RSS

നമുക്കു് വേണ്ടതു് വിശുദ്ധന്മാര്‍

12 Aug

05.04.2007-ല്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വാര്‍ത്തയാണിതു്: ഫ്രാന്‍സിലെ ദേശീയവീരവനിതയും വിശുദ്ധയുമായ, ഓര്‍ലിയന്‍സിലെ കന്യക എന്ന പേരില്‍ അറിയപ്പെടുന്ന Saint Joan of Arc-ന്റെ (1412- 30.05.1431) തിരുശേഷിപ്പു് എന്നു് കരുതി സൂക്ഷിച്ചിരുന്ന ഒരു എല്ലും, തുണിക്കഷണവും ഈജിപ്തിലെ ഏതോ മമ്മിയുടേതാണത്രെ! ഇരുപതു് ശാസ്ത്രജ്ഞര്‍ ഈ അവശിഷ്ടങ്ങളില്‍ നടത്തിയ നടത്തിയ തീവ്രമായ പരിശോധനകളുടെ ഫലമായ കണ്ടെത്തലായിരുന്നു അതു്‌. യൊവാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ആരോ ചെയ്ത വ്യാജപ്രവൃത്തി. 1867-ല്‍ ഫ്രാന്‍സിലെ ഒരു മരുന്നുവ്യാപാരി ആയിരുന്നു ഈ തിരുശേഷിപ്പു് കണ്ടെത്തി പള്ളിക്കാരെ ഏല്‍പ്പിച്ചതു്. അക്കാലത്തു് ഈജിപ്ഷ്യന്‍ മമ്മികളുടെ അംശങ്ങള്‍ ചികിത്സക്കായി ഉപയോഗിക്കുന്ന രീതി യൂറോപ്പില്‍ നിലനിന്നിരുന്നതിനാല്‍ ഈ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയില്ല. മതദ്രോഹികളായ സ്ത്രീകളെ ചിതയില്‍ ദഹിപ്പിക്കുമ്പോള്‍ ഒരു പൂച്ചയെ കൂട്ടത്തില്‍ ദഹിപ്പിക്കുന്നതു് ഒരു ചിട്ട ആയിരുന്നതിനാല്‍, അവശിഷ്ടങ്ങളോടൊപ്പമുണ്ടായിരുന്ന പൂച്ചയുടെ ഒരസ്ഥി അവയുടെ വിശ്വാസയോഗ്യത തെളിയിക്കുന്നു എന്ന ധാരണ ജനങ്ങള്‍ പുലര്‍ത്തിയിരുന്നു.

പതിനാലുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ തുടരെത്തുടരെ നടന്ന യുദ്ധങ്ങള്‍ക്കിടയില്‍, (Hundred Years War) 1429-ല്‍ ഓര്‍ലിയന്‍സില്‍ വച്ചു് ഫ്രഞ്ചുകാരെ വിജയത്തിലേക്കു് നയിച്ചതു് പതിനേഴു് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ കര്‍ഷകകന്യകയായിരുന്നു. നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്ന വെളിപാടുകള്‍ വഴി ഇംഗ്ലണ്ടുകാരെ തോല്‍പിക്കേണ്ട ചുമതല തന്റേതാണെന്നു് ഉറച്ചുവിശ്വസിച്ചതുമൂലം പുരുഷവേഷം ധരിച്ചു് ഇംഗ്ലണ്ടിനെതിരായി യുദ്ധം ചെയ്യാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ലിയന്‍സിലെ യുദ്ധത്തില്‍ ജയിച്ചെങ്കിലും അടുത്തവര്‍ഷം ഇംഗ്ലീഷുകാര്‍ അവളെ പിടികൂടി. 1431 മെയ്‌ 30-നു് ഫ്രാന്‍സിലെ കത്തോലിക്കാസഭ മതനിന്ദയുടെ പേരില്‍ അവളെ ചിതയില്‍ ദഹിപ്പിച്ചു. വിശുദ്ധന്മാരില്‍നിന്നും നേരിട്ടു് വെളിപാടുകള്‍ സ്വീകരിച്ചിരുന്ന യൊവാന്‍ സഭാനേതൃത്വത്തെ അത്ര വിലമതിച്ചിരുന്നില്ല. അതിനാല്‍, അവള്‍ വലിയേട്ടന്മാരുടെ കണ്ണിലെ കരടായിരുന്നു.

ഫ്രഞ്ചുകാരുടെ ആത്മബോധത്തിനു് പുതിയ ഉണര്‍വുനല്‍കിയ യൊവാനെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്നതിനായി നടത്തപ്പെട്ട ദീര്‍ഘനാളത്തെ പരിശ്രമഫലമായി, അവസാനം, 16.05.1920-ല്‍ റോം അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ദേശീയ അവധിദിനമായി ആചരിച്ചു് ഈ വിശുദ്ധയെ ആദരിക്കുന്നു.

വിശുദ്ധന്റേതെന്ന പേരില്‍ യൂറോപ്പില്‍ മദ്ധ്യകാലങ്ങളില്‍ ശേഖരിക്കപ്പെട്ട അസ്ഥികള്‍ കൂട്ടിച്ചേര്‍ത്താല്‍ ഇതുവരെ ജീവിച്ചിട്ടില്ലാത്ത എതെങ്കിലും ഒരു ജീവിയായിരിക്കും പുറത്തുവരിക എന്നൊരു ഫലിതം കേട്ടിട്ടുണ്ടു്. തിരുശേഷിപ്പുകളാണെന്ന ധാരണയില്‍ ഈജിപ്ഷ്യന്‍ മമ്മിയുടെ മുന്‍പില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനായി പ്രാര്‍ത്ഥിക്കുകയും, അപേക്ഷകളര്‍പ്പിക്കുകയും ചെയ്തവരില്‍ ചിലര്‍ക്കെങ്കിലും തീര്‍ച്ചയായും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടിയിട്ടുണ്ടായിരിക്കണം. താന്‍ കുമ്പിട്ടു് പ്രാര്‍ത്ഥിക്കുന്നതു് എന്തിനു് മുന്‍പിലാണെന്ന അറിവിനേക്കാള്‍ എന്തിനു് മുന്‍പിലാണെന്ന വിശ്വാസമാണല്ലോ ഫലപ്രാപ്തിക്കു് നിദാനമാവുന്നതു്. പ്രാര്‍ത്ഥിച്ചില്ലായിരുന്നെങ്കിലും അവ ലഭിക്കുമായിരുന്നു എന്നു് കരുതാനുള്ള ധൈര്യമൊട്ടില്ലതാനും. അവരതില്‍ സംതൃപ്തരാണെങ്കില്‍ ആര്‍ക്കെന്തു് ചേതം? സഹജീവികളെ അവരുടെ ഗതികേടില്‍ വീണ്ടും കഷ്ടപ്പെടുത്തി മുതലെടുക്കുന്നതു് കാണേണ്ടിവരുന്നതു് ചിലര്‍ക്കെങ്കിലും ധാര്‍മ്മികരോഷത്തിനു് കാരണമായേക്കാം. പക്ഷേ, ചൂഷകര്‍ക്കു്‌ സിന്താവാ വിളിക്കാന്‍ ചൂഷിതര്‍ അഹമഹമികയാ ഇടിച്ചു്‌ കയറുന്നിടത്തു്‌ ഏതാനും പേരുടെ ധാര്‍മ്മികരോഷത്തിനു്‌ ആരു്‌ വിലകല്പിക്കുന്നു?

ജനങ്ങള്‍ മുട്ടുകുത്തുന്നതു് നല്ലതാണു്. കാരണം, മുട്ടുകുത്തി തളരുന്നവര്‍ക്കു് എതിര്‍ക്കാന്‍ ശക്തിയുണ്ടാവില്ല. അവര്‍ വിഡ്ഢികളാവുന്നതു് നല്ലതാണു്. കാരണം, വിഡ്ഢികളെ ഭരിക്കാന്‍ എളുപ്പമാണു്. എല്ലാ മനുഷ്യര്‍ക്കും എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാനുള്ള യോഗ്യതയില്ല. അതുകൊണ്ടു് നമുക്കു് ദൈവങ്ങള്‍ മാത്രം പോരാ, വിശുദ്ധരും വേണം. ആര്‍ക്കും എപ്പോഴും കയ്യയച്ചു് നേര്‍ച്ചയിടാനുതകുംവിധം വിശുദ്ധരുടെ വെണ്‍കല്‍പ്രതിമകള്‍ കവലകള്‍തോറും പടുത്തുയര്‍ത്തപ്പെടണം. സ്വദേശികളായ വിശുദ്ധരില്ലെങ്കില്‍ വിദേശികളായ വിശുദ്ധരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെടണം. താഴ്മയോടെ കൈകൂപ്പി തൊഴുതുവണങ്ങി തിരികത്തിച്ചു് വഴിപാടു് കഴിക്കാനുള്ള അവസരം ആര്‍ഷഭാരതത്തില്‍ ആര്‍ക്കും ഇല്ലാതെ പോകരുതു്. ഭാരതത്തിനു് വേണ്ടതു് വ്യക്തിത്വമുള്ള പൗരന്മാരെയല്ല, മുടങ്ങാതെ മുട്ടുകുത്തുന്നവരെയാണു്.

 

Tags: ,

9 responses to “നമുക്കു് വേണ്ടതു് വിശുദ്ധന്മാര്‍

 1. Sandeep

  Aug 12, 2007 at 16:48

  athu kandu pidichu mp.a name in any form is enough for the curious. 🙂

   
 2. c.k.babu

  Aug 12, 2007 at 17:40

  ഹലോ സന്ദീപ്,
  Erich Fromm എനിക്കു്‌ മറ്റൊരു context-ല്‍ പരിചയമുള്ള നാമമാണു്. അതുകൊണ്ടു് പെട്ടെന്നു് ശ്രദ്ധയില്‍ പെട്ടു, അത്രതന്നെ. എല്ലാ നന്മകളും!

   
 3. മൂര്‍ത്തി

  Aug 12, 2007 at 20:32

  നാഷണല്‍ ജ്യോഗ്രാഫിക്കില്‍ ഇതിന്റെ ലിങ്ക് കണ്ട്. ഈ പോസ്റ്റ് കണ്ടതിനുശേഷം തപ്പിയതാണ്. നന്ദി.

  മറുമൊഴിയിലോ കേരളാ ബ്ലൊഗ്ഗ് റോളിലോ വരുന്നില്ലേ ഈ ബ്ലോഗും കമന്റും?
  http://www.cs.princeton.edu/~mp/malayalam/blogs/ – ഇത് കേരളാ ബ്ലോഗ് റോള്‍.
  http://marumozhisangam.blogspot.com/
  ഇത് മറുമൊഴി. അറിഞ്ഞിട്ടു വേണ്ട എന്നു വെച്ചിട്ടുള്ളതാണെങ്കില്‍ ഓകേ..
  ധാരാളം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

   
 4. c.k.babu

  Aug 13, 2007 at 13:25

  പ്രിയ മൂര്‍ത്തി,
  Thanks a lot! All the best!

   
 5. സിമി

  Aug 16, 2007 at 15:04

  ജോന്‍ ഓഫ് ആര്‍ക്ക് ഫ്രാന്‍സില്‍ ഇന്ന് തീവ്ര ദേശീയതയുടെ പ്രതീകമാണ്. പാരീസില്‍ ലൂവ്രിനു അടുത്ത് അവരുടെ കുതിരപ്പുറത്തേറിയ ഒരു പ്രതിമയുണ്ട്. വലതുപക്ഷ തീവ്രവാദികള്‍ എല്ലാ വര്‍ഷവും അവരുടെ ഓര്‍മ്മദിവസത്തില്‍ ഫ്രാന്‍സില്‍ നിന്ന് അഭയാര്‍ത്ഥികളെ പുറന്തള്ളണം എന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു.

  അഭയാര്‍ത്ഥികള്‍ (മിക്കവാറും ആഫ്രിക്കന്‍ വംശജര്‍) പാരീസിലും മറ്റ് സ്ഥലങ്ങളിലും ചേരികളില്‍ വസിക്കുന്നു. കണ്ടെയ്നറുകള്‍ രൂപാന്തരം ചെയ്ത് സര്‍ക്കാര്‍ ഉണ്ടാക്കി നല്‍കിയ തീപ്പട്ടി പോലെ വീടുകളില്‍. ല് കോര്‍ബസിയെ രൂപകല്‍പ്പന ചെയ്ത് മാതൃക ആണെന്നു തോന്നുന്നു.

  എന്തായാലും നമുക്ക് മുട്ടുകുത്താന്‍ പോലും ആരും ഇല്ല. ഗാന്ധിയപ്പൂപ്പനും അംബദ്കറും ശ്രീനാരായണഗുരുവും ഒക്കെ ഘോഷയാത്ര നടത്താനും പ്രതിമ തല്ലിത്തകര്‍ക്കാനും ഒക്കെയായി. അച്ചുമാമന്റെയും വിജയന്റെയും മന്മോഹന്‍ സിങ്ങിന്റെയും മുന്‍പിലൊന്നും ആരും മുട്ടുകുത്തുന്നുമില്ല. ആകെപ്പാടെ കലാം ഒന്ന് മിന്നിയപ്പോള്‍ പിടിച്ച് താഴെയിരുത്തി. എന്തു ചെയ്യാനാ. പോട്ടെ, സച്ചിന്‍ തെണ്ടുല്‍ക്കറും മല്ലികാ ശെരാവത്തും എങ്കിലും ഉണ്ടല്ലോ 🙂

   
 6. c.k.babu

  Aug 17, 2007 at 09:01

  ഫ്രഞ്ചുകാര്‍ക്കു് ആത്മധൈര്യം വീണ്ടുകൊടുത്ത ഒരു ധീരവനിതയെ വലതുപക്ഷം പ്രതീകമാക്കുന്നതില്‍ എന്തത്ഭുതം? സ്വന്തപ്രശ്നങ്ങളുടെ കാരണം ആരോപിക്കുവാന്‍ ശത്രുചിത്രങ്ങള്‍ തേടുന്നവര്‍ക്കു് പ്രതീകങ്ങള്‍ എന്നും ആവേശം പകര്‍ന്നിട്ടുണ്ടു്. മുട്ടുകുത്തേണ്ട പ്രതീകങ്ങള്‍ ഉണ്ടായിട്ടും വലിയ കാര്യമില്ല. ലോകസമൂഹത്തിനു് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ വേണ്ട ആത്മബോധം പകരുന്ന പ്രതീകങ്ങളാണു് ഏതൊരു സമൂഹത്തിനും ആവശ്യം. അഭയാര്‍ത്ഥികളോടു് വലതുപക്ഷം എടുക്കുന്ന നിലപാടു് തെറ്റാണു് എന്നംഗീകരിക്കുന്നു. പക്ഷേ, അതിനേക്കാള്‍ അപലപനീയമല്ലേ അവരുടെ സ്വന്തം രാജ്യങ്ങളില്‍ നിലവിലിരിക്കുന്ന സ്വേച്ഛാധിപത്യവും, മിലിറ്ററി ഗുണ്ടായിസവും?

   
 7. സിമി

  Aug 17, 2007 at 15:57

  മോശെ മലമുകളില്‍ കല്‍പ്പനകള്‍ എഴുതിവാങ്ങാന്‍ പോയപ്പോള്‍ കാളയെ ഉണ്ടാക്കി ആരാധിച്ചവരെ ഓര്‍മ്മവരുന്നു. മുട്ടുകുത്താനായി, അല്ലെങ്കില്‍ മുകളിലേക്കു നോക്കാനായി ഉന്നതമായ നേതൃത്വം എല്ലാ രാജ്യത്തിനും ജനതയ്ക്കും വേണം. മനുഷ്യന്റെ അബലതയാവാം. എന്നാ‍ല്‍ മുട്ടുകുത്താതെ തലയുയര്‍ത്തിപ്പിടിച്ചുനടക്കുന്ന ഒരു ജനത എന്നത് പ്രായോഗികമാണോ? മുന്‍പേ നടക്കുന്ന ഒരു ഇടയനെ തേടുന്ന കുഞ്ഞാടുകളല്ലേ ഭൂരിഭാഗവും. (ആളുകള്‍ അങ്ങനെയാണ്, അത് മാറ്റാന്‍ പറ്റില്ല. എല്ലാവരും ഒരു ഇടയനെ, ഒരു മാര്‍ഗ്ഗദീപത്തെ തിരയുന്നു. മനുഷ്യന്റെ സ്വഭാവമാണ്).

  നല്ല നേതൃത്വം ഇല്ലാത്തതാണ് പ്രശ്നം എന്നുതന്നെ പലപ്പോഴും തോന്നുന്നു. ഉത്കൃഷ്ടമായ ചിന്താശക്തിയും തലയെടുപ്പുമുള്ള നേതാക്കളില്ലാത്തത്.

   
 8. c.k.babu

  Aug 17, 2007 at 16:21

  ഈ ആശയത്തോടു് ഞാന്‍ യോജിക്കുന്നു. ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. നല്ല നേതൃത്വം ഏതൊരു സമൂഹത്തിന്റേയും ഭാഗ്യമാണു്.

   
 9. കലാപന്‍..

  Apr 11, 2009 at 08:48

  സ്നേഹമുള്ളാ ബാബു ഞാന്‍ പോളി വറ്ഗ്ഗേസ് കാലാപന്‍ എന്ന്തു എന്റെ ബ്ലൊഗ് ആണു
  ഞാന്‍ ഇപ്പോള്‍ ഒരു ദൈവവും ഒരു മതവും ആയി ബന്ധമില്ല പണ്ടൂ മുതലെ ഞാന്‍ ഒരു സംഗീത പ്രേമി ആണു ഞാന്‍ അതിനിടയില്‍ എപ്പോഴോ ആണു ഞാന്‍ സെമിനാരിയില്‍ എത്ത പെട്ടതു
  ആ സമയത്തെ ഞാന്‍ പഴിക്കുന്നു ഞാന്‍ ഒരു സംഗീത കലകാരനാനു താങ്കളെ എനിക്കു ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടു സ്നേഹതോടെ ക്കൂടുകാരന്‍

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: