RSS

അക്വീനാസിന്റെ അഞ്ചു് “അന്തഃകരണങ്ങള്‍”

20 Jul

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (1225-1274) ഒരു സഭാപിതാവും, മതതത്വശാസ്ത്രജ്ഞനും ആയിരുന്നു വിശുദ്ധ തോമാസ് അക്വിനാസ്. സ്കൊളാസ്റ്റിക് യുഗത്തിന്റെ അനിഷേദ്ധ്യനേതാവായ തോമാസിനെ 1323-ല്‍ വിശുദ്ധനും, 1567-ല്‍ സഭാദ്ധ്യാപകനും (Dr. Angelicus) ആയി സഭ പ്രഖ്യാപിച്ചു. 1879-ലെ Aeterni Patris-ഇടയലേഖനത്തിലൂടെ തോമാസിന്റെ തത്വചിന്തകള്‍ കത്തോലിക്കാസ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. 1950-ലെ Humani Generis – ഇടയലേഖനം തോമാസിന്റെ ചിന്തകളെ റോമന്‍-കത്തോലിക്കാസഭയുടെ ഉറപ്പായ വഴികാട്ടിയായി അം‌ഗീകരിക്കുകയും, വ്യതിചലനങ്ങളെ നിരോധിക്കുകയും ചെയ്തു.

വിശുദ്ധനാക്കാന്‍ 49 വര്‍ഷം. സഭയുടെ അംഗീകൃത അദ്ധ്യാപകനാക്കാന്‍ 293 വര്‍ഷം. തത്വങ്ങളെ പഠനപരിശീലനത്തിനു് വിധേയമാക്കാന്‍ 605 വര്‍ഷം. അവ പഠിക്കാതിരിക്കുന്നതു് പാപമാണെന്നു് വിധിക്കുവാന്‍ 676 വര്‍ഷം! തോമാസ് പറഞ്ഞതെന്താണെന്നു് മനസ്സിലാക്കാന്‍ പിതാക്കള്‍ക്കു് അത്ര നാള്‍ വേണ്ടി വന്നിരിക്കണം. വിശ്വാസികള്‍ക്കു് സത്യം വെളിപ്പെടുത്തി കൊടുക്കാനാണു് ഇടയലേഖനങ്ങള്‍ എന്നു് ഇക്കഴിഞ്ഞദിവസം കേരളത്തിലെ ഒരു സഭാപിതാവു് പറഞ്ഞുകേട്ടു. അങ്ങനെയെങ്കില്‍ തോമാസ് കണ്ടെത്തിയ സത്യങ്ങള്‍ വിശ്വാസികള്‍ക്കു് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഇത്രയേറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നതു് എങ്ങനെ എന്നു് മനസ്സിലാവുന്നില്ല. അതോ, സഭയുടെ പണക്കിഴികളുടെ പള്ളയില്‍ കാറ്റു് കയറുമെന്നു് വരുമ്പോഴാ‍ണോ ഇടയലേഖനങ്ങള്‍ രൂപമെടുക്കുന്നതു്? പണക്കിഴി ചുരുങ്ങുന്നതു് മനസ്സിലാക്കാന്‍ കഴിയുന്ന അത്ര എളുപ്പം തത്വചിന്താപരമായ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നതിനാല്‍, ഇന്നു് ബൌദ്ധികലോകം പൊതുവേ അം‌ഗീകരിക്കുന്ന കാര്യങ്ങള്‍ ഒരു മുന്നൂറു് വര്‍ഷം കഴിയുമ്പോഴേക്കും ഒരുപക്ഷേ, സാവകാശം സഭാപിതാക്കളും മനസ്സിലാക്കിവരുമെന്നു് പ്രതീക്ഷിക്കാം, അന്നു് സഭ ഉണ്ടെങ്കില്‍! മറ്റു് ചികിത്സകള്‍ ഫലിക്കാതെ വന്നാല്‍, കാള്‍ മാര്‍ക്സിനെ പിടിച്ചു് വിശുദ്ധനാക്കാനുള്ള സാദ്ധ്യതയും പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. തോമാസ് മരിച്ചു് 49 വര്‍ഷം കഴിഞ്ഞപ്പോള്‍ വിശുദ്ധനായി. സത്യത്തേക്കാള്‍ വിശുദ്ധന്മാര്‍ക്കായിരുന്നു അക്കാലത്തു് യൂറോപ്പില്‍ കൂടുതല്‍ ഡിമാന്‍ഡ്. ലാറ്റിന്‍ അമേരിക്കയിലേയും, കേരളത്തിലേയുമൊക്കെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയായിരുന്നു ഏകദേശം അന്നത്തെ യൂറോപ്യന്‍ ക്രിസ്ത്യാനികളുടേതും. കണ്ടുകിട്ടുന്ന അസ്ഥികള്‍ ഏതെങ്കിലും വിശുദ്ധന്റെ തിരുശേഷിപ്പാക്കി മാറ്റാന്‍ അക്കാലത്തു് വളരെ എളുപ്പമായിരുന്നു. അതു് മനസ്സിലാക്കാന്‍ യൂറോപ്യന്‍ ചരിത്രത്തിന്റെ സ്വതന്ത്രരചനകള്‍ വായിച്ചാല്‍ മതി. ഇന്നു് യൂറോപ്പിലെ അവസ്ഥ മാറി. തന്മൂലം, ഇരുണ്ടവരിലും, കറുത്തവരിലുമൊക്കെ വിശുദ്ധന്മാര്‍ ഉണ്ടാവണമെന്ന ദഹിക്കാത്ത ആവശ്യം ചവയ്ക്കാതെ വിഴുങ്ങാന്‍ യൂറോപ്യന്‍ പിതാക്കള്‍ നിര്‍ബന്ധിതരാവുന്നു. കറുത്ത വിശുദ്ധന്മാര്‍ വെളുത്ത യൂറോപ്പില്‍ നിന്നും വളരെ അകലെയാണെന്നതു് മാത്രമാണു് അവരുടെ ഒരേയൊരാശ്വാസം. അതേസമയം, ഒരു ആഫ്രിക്കക്കാരനെ മാര്‍പാപ്പ ആക്കണമെന്നു് പറഞ്ഞാല്‍, അതു് കാര്യം വേറെ.

തോമാസിനുശേഷം പെരിയാറിലൂടെ വെള്ളമേറെയൊഴുകി. ദൈവാസ്തിത്വം തെളിയിക്കുവാന്‍ അദ്ദേഹം അവതരിപ്പിച്ച വാദമുഖങ്ങളെ ബൌദ്ധിക ലോകം പണ്ടേ ഉപേക്ഷിച്ചു. പക്ഷേ, അക്വിനാസ് പൂര്‍ത്തിയാക്കിയ ജോലി അന്നത്തെ കാഴ്ചപ്പാടില്‍ അനുപമമായിരുന്നു. അതിന്റെ അതുല്യമഹത്വം മനസ്സിലാക്കണമെങ്കില്‍ ആ കാലഘട്ടത്തെക്കുറിച്ചു് അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. തോമാസ് രം‌ഗപ്രവേശം ചെയ്യുമ്പോള്‍ യൂറോപ്പില്‍ നിലവിലിരിക്കുന്നതു് വിശുദ്ധ അഗസ്റ്റിന്റെ (A.D. 354 – 430) തത്വചിന്തകളാണു്. അതനുസരിച്ചു്, സത്യാന്വേഷികളായ മനുഷ്യര്‍ വിശ്വാസത്തിലാണു് ആശ്രയം തേടേണ്ടതു്. പക്ഷേ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അരിസ്റ്റോട്ടിലിന്റെ രചനകളുടെ ലാറ്റിന്‍ പരിഭാഷ, ഇസ്ലാമിക് തത്വചിന്തകന്മാരുടെ കമന്റ്സ് സഹിതം പ്രത്യക്ഷപ്പെടുന്നു. തോമാസിനു് ഗ്രീക്ക് ഭാഷ അറിയില്ലായിരുന്നു. അതുകൊണ്ടു് അരിസ്റ്റോട്ടിലിനെ മനസ്സിലാക്കാന്‍ ഈ തര്‍ജ്ജമകളല്ലാതെ അദ്ദേഹത്തിനു് മറ്റു് മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നുമില്ല. ഈ ഇസ്ലാം ചിന്തകരില്‍‍ പ്രധാനി, തന്റെ രചനകളില്‍ വിശ്വാസത്തേക്കാള്‍ യുക്തിക്കു് മുന്‍‌ഗണന നല്‍കിയ, അറേബ്യയില്‍ ഇബ്‌ന്‍ റുഷ്‌ദ് എന്നറിയപ്പെടുന്ന, അവെറൊയെസ് ആയിരുന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളുടെ ശക്തിയും, ആധികാരികതയും തെളിമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഇസ്ലാം പണ്ഡിതരെ പിന്‍‌തുടരാന്‍ പല ബുദ്ധിജീവികളും തയ്യാറായി. താമസിയാതെ അവെറൊയിസം എന്ന തത്വചിന്താപരമായ ഒരു ശാഖ തന്നെ രൂപമെടുത്തു് വളര്‍ന്നു. ഇത്രയുമായപ്പോള്‍, അതു് സ്വന്തം പഠിപ്പിക്കലുകള്‍ക്കും, നിലനില്‍പിനു് തന്നെയും ഭീഷണിയാവുമെന്നു് മനസ്സിലാക്കിയ കത്തോലിക്കാസഭ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമായി. അരിസ്റ്റോട്ടിലിന്റെ ‍തത്വങ്ങളെ അവഗണിച്ചതുകൊണ്ടോ നിരോധിച്ചതുകൊണ്ടോ വലിയ പ്രയോജനമില്ലാത്ത സാഹചര്യം. ഈ പ്രതിസന്ധി പരിഹരിക്കാന്‍ തോമാസിന്റെ ഗുരുനാഥനായിരുന്ന ആല്‍ബെര്‍ട്ടസ് മാഗ്‌നസ് അടക്കം പല സഭാപിതാക്കളും പരിശ്രമിച്ചു് പരാജയപ്പെട്ട പാരീസിലെ അങ്കക്കളരിയിലാണു് തോമാസ് എത്തിച്ചേരുന്നതു്.

ക്രിസ്ത്യാനി അല്ലാത്തവര്‍ക്കും ദൈവത്തെ അറിയുവാനും, അതുവഴി ക്രിസ്തുമതത്തിന്റെ മഹത്വം മനസ്സിലാക്കുവാനും കഴിയുന്ന വിധത്തില്‍, വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ, കാര്യകാരണസഹിതം ദൈവാസ്തിത്വം തെളിയിക്കുക എന്ന ജോലി തോമാസ് ഏറ്റെടുക്കുന്നു. അതിനു്, ആദ്യമായി അരിസ്റ്റോട്ടിലിനെ (ബൈബിളിനെയല്ല!) സമഗ്രമായി പഠിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. അതിനുശേഷം ദൈവാസ്തിത്വം സം‌ബന്ധിച്ചു് അക്കാലത്തു് നിലവിലിരുന്ന തത്വങ്ങളെ തോമാസ് തന്റേതായ വാദമുഖങ്ങള്‍ കൊണ്ടു് ഖണ്ഡിക്കുന്നു. വലിച്ചെറിഞ്ഞവയുടെ കൂട്ടത്തില്‍ തന്റെ ഒരു മുന്‍‌ഗാമി ആയിരുന്ന Saint Anselm of Canterbury-യുടെ (1033 – 1109) ഓന്റൊളോജിക്കല്‍ ആര്‍ഗ്യുമെന്റും ഉള്‍പ്പെടും. ആന്‍സെല്‍മിനാണെങ്കില്‍ അതു് 1099 ജുലൈ മാസം 13-‌‌നു് പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്ന സമയത്തു് ദൈവം നേരിട്ടു് ഒരു വെളിപാടിലൂടെ പറഞ്ഞുകൊടുത്തതായിരുന്നുതാനും. Anselm അപ്പോഴേക്കും ഇഹലോകവാസം വെടിഞ്ഞു് ദൈവസന്നിധിയില്‍ എത്തിയിരുന്നല്ലോ. തോമാസിന്റെ ഈ കടുംകൈ കണ്ട ദൈവം ആന്‍സെല്‍മിനെ എന്തുപറഞ്ഞു് ആശ്വസിപ്പിച്ചു എന്നെനിക്കറിയില്ല. അങ്ങനെ, ശല്യം ചെയ്തിരുന്ന സകല തത്വങ്ങളെയും തൂത്തെറിഞ്ഞ ശേഷം തോമാസ് തന്റെ ജോലി ആരം‌ഭിക്കുന്നു. അതിന്റെ ഫലമാണു് Summa contra Gentiles, Summa Theologiae എന്ന അദ്ദേഹത്തിന്റെ എറ്റവും പ്രധാനപ്പെട്ട രണ്ടു് ഗ്രന്ഥങ്ങള്‍ .

വിശ്വാസത്തില്‍ അധിഷ്ഠിതമായ വി. അഗസ്റ്റിന്റെ ചിന്താഗതികളും, അതോടൊപ്പം സ്വതന്ത്രവും, തത്വചിന്തയില്‍ അധിഷ്ഠിതവും, മതസിദ്ധാന്തങ്ങളില്‍ നിന്നു് വേറിട്ടതും, അനുഭവമാത്രവുമായ (empirical) ഒരു സത്യത്തിന്റെ നിലനില്‍പു് അവകാശപ്പെടുന്ന അവെറൊയിസ്റ്റ് വാദഗതികളും സമന്വയിപ്പിച്ചു്, അരിസ്റ്റോട്ടിലിന്റെ മാതൃകയില്‍, ഒരു വ്യവസ്ഥയ്ക്കുള്ളിലാക്കാന്‍ (system) കഴിഞ്ഞതാണു് തോമാസിന്റെ നേട്ടം. പക്ഷേ, ഒരുവശത്തു് ഇന്ദ്രിയാനുഭവങ്ങളിലും, യുക്തിയിലും അധിഷ്ഠിതമായ മതതത്വശാസ്ത്രവും, മറുവശത്തു് വിശ്വാസത്തിലും ദൈവകാരുണ്യത്തിലും അധിഷ്ഠിതമായ മതതത്വശാസ്ത്രവും തമ്മില്‍ വേര്‍തിരിച്ചു് രണ്ടിന്റേയും ലക്‍ഷ്യം ദൈവത്തെ മനസ്സിലാക്കലാണു് എന്നു് സ്ഥാപിച്ച തോമാസ് അതു് പിത്ക്കാലത്തു് സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി ബോധവാനായിരുന്നില്ല. തോമാസ് സദുദ്ദേശത്തോടുകൂടി സ്ഥാപിച്ച വസ്തുതകള്‍ അതുവരെ സാധുത്വമുണ്ടായിരുന്ന കാഴ്ചപ്പാടുകളെ അസാധുവാക്കിത്തീര്‍ക്കുകയായിരുന്നു. ദൈവവും ലോകവും, അറിവും യാഥാര്‍ത്ഥ്യവും, വിശ്വാസവും യുക്തിയും (reason/rationality) തമ്മില്‍ നിലനിന്നിരുന്ന ഏകത്വം തന്റെ വ്യവസ്ഥാപിതചിന്തകള്‍ വഴി മനസ്സറിയാതെ തോമാസ്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇന്നും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണു് അധികപങ്കു് സഭാപിതാക്കളും.

തോമാസിന്റെ അഞ്ചു് ദൈവാസ്തിത്വതെളിവുകള്‍ :

1. ചലനം പ്രപഞ്ച സ്വഭാവമാണു്. ഇതു് ആരോ സം‌ഭവിപ്പിക്കുന്നതാവണം. തന്‍‌മൂലം, അരിസ്റ്റോട്ടിലിന്റെ സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവനെപ്പോലെ, അചഞ്ചലനായ ഒരു ദൈവമുണ്ടായേ പറ്റൂ.

2. കാര്യങ്ങള്‍ക്കു് ഒരു നിമിത്തം വേണ്ടേ? നിമിത്തങ്ങള്‍ക്കു് നിമിത്തമാവാന്‍ സ്വയം നിമിത്തമാവശ്യമില്ലാത്ത ഒരു ആദ്യനിമിത്തവും? വേണമെന്നു് തോമാസ് പറയുന്നു.

3. പ്രപഞ്ചത്തിലെ യാദൃച്ഛികതയുടെ വിശദീകരണം? തോമാസിന്റെ മറുപടി: യാദൃച്ഛികതയ്ക്കു് അപ്പുറമുള്ള ദൈവമെന്ന സത്തയുടെ സ്വത്വം!

4. ലോകത്തിലെ അപൂര്‍ണ്ണതകള്‍ കാണുമ്പോ‍ള്‍ ഒരു അന്തിമ പൂര്‍ണ്ണതയെപ്പറ്റി സങ്കല്പിക്കാന്‍ കഴിയുന്നില്ലേ? അതാണു് ദൈവത്തിനു് തോമാസ് നല്‍കുന്ന നാലാമത്തെ തെളിവു്.

5. ലോകത്തില്‍ എവിടെ നോക്കിയാലും ഒരു പൊരുത്തവും ഐക്യവും കാണാന്‍ കഴിയുന്നില്ലേ? പൂക്കള്‍. പുഴുക്കള്‍. പറക്കണമെന്നതിനാല്‍ പക്ഷികള്‍ക്കു് ചിറകുകള്‍. ആഹരിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യണമെന്നതിനാല്‍ ജീവികള്‍ക്കു് അതിനനുയോജ്യമായ അവയവങ്ങള്‍…. ഇവയൊക്കെ കാണുമ്പോള്‍ ഒന്നുകില്‍ അതെല്ലാം യാദൃച്ഛികതയെന്നോ, അല്ലെങ്കില്‍ ബുദ്ധിമാനായ ദൈവത്തിന്റെ ലക്‍ഷ്യബോധമെന്നോ പറയാം. തോമാസ് സൌകര്യത്തിന്റെ പേരില്‍ രണ്ടാമത്തെ മറുപടി സ്വീകരിക്കുന്നു.

ചരിത്രത്തില്‍ എക്കാലവും, മനുഷ്യബുദ്ധിയുടെ വളര്‍ച്ചക്കനുസൃതമായി, നിലവിലിരിക്കുന്ന ദൈവാസ്തിത്വനീതീകരണസിദ്ധാന്തങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നു് വരുമ്പോള്‍, തെളിവുകള്‍ എന്ന പേരില്‍ പുതിയ വാദമുഖങ്ങള്‍ രം‌ഗപ്രവേശം ചെയ്തിട്ടുണ്ടു്. പ്രപഞ്ചത്തെ സംബന്ധിച്ചു് മനുഷ്യനു് കാര്യമായി ഒന്നും അറിയുകയില്ലെന്നും അറിയാന്‍ കഴിയുകയില്ലെന്നും അം‌ഗീകരിക്കാന്‍ കഴിയാത്തതാണു് അതേ പ്രപഞ്ചത്തിന്റെ തന്നെ കാരണഭൂതനാവേണ്ട ദൈവത്തെ അറിയാനും തെളിയിക്കാനുമൊക്കെ സാധിക്കുമെന്നു് വിശ്വസിക്കാനും വീമ്പിളക്കാനുമുള്ള തന്റേടം മനുഷ്യനു് നല്‍കുന്നതു്. അറിയാന്‍ കഴിയാത്തതിനെ അറിയുന്നതെങ്ങനെ?

എത്നൊളോജിക്കല്‍ ആര്‍ഗ്യുമെന്റ്, ഹിസ്റ്റോറിക്കല്‍ ആര്‍ഗ്യുമെന്റ്, ഓന്റൊളോജിക്കല്‍ ആര്‍ഗ്യുമെന്റ്, റ്റെലിയൊളോജിക്കല്‍ ആര്‍ഗ്യുമെന്റ്, നോമൊളോജിക്കല്‍ ആര്‍ഗ്യുമെന്റ് മുതലായവ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ മനുഷ്യര്‍ പയറ്റിയ അടവുകളില്‍ ചിലതു് മാത്രമാണു്. കസര്‍ത്തുകള്‍ വേറെ പലതുമുണ്ടു്. തെളിയിക്കല്‍ മാത്രം ഇതുവരെ നടന്നില്ല. എവിഡെന്‍സ് ഉണ്ടോ എന്നു് നോക്കിയല്ല വിശ്വാസി വിശ്വസിക്കുന്നതു് എന്നതിനാല്‍ കാര്യങ്ങള്‍ എല്ലാം ഇന്നും പഴയപോലെതന്നെ.

ഇമ്മാന്വേല്‍ കാന്റിനു് (1724 – 1804) ശേഷം ദൈവാസ്തിത്വം തെളിയിക്കുവാന്‍ ഗൌരവമായ ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയതായി അറിവില്ല. അങ്ങനെയൊരു ശ്രമത്തില്‍ ആരെങ്കിലും വിജയിച്ചാല്‍ സഭാപിതാക്കള്‍ നേരിട്ടു് വീട്ടിലെത്തി വിവരം പറയുമെന്നതിനാല്‍, തങ്ങള്‍ക്കു് വാര്‍ത്ത കിട്ടാതെ പോയതാണോ എന്ന സംശയം ആര്‍ക്കും ആവശ്യമില്ലതാനും. ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ മാത്രമായി ജനിച്ചവനായ കാന്റിനുപോലും കഴിഞ്ഞില്ല ദൈവാസ്തിത്വം തെളിയിക്കാന്‍. അതുകൊണ്ടാവാം ഒരുപക്ഷേ, അദ്ദേഹത്തിനു് ശേഷം അങ്ങനെയൊരു ശ്രമത്തിനു് പിന്നീടാരും മുതിരാതിരുന്നതു്. സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെ സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ പണിയായുധങ്ങള്‍ കൊണ്ടു് തെളിയിക്കാന്‍ ശ്രമിക്കുന്നതു് അര്‍ത്ഥശൂന്യവും നിഷ്ഫലവുമാണെന്നു് ചിന്താശേഷിയുള്ള ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞു.

ഭൌതികത എന്നൊരു പദം രൂപമെടുത്തു് കഴിഞ്ഞാല്‍, അതിനു് അതീതമായ ഒരു അവസ്ഥയെ അതിഭൌതികത എന്നു് വിളിക്കാന്‍ അവിടെ എന്താണു് എന്നറിയണമെന്നു് യാതൊരു നിര്‍ബന്ധവുമില്ല. അവിടെ എന്തുവേണമെങ്കിലും സങ്കല്പിക്കുവാന്‍ മനുഷ്യനു് കഴിയും. അതിഭൌതികതയില്‍ കായംകുളം കൊച്ചുണ്ണി പദ്മാസനത്തിലിരുന്നു് അതീന്ദ്രിയധ്യാനം നടത്തുകയാണെന്നോ, നീര്‍ക്കോലി ശീര്‍ഷാസനം ചെയ്യുകയാണെന്നോ, ഹിമാലയപര്‍വ്വതത്തിന്റെ ഇളയമ്മാവന്‍ അവിടെ ഒരു ലോട്ടറിക്കട നടത്തുകയാണെന്നോ, മറ്റെന്തു് മസ്തിഷ്കഭൂതമോ സങ്കല്പിക്കുവാന്‍ ആര്‍ക്കും ഒരു തടസ്സവുമില്ല. പദങ്ങള്‍ മനുഷ്യനിര്‍മ്മിതമാണു്. പദാര്‍ത്ഥങ്ങള്‍ സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ ഭാഗമാണു്. അതിനപ്പുറമുള്ളതെല്ലാം സങ്കല്പഭൂതങ്ങളാണു്. അവയുമായി ബന്ധപ്പെടേണ്ട ആവശ്യം മനുഷ്യനില്ല.

ഏതായാലും, ദൈവാസ്തിത്വത്തിന്റെ തെളിവിനായി ഇമ്മാന്വേല്‍ കാന്റ് നല്‍കുന്ന ചില വാദമുഖങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഇതുവരെ ആരും ഈ ശ്രമത്തില്‍ വിജയിച്ചില്ലെന്നും, ഇവിടെയും ഇതു് ഒരു തെളിവായി അല്ല, ഒരു അടിസ്ഥാനചിന്ത മാത്രമായി പരിഗണിക്കണമെന്നും കാന്റ് തന്നെ ക്ഷമാപണം ചെയ്യുന്നുണ്ടു്.

1. വസ്തുക്കളുടെ ആന്തരികസാദ്ധ്യത എന്തെങ്കിലുമൊരു അസ്തിത്വം ആവശ്യമാക്കിത്തീര്‍ക്കുന്നു.

2. യാതൊന്നും നിലനില്‍ക്കുന്നില്ല എന്നതു് എന്തായാലും അസാദ്ധ്യമാണു്.

3. അനിവാര്യമായ ഒരു സത്ത എന്തായാലും നിലനില്‍ക്കുന്നുണ്ടു്.

4. അനിവാര്യമായ ആ സത്ത ഏകമാണു്.

5. അനിവാര്യമായ ആ സത്ത ലളിതമാണു്.

6. അനിവാര്യമായ ആ സത്ത പരിണാമാതീതവും ശാശ്വതവുമാണു്.

7. അനിവാര്യമായ ആ സത്ത അത്യുന്നത യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു.

8. അനിവാര്യമായ ആ സത്ത ഒരു ചൈതന്യമാണു്.

9. അതൊരു ദൈവമാണു്.

ഇതു് ദൈവാസ്തിത്വത്തിനുള്ള ഒരു തെളിവു് ആകാന്‍ കഴിയില്ല എന്നു് മനസ്സിലാക്കാന്‍ ഇന്നുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, ചൂടും (heat), ഊഷ്മാവും (temperature) വ്യത്യസ്തമായ ഭൌതിക മാനങ്ങളായി കാണുവാന്‍ ശാസ്ത്രം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കാന്റിനോടു് ക്ഷമിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ടു്.

ഇന്നു് നമ്മള്‍ ജീവിക്കുന്നതു് ക്വാണ്ടം ഫിസിക്സിന്റെ ലോകത്തിലാണു്. ബഹിരാകാശഗവേഷണങ്ങളുടെ ലോകത്തിലാണു്. ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി മുതലായവയുടെ ഇടയിലൂടെ പ്രകൃതിയില്‍ ഒരു അഞ്ചാം മൌലികശക്തിയെ തേടിക്കൊണ്ടിരിക്കുകയാണു് ഇന്നു് മനുഷ്യന്‍. പ്രകൃതിശാസ്ത്രം ആദ്യകാരണങ്ങളെയും ദൈവങ്ങളെയും അതിജീവിച്ചു് കഴിഞ്ഞു. ഊണിലും, ഉറക്കത്തിലും, വിസര്‍ജ്ജനത്തിലും തന്നെ ഇടവിടാതെ ഉറ്റുനോക്കുന്ന ഒരു ബിഗ് ബ്രദറുടെ കയ്യിലല്ല, അവന്റെ സ്വന്തം കയ്യിലാണു് മനുഷ്യന്റെ വിധി. പിന്‍പോട്ടോ മുന്‍‌പോട്ടോ പോകേണ്ടതെന്നു് തീരുമാനിക്കേണ്ടതു് ഇന്നു് അവനവന്‍ തന്നെയാണു്. പുറകോട്ടു് പോകാന്‍ എളുപ്പമാണു്, പുറകോട്ടു് വലിക്കുന്നവരുടെ പുറകെ പോയാല്‍ മതി.

 

Tags: , ,

4 responses to “അക്വീനാസിന്റെ അഞ്ചു് “അന്തഃകരണങ്ങള്‍”

 1. Rajeesh || നന്പ്യാര്‍

  Jul 28, 2007 at 11:49

  എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ ഈ പോസ്റ്റ്

   
 2. c.k.babu

  Jul 28, 2007 at 15:57

  Hallo Rajeesh,
  നന്ദി! നന്മകള്‍ ആശംസിക്കുന്നു!!

   
 3. സിമി

  Aug 9, 2007 at 18:43

  വലിയ പോസ്റ്റായതുകൊണ്ട് ഇപ്പൊഴാണ് വായിച്ചത്.

  ദൈവത്തെക്കുറിച്ച് അഹം ബ്രഹ്മാസ്മി തത്വമസി എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം, എങ്കിലും;

  ദൈവം ഇല്ല എന്ന് യുക്തികൊണ്ട് തെളിയിക്കാനാവുന്നില്ല.

  ദൈവം ഉണ്ട് എന്നും യുക്തികൊണ്ട് തെളിയിക്കാനാവുന്നില്ല.

  എല്ലാം – യുക്തിവാദവും മതങ്ങളും എല്ലാം – പൂര്‍ണ്ണമായ തെളിവുകളില്ലാതെ വിശ്വാസങ്ങള്‍ മാത്രമാവുന്നു. ചിന്തിച്ച് ഒരു ആഗ്നോസ്റ്റ് – അജ്ഞേയതാവാദി മാത്രമേ ആവാന്‍ കഴിയുന്നുള്ളൂ – മനുഷ്യ ചിന്തയുടെ പരിമിതികളായിരിക്കാം. അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയിലെ പരിമിതികളായിരിക്കാം.

  1800-കളുടെ അവസാനത്തില്‍ ലോകത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ശാസ്ത്രം ഏതാനും വര്‍ഷങ്ങള്‍ക്കകം, ഉടന്‍, നല്‍കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. എന്തുകൊണ്ടോ അത് സംഭവിച്ചില്ല. ഇന്നത്തെ ശാസ്ത്രം അങ്ങനെ ഒരു വിശ്വാസം വെച്ചുപുലര്‍ത്തുന്നു എന്നും തോന്നുന്നില്ല.

  ഇങ്ങനെ വരുമ്പോള്‍ ദൈവം ഉണ്ട്, അല്ലെങ്കില്‍ ദൈവം ഇല്ല എന്നീ‍ രണ്ടു വിശ്വാസങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തിലേക്ക് ചായാനേ കഴിയുന്നുള്ളൂ. ഞാന്‍ പറഞ്ഞത് ചായ്‌വ് എന്നാണ്. കണ്ണുമടച്ചുള്ള പൂര്‍ണ്ണമായ വിശ്വാസം ആണ് സുഖപ്രദം, പക്ഷേ ചോദ്യങ്ങള്‍ അവിടെ അവസാനിക്കുന്നു. അത് മനുഷ്യന്റെ ചിന്തയെ ഓരോ ഓരോ മുറികളില്‍ ഇട്ട് പൂട്ടുന്നു.

  ആകെ – ദൈവം ഒരു വ്യക്തിപരമായ അനുഭവം ആണെന്നു പറയാം. ചിലര്‍ ഒരിക്കല്‍ അത് അനുഭവിക്കുന്നു. ചിലര്‍ പലതവണ അത് അനുഭവിക്കുന്നു. ചിലര്‍ അനുഭവിച്ചിട്ടും അതിനെ അറിയുന്നില്ല. ഒരു കൂട്ടുകാരന്‍ പറഞ്ഞത്, “I feel god is constantly trying to communicate with me, but I am not listening” എന്നായിരുന്നു. ചിലര്‍ക്ക് ഈ അനുഭവം ഉണ്ടാവുന്നേ ഇല്ലായിരിക്കാം.

  ഇനി അഥവാ ദൈവം ഉണ്ടെങ്കില്‍ തന്നെ – ദൈവം എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്നത് മനുഷ്യ യുക്തിക്കു നിരക്കുന്നതാണോ, മനുഷ്യനു വിഭാവനം ചെയ്യാവുന്നതാ‍ണോ എന്നതും തര്‍ക്കവിഷയമാണ്.

  ഹിച്ച്‌ഹൈക്കേഴ്സ് ഗൈഡ് റ്റു ഗാലക്സി എന്ന പുസ്തകത്തില്‍ ചിലര്‍ ഒരു വിദൂരഗൃഹത്തില്‍ പോയി വെള്ളത്താടിയുള്ള, വൃദ്ധനായ ദൈവത്തെക്കാണുന്ന ഒരു അദ്ധ്യായമുണ്ട്. അവര്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ദൈവത്തോട് ചോദിക്കുന്നു. ദൈവത്തിനു അതിനൊന്നും ഉത്തരം അറിയില്ല. പ്രപഞ്ചം എങ്ങോട്ടാ‍ണ് പോവുന്നത്, എന്താണ് ഭാവി, എന്നിങ്ങനെ. ദൈവത്തിനു ഒന്നും അറിയില്ല. ആകെ ദൈവത്തിനു അറിയാവുന്നത് തന്റെ വളര്‍ത്തുമീന് ആഹാരം കൊടുക്കാന്‍ മാത്രമാണ്.

  ഞാനെഴുതിയ ദൈവശാസ്ത്രപരമായ കഥവായിച്ചതിനു നന്ദി 🙂 ദൈവത്തിനു ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, ചെയ്യാന്‍ കഴിവുണ്ടെന്നു തോന്നുന്നും ഇല്ല എന്നായിരുന്നു കാച്ചാന്‍ നോക്കിയത്.

   
 4. c.k.babu

  Aug 28, 2007 at 11:44

  ഞാന്‍ ഇന്നലെയാണു് ഈ കമന്റ് ക്ണ്ടതു്. ഇത്രയും താമസിച്ചതുകൊണ്ടു് ആരെങ്കിലും ഇനി വായിക്കുമെന്നു് കരുതിയില്ല. സിമി പരാമര്‍ശിച്ച കാര്യങ്ങള്‍ “ദൈവങ്ങള്‍ അര്‍ദ്ധദൈവങ്ങള്‍” എന്ന എന്റെ ബ്ലോഗില്‍ പരാമര്‍ശിക്കാനാവുമെന്നു് കരുതുന്നു. കമന്റിനു് നന്ദി!

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: