ്യപ്പെടാനും, മെക്കയിലേക്കു് തിരിഞ്ഞു് നിസ്കരിക്കാനും കടപ്പെട്ടവനായിത്തീരുന്ന ഒരു മുഹമ്മദിനെപ്പോലെ”…
‘മുഹമ്മദീയനെപ്പോലെ’ എന്നാണോ ഉദ്ദേശിച്ചത്?
5:00 മണി
Apr 22, 2009 at 16:10
*****