സ്വന്തം ആദര്‍ശങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യങ്ങളും തിരിച്ചറിയുവാന്‍ വേണ്ടി വിവേചനശേഷിയുള്ള ഒരു ജീവി എന്ന നിലയില്‍ ഏതൊരു മനുഷ്യനും അവയെ നിഷ്പക്ഷവും അടിസ്ഥാനപരവുമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കാനുള്ള മൗലികമായ ബാദ്ധ്യത ഉണ്ടെന്നാണെന്റെ വിശ്വാസം. തന്റെ വിശ്വാസപ്രമാണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയേണ്ടി വരുമ്പോള്‍, പ്രമാണങ്ങളും പ്രവൃത്തികളും പരസ്പരബന്ധമില്ലാതെ വ്യതിചലിക്കുന്നതു് കാണേണ്ടി വരുമ്പോള്‍, അതു് നിരുപാധികം അംഗീകരിച്ചുകൊണ്ടു് മനസ്സു് സ്വതന്ത്രമാക്കുവാനും, വിശ്വാസയോഗ്യത കൈവരിക്കുവാനും വേണ്ടി അനാവശ്യഭാരങ്ങള്‍ തലയില്‍ നിന്നും വലിച്ചെറിയാനുള്ള പ്രാഥമികമായ കടപ്പാടു് ഒരുവനുണ്ടു്. പലപ്പോഴും ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ടു്: എന്റെ സ്വന്തം രാജ്യത്തില്‍ ജാതിയും മതവും, വര്‍ഗ്ഗവും വര്‍ണ്ണവും, മനുഷ്യരെ തരം തിരിക്കുന്ന മറ്റു് ഇനങ്ങളും മാനങ്ങളും അതിന്റെ ഏറ്റവും ക്രൂരമായ ഭാവങ്ങളില്‍ ഒരു ലളിതയാഥാര്‍ത്ഥ്യമായി നിലവിലിരിക്കുന്നു എന്നു വ്യക്തമായി അറിയേണ്ടിവരുമ്പോള്‍, യൂറോപ്പിലോ ലോകത്തില്‍ മറ്റു് എവിടെയെങ്കിലുമോ കാണാന്‍ കഴിയുന്ന വര്‍ഗ്ഗ-വര്‍ണ്ണവിവേചനങ്ങളെപ്പറ്റി ക്ഷോഭിക്കുവാനുള്ള എന്തവകാശമാണു് എനിക്കുള്ളതു്? ഭാരതത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ നിലവിലിരിക്കുന്ന സാമൂഹിക ഉച്ചനീചത്വങ്ങളുടെ ഭീമത്വം മൂലം, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗഭേദം പരിശോധിക്കാന്‍ കഴിയുന്ന ശാസ്ത്രീയസാദ്ധ്യത ദുരുപയോഗം ചെയ്തു്, സ്ത്രീഭ്രൂണത്തെ കാലേകൂട്ടി ഗര്‍ഭത്തില്‍ വച്ചുതന്നെ നശിപ്പിച്ചു് “അനഭിലഷണീയരായ” പെണ്‍കുഞ്ഞുങ്ങള്‍ ഈ ലോകത്തിന്റെ വെളിച്ചം കാണാന്‍ ഇടവരാതാക്കിത്തീര്‍ക്കുന്നതു് ഒരു സാധാരണത്വമായി മാറിക്കഴിഞ്ഞ, ഒരിക്കല്‍ അറിവിന്റെ ഉറവയായിരുന്ന, ഒരു പുരാതനസംസ്കാരത്തില്‍? ദാരിദ്ര്യരേഖയ്ക്കു താഴെ, ജീവിക്കുകയോ ജീര്‍ണ്ണിക്കുകയോ എന്നറിയാത്ത അവസ്ഥയില്‍ കഴിയേണ്ടിവരുന്ന ജനകോടികളുടെയിടയില്‍ സ്ത്രീകള്‍ സാമ്പത്തികമായി താങ്ങാനാവാത്ത ഒരു ഘടകമായി കണക്കാക്കപ്പെടുന്നുവെങ്കില്‍, അതിന്റെ ഏകപക്ഷീയവും, പൂര്‍ണ്ണവുമായ ഉത്തരവാദിത്വം ഭാരതീയസമൂഹത്തിന്റേതല്ലാതെ മറ്റാരുടേതാണു്? സ്ത്രീയും, പുരുഷനും തമ്മിലുള്ള പ്രകൃതിസഹജമായ പരസ്പരപൂരകത്വവും, സമതുലനാവസ്ഥയും നശീകരണപ്രവണതയോടെ, മനഃപൂര്‍വ്വമായ കടന്നാക്രമണം വഴി ജനസംഖ്യാപരമായി താളം തെറ്റിക്കുന്നതു് എങ്ങനെ, എത്രനാള്‍ ഒരു സമൂഹത്തിനു് പ്രതിനിധീകരിക്കാനാവും? ഒരു തൊഴിലിനോടു് ജന്മനാ വാസനയും, വൈഭവവും പുലര്‍ത്തുന്ന ഒരുവന്‍, അവന്‍ ഏതെങ്കിലും ഒരു പ്രത്യേക ജാതിയില്‍ പിറന്നു എന്നതിന്റെ മാത്രം പേരില്‍, ആ ജാതിയുമായി ബന്ധപ്പെട്ട മറ്റൊരു തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നുവെങ്കില്‍ അതാരുടെ കുറ്റം? സ്വതന്ത്രമായ തീരുമാനത്തിലൂടെ ഒരുവന്‍ അലക്കുകാരനോ, ക്ഷൗരക്കാരനോ ആകുന്നുവെങ്കില്‍ അതവന്റെ വ്യക്തിപരമായ കാര്യമാണു്. അതേസമയം, സമൂഹത്തിലെ ഏതെങ്കിലും ഒരു ഘടകം അവനെ അതിനു് നിര്‍ബന്ധിക്കുകയും, ഈ നിര്‍ബന്ധത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിനുള്ള അര്‍ഹത അവനു് നിഷേധിക്കുകയും ചെയ്യുമ്പോള്‍, അതു് മനുഷ്യസ്വാതന്ത്ര്യത്തിനു് കടിഞ്ഞാണിടലും, മനുഷ്യാവകാശലംഘനവും ആവുകയാണു് ചെയ്യുന്നതു്.
സമൂഹത്തിലെ ബലഹീനരായ നിശ്ചിതവിഭാഗങ്ങളെ, അവര്‍ സ്വയം തെരഞ്ഞെടുത്തതല്ലാത്ത, ബാഹ്യമായ സ്വഭാവജന്യഗുണങ്ങളുടെ പേരില്‍, ഏതോ പുരാതനമനുഷ്യഭാവനയില്‍ രൂപമെടുത്ത, “ദൈവീകമൂലം” അവകാശപ്പെടുന്ന ഏതാനും സൂത്രവാക്യങ്ങളുടെ പിന്‍ബലത്തില്‍ തരം തിരിക്കുന്നതു് സാമൂഹികമായ ഒരു പ്രശ്നം മാത്രമല്ല, വിശ്വാസവഞ്ചനയും, മനുഷ്യനിന്ദയും കൂടിയാണു്. മനുഷ്യരെ തരം തിരിക്കാനും, ജാതി തിരിക്കാനുമായി, മനുഷ്യരുടെ ഭാഷയില്‍ കല്‍പനകളും നിയമാവലികളും പുറപ്പെടുവിക്കുന്ന ദൈവങ്ങള്‍ക്കു് ബോധവാന്മാരും വിദ്യാസമ്പന്നരും വസിക്കുന്ന ഒരു ആധുനികസമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ല. തികച്ചും ഭൌതികമായ പ്രത്യേകതകളുടെ പേരില്‍ മനുഷ്യരെ ജാതി തിരിച്ചു് സമൂഹത്തിലെ വ്യത്യസ്ത തട്ടുകളിലാക്കി, തലമുറകളിലൂടെ, എന്നെന്നേക്കുമായി, മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട തൊഴിലുകള്‍ ചെയ്യാന്‍ വിധിക്കാനുള്ള അവകാശം ഒരു ദൈവത്തിനും ഉണ്ടായിക്കൂടാ. ഒരു തരംതിരിക്കല്‍യന്ത്രമായി അധഃപതിക്കേണ്ടിവരുന്ന ദൈവം സംശയലേശമെന്യേ, ഒരു മാനുഷിക കണ്ടുപിടുത്തമേ ആവൂ. ഈവിധം മനുഷ്യരാല്‍ തരംതാഴ്ത്തപ്പെടുമ്പോള്‍, നിഷ്ക്രിയനായി അതു സഹിക്കാന്‍ തയ്യാറാവുന്ന ഏതൊരു ദൈവവും മനുഷ്യരുടെ പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള തന്റെ കഴിവില്ലായ്മയുടെ ഏറ്റവും നല്ല തെളിവാണു്. അല്ലെങ്കില്‍ മനുഷ്യരുടെ ഈ “തോന്നിയവാസം” ദൈവം അനുവദിക്കുകയില്ലായിരുന്നു. സമൂഹത്തിന്റെ മുതുകില്‍ കയറി ഇരിക്കുന്നവരുടെ തുരുമ്പുവീണു് ദ്രവിച്ച ചിന്താശേഷിയുടെ അച്ചുകളില്‍ വളവും വക്രതയും രൂപമെടുത്തേക്കാമെങ്കിലും, അല്ലെങ്കില്‍ അതിനുവേണ്ടിത്തന്നെ, നിലവിലിരിക്കുന്ന താങ്ങാനാവാത്ത ദുഃസ്ഥിതികളിലേക്കു് വിരല്‍ ചൂണ്ടുവാനുള്ള അവകാശം മാത്രമല്ല, അധികാരവും ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കുണ്ടാവണം. മറ്റു സമൂഹങ്ങളിലെ താരതമ്യേന അവഗണനാര്‍ഹമായ അപര്യാപ്തതകളെ വിമര്‍ശിക്കുന്നതിനു് മുന്‍പു് ഭാരതീയരായ നമ്മള്‍ നമ്മുടെ സ്വന്തം സമൂഹത്തിലെ ജീര്‍ണ്ണതകള്‍ എത്രയും വേഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നതാവും ഉത്തമം. ഈ വസ്തുത പക്ഷേ ഭാരതീയനു് മാത്രം ബാധകമായ കാര്യമല്ല. ലോകപോലീസ് ചമഞ്ഞു്, അന്യസമൂഹങ്ങളിലെ അനീതികള്‍ അതിനേക്കാള്‍ ക്രൂരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന സകല ലോകരക്ഷകരും അറിഞ്ഞിരിക്കേണ്ട കാര്യമാണു്. അന്യസമൂഹങ്ങളില്‍ നിലവിലിരിക്കുന്ന തിന്മകളെക്കുറിച്ചുള്ള “ദുഃഖം” സ്വന്തം സമൂഹത്തിന്റെ നന്മയും സുഖവും സുരക്ഷിതമാക്കുന്നതിനുള്ളതാണെങ്കില്‍, അതു് നാട്യത്തെ മറച്ചുപിടിക്കാനുള്ള നീതിനിഷ്ഠയുടെ മുഖംമൂടി മാത്രമേ ആവൂ.
ഏതൊരു സമൂഹത്തിന്റെയും നേതൃത്വം ആ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. സമൂഹാംഗങ്ങളെ നയിക്കേണ്ടവര്‍, ചൂഷണം എളുപ്പമാക്കുന്നതിനുവേണ്ടി, അവരെ വിഡ്ഢിത്തത്തിലും അജ്ഞതയിലും തുടരാന്‍ അനുവദിക്കുന്നവരായാല്‍, അതുപോലൊരു ജനവിഭാഗത്തില്‍ നിന്നും സ്വന്തം വിധിയെ നേരിടാന്‍ കഴിവുറ്റ, ബോധവല്‍ക്കരിക്കപ്പെട്ട ഒരു പൗരവൃന്ദം എങ്ങനെ ഉരുത്തിരിയും? സാമൂഹികജീവിതത്തിന്റെ എല്ലാ ഭാഗങ്ങളേയും, ഭാവങ്ങളേയും വളര്‍ത്തിയെടുക്കാനുതകുന്ന, അറിവില്‍ അധിഷ്ഠിതമായ, യോഗ്യതയും കഴിവുമുള്ള വ്യക്തികളുടേയും വിവിധ സേവനമേഖലകളുടേയും നിരന്തരമായ സഹകരണവും, കഠിനമായ അധ്വാനവും വഴി മാത്രമേ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണം സാദ്ധ്യമാവൂ. പരസ്പരം ഗോഗ്വാവിളിയുമായി കൊടിയും പിടിച്ചു് തെരുവിലൂടെ ഓടിയതുവഴി ഇന്നോളം ഒരു സമൂഹവും വളര്‍ന്നിട്ടില്ല, വളരുകയുമില്ല. മനുഷ്യന്‍ അവന്റെ ശിക്ഷണത്തിന്റെ അടിമയാണു്. അതിന്റെ ഏറ്റവും വ്യക്തമായ തെളിവാണു് ഭാരതീയരുടെ ഇടയിലെ ജാതികള്‍. മനുഷ്യവിധിയെ ദൈവനിശ്ചയമായി ചിത്രീകരിക്കുകയും, തന്മൂലം നിരുപാധികം അംഗീകരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍, പ്രകൃതിസഹജവും, സ്വതന്ത്രമാവേണ്ടതുമായ സാമൂഹികമത്സരത്തില്‍ പങ്കെടുക്കാതെ പൂര്‍ണമനസ്സോടെ ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നതു് ബഹുഭൂരിപക്ഷം ജനങ്ങളുമാണു്. അതേസമയം, നിലനില്‍പ്പിനു് വേണ്ടിയുള്ള ഈ സമരം സകല ജീവജാലങ്ങളിലും കാണാന്‍ കഴിയുന്ന ഒരു സാധാരണ പ്രതിഭാസമാണു്. മനുഷ്യരുടെ കഴിവുകള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ല. നമ്പൂതിരിയോ പുലയനോ എന്നതിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടുന്നതല്ല മനുഷ്യരുടെ ടാലന്റുകള്‍. കാട്ടാളരാജാവിന്റെ മകനായ ഏകലവ്യനോടു് അവന്റെ വലതുകയ്യുടെ പെരുവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടാനുള്ള ക്രൂരത ദ്രോണാചാര്യര്‍ കാണിക്കാതിരുന്നെങ്കില്‍, ദൈവതുല്യം പാടി പുകഴ്ത്തപ്പെടുന്ന അര്‍ജ്ജുനനേക്കാള്‍ സമര്‍ത്ഥനായ വില്ലാളിവീരനാകുവാന്‍ ഒരുപക്ഷേ അവനു് കഴിഞ്ഞേനെ! ദ്രോണരുടെ ശിഷ്യനാവാനുള്ള യോഗ്യത നിഷേധിക്കപ്പെട്ടതുമൂലം ഗുരുവിന്റെ പ്രതിമയുടെ മുന്നില്‍ നിന്നു് അസ്ത്രവിദ്യ ശീലിച്ചു് അതില്‍ അര്‍ജ്ജുനനു് അസൂയ തോന്നത്തക്കവണ്ണം പ്രാവീണ്യം നേടിയ ഏകലവ്യന്റെ വലതുകയ്യുടെ പെരുവിരല്‍ തന്നെ (പഠിപ്പിക്കാത്തതിനുള്ള!) ഗുരുദക്ഷിണയായി വാങ്ങി അവനെ എന്നേക്കുമായി അസ്ത്രവിദ്യയോടു് വിട പറയിക്കുന്നതുവഴി അര്‍ജ്ജുനനു് മഹാഭാരതത്തിലെ അനിഷേദ്ധ്യനായകനായി എക്കാലവും വിളങ്ങുവാന്‍ വഴിയൊരുക്കുന്ന “നീതിനിഷ്ഠനായ” ദ്രോണാചാര്യര്‍! ഈ ഹിന്ദുപുരാണത്തില്‍ ഏകലവ്യന്‍ ദ്രോണരുടെ വികൃതവും ലജ്ജാവഹവുമായ ഈ അവകാശപ്പെടല്‍ ബഹുമാനപുരസരം, താഴാഴ്മയോടെ അനുസരിക്കുന്നതായി വായിക്കേണ്ടിയും കൂടി വരുമ്പോള്‍ ആ കൃതിയുടെ “പണ്ഡിതനായ” രചയിതാവു് യഥാര്‍ത്ഥത്തില്‍ എന്താണു് ലക്‍ഷ്യമാക്കുന്നതെന്നു് മനസ്സിലാക്കാവുന്നതേയുള്ളു. ദുര്‍ഗ്ഗന്ധവാഹിയായ സാമൂഹികവ്യവസ്ഥിതികള്‍ വഴി ലോകോത്തരരാവേണ്ടുന്ന പ്രതിഭാശാലികളുടെ രൂപമെടുക്കല്‍ മുളയിലേ നുള്ളി നശിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണിതു്. സഹസ്രാബ്ദങ്ങളിലൂടെ വര്‍ഗ്ഗങ്ങളും വര്‍ണ്ണങ്ങളും തിരിച്ചു്, വ്യക്തിത്വം നശിപ്പിച്ചു്, ധൈര്യം കെടുത്തി, വിഡ്ഢികളും അഭിപ്രായശൂന്യരുമാക്കിത്തീര്‍ത്ത ഒരു ജനവിഭാഗത്തിനു് സ്വന്തം ജീര്‍ണ്ണത തിരിച്ചറിഞ്ഞു്, സംസ്കാരസമ്പന്നമായ സാമൂഹികജീവിതത്തിലേക്കു് തിരിച്ചുവരുവാന്‍ വര്‍ഷങ്ങളിലൂടെയുള്ള, ഒരുപക്ഷേ, നൂറ്റാണ്ടുകളിലൂടെയുള്ള ശ്രമം വഴി മാത്രമേ സാധിക്കുകയുള്ളു. അന്ധമായ വിശ്വാസത്തിനോടുള്ള ഭാരതീയന്റെ അടങ്ങാത്ത അഭിനിവേശം അവനെ കൊണ്ടുചെന്നെത്തിച്ചതു് അവിടെയാണു്. ദ്രോണരും, അര്‍ജ്ജുനനും, ഏകലവ്യനുമെല്ലാം ഭാരതസമൂഹത്തില്‍ ഇന്നും ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ. അവര്‍ക്കു് മറ്റു് പേരുകള്‍ ലഭിച്ചു എന്ന വ്യത്യാസം മാത്രമേയുള്ളു.
എന്തിനു് ഒരു മനുഷ്യന്‍ താഴാഴ്മ കാണിക്കണം? ആരുടെ മുന്നില്‍? കോടാനുകോടി സൌരയൂഥങ്ങളെ “നിയന്ത്രിക്കേണ്ടവനായ” ഒരു ദൈവത്തിനു് മുന്നിലോ? മറ്റൊരു ഗാലക്സിയില്‍ നിന്നു് വീക്ഷിച്ചാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത ഈ ഭൂമിയില്‍ കൃമികളേപ്പോലെ ഇഴയുന്ന മനുഷ്യര്‍ മുട്ടുമടക്കി താഴാഴ്മ കാണിച്ചിട്ടു് ഒരു പ്രപഞ്ചനിയന്ത്രകശക്തിക്കു് എന്തു് നേടാന്‍? മനുഷ്യന്‍ തന്നേയും, തന്റെ സഹജീവികളേയും ബഹുമാനിക്കണമെന്നതു് മനസ്സിലാക്കാം. പക്ഷേ, ആരുടെയെങ്കിലും മുന്നില്‍ താഴാഴ്മ കാണിക്കാന്‍ ഏതു് മനുഷ്യനു് എന്തു് ബാദ്ധ്യത? മുതലാളിയുടെ മുന്നില്‍ തൊഴിലാളിയോ? മുതലാളിയുടെ ആഹാരത്തിനു് തൊഴിലാളിയുടെ വിയര്‍പ്പിന്റെ ഗന്ധമാണെന്നു് ഇതുവരെ ആരും പറഞ്ഞിട്ടില്ലെങ്കില്‍, ഇതാ, ഞാനിപ്പോള്‍ പറയുന്നു. തൊഴിലാളിക്കു് അങ്ങനെയൊരു ദുഃഖത്തിന്റെ ആവശ്യമില്ല. സാമൂഹികവ്യവസ്ഥിതി ഒരു വണ്‍വേ ട്രാഫിക് അല്ല. പരസ്പരം ബഹുമാനിക്കാന്‍ മുതലാളിയും തൊഴിലാളിയും ബാദ്ധ്യസ്ഥരാണു്. മറ്റു് മനുഷ്യരോടു് താഴാഴ്മ ആവശ്യപ്പെടുന്നവന്‍ ഗര്‍വ്വിയാണു്. സ്വയമേവ താഴാഴ്മ പ്രകടിപ്പിക്കുന്നവന്‍ ഉള്ളിന്റെയുള്ളില്‍ മറ്റുള്ളവരില്‍ നിന്നും പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്നു. ലോകവിമുഖരും, ഭിക്ഷാംദേഹികളുമായ സന്ന്യാസിമാര്‍ പോലും അടിസ്ഥാനപരമായി പ്രതീക്ഷിക്കുന്നതു് മോക്ഷമാണു് അഥവാ, സ്വര്‍ഗ്ഗത്തിലെ ദൈവികമായ സുഖവാസമാണു്. മനുഷ്യരുടെ ചോദ്യങ്ങള്‍ക്കു് അച്ചനും, കപ്യാരും തയ്യാറാക്കിവച്ചിരിക്കുന്ന റെഡിമെയ്ഡ് മറുപടികള്‍കൊണ്ടു് തൃപ്തിപ്പെടുകയല്ല, അവ സ്വയം തേടുകയാണു് ചെയ്യേണ്ടതു്. സ്വയം തേടാന്‍ കഴിവില്ലാത്തവര്‍ അച്ചനോടു് ചോദിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ല. അച്ചന്മാരുടെ സാധാരണ മറുപടിയായ പത്തു് മുട്ടുകുത്തല്‍ കൊണ്ടു് തൃപ്തിപ്പെടാനേ അതു് സഹായിക്കൂ. മനുഷ്യചേതന നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചലനാത്മകമൂല്യമാണു്. അല്ലാതെ മാറ്റങ്ങള്‍ക്കു് അതീതമായ ഒരു നിശ്ചലമൂല്യമല്ല. ഇന്നലെ വരെ ശരിയായിരുന്നു എന്നതുകൊണ്ടു് ഒന്നും ഇന്നുമെന്നും ശരിയായിക്കൊള്ളണമെന്നില്ല.
മസ്തിഷ്കത്തില്‍ വേരുറച്ചുപോയ ഘടകങ്ങളും, ഘടനകളുമാണു് പ്രധാനപ്രശ്നം. ഭാരതീയന്‍ മാത്രമല്ല, ഏതു് മനുഷ്യനും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഒരു വര്‍ഗ്ഗവാദിയാണു്. വര്‍ഗ്ഗവിവേചനം ചര്‍മ്മവര്‍ണ്ണത്തിന്റെയോ, സാമൂഹികവും സാംസ്കാരികവുമായ അംഗത്വത്തിന്റെയോ മാത്രം അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കാവുന്നതല്ല. തൊഴില്‍മേഖലകളില്‍, മതങ്ങളില്‍, എന്തിനു്, മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും വര്‍ഗ്ഗവിവേചനമെന്നു് വിവക്ഷിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്ത പ്രതിഭാസങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. മനുഷ്യാസ്തിത്വത്തിലെ എല്ലാ അതിര്‍തിരിക്കലുകളും വെട്ടിച്ചുരുക്കിയ വര്‍ഗ്ഗവിവേചനമെന്നു് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. ഈ വസ്തുതയെ നമ്മള്‍ ചിന്താപരമായി പിന്‍തുടര്‍ന്നാല്‍, ഓരോ വ്യക്തിയും, അന്തിമമായ അര്‍ത്ഥത്തില്‍, അവന്റേതു് മാത്രമായ ഒരു വര്‍ഗ്ഗമാണെന്നു് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ഓരോ വ്യക്തിയും അവന്റെ സ്വന്തം ലോകമാണു്. എന്റെ അഭിപ്രായത്തില്‍ അതു് ശരിയും നല്ലതുമാണു്. അതോടൊപ്പം, ഒരു സമൂഹജീവി എന്ന നിലയില്‍, തന്റേതെന്നു് തികച്ചും സ്വാഭാവികമായി ഒരുവന്‍ കരുതുന്ന അവകാശങ്ങള്‍ മറ്റുള്ളവരുടെയും മൗലികമായ അവകാശങ്ങളായി വിലമതിക്കുവാനും, അംഗീകരിക്കുവാനുമുള്ള പ്രാഥമികമായ അവന്റെ കടപ്പാടിലേക്കു് അതു് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ സ്രഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു്, യഹോവ മനുഷ്യനെ സ്ത്രീയും, പുരുഷനുമെന്ന വെറും രണ്ടു് ജാതി മാത്രമായാണു് സൃഷ്ടിച്ചതെന്നും, അല്ലാതെ, കറുത്തവരോ വെളുത്തവരോ, ഇരുണ്ടവരോ മഞ്ഞനിറമുള്ളവരോ, ചെറിയവരോ വലിയവരോ, ബുദ്ധിശാലികളോ മണ്ടന്മാരോ, ദരിദ്രരോ ധനികരോ ആയിട്ടായിരുന്നില്ലെന്നും അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ? ഒരേയൊരു സ്രഷ്ടാവിലും, വര്‍ഗ്ഗവിവേചനം നീതീകരിക്കുന്ന നീതിശാസ്ത്രങ്ങളിലും ഒരേസമയം വിശ്വസിക്കുവാന്‍ സമാന്യബോധമുള്ള ആര്‍ക്കെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല. മനുഷ്യരില്‍ ശാരീരികമായ വ്യത്യസ്തതകള്‍ കാണപ്പെടുന്നതിനോ, സാംസ്കാരിതയുടെ തലങ്ങളില്‍ ഏറ്റക്കുറച്ചിലുകളുള്ളതിനോ അവരെ കുറ്റപ്പെടുത്താനാവില്ല. മനുഷ്യര്‍ ക്രിസ്തീയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരായാലും അല്ലെങ്കിലും, പ്രത്യുല്‍പാദനം വഴിയുള്ള വംശവര്‍ദ്ധനവിനു് വര്‍ഗ്ഗവ്യത്യാസം ഒരു തടസ്സമല്ല. വര്‍ഗ്ഗവിവേചനം എന്നതു് മനുഷ്യപ്രൊട്ടീനുകള്‍ക്കു് അജ്ഞാതമാണെന്നു് ചുരുക്കം. പ്രകൃതിപോലും നിഷിദ്ധഗമനത്തെ (incest) നിരുത്സാഹപ്പെടുത്താനുതകുന്ന വിധത്തിലാണു് സജ്ജീകരിക്കപ്പെട്ടിരിക്കുന്നതു്. മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍, വര്‍ഗ്ഗവിവേചനം നീചവും തീവ്രവുമായ ശിക്ഷണം വഴി വളര്‍ത്തിയെടുക്കപ്പെട്ട, അന്തര്‍മാനവികമായ ഒരു പ്രതിഭാസം മാത്രമാണു്.
സമൂഹാംഗങ്ങളെ തുല്യരായി പരിഗണിക്കാനും, അവസരസമത്വം ഉറപ്പുവരുത്താനുമുള്ള മൌലികമായ കടപ്പാടു് പ്രവര്‍ത്തനക്ഷമമായ ജനാധിപത്യം നിലവിലിരിക്കുന്ന, സംസ്കാരസമ്പന്നമായ ഏതൊരു സമൂഹത്തിനുമുണ്ടു്. വ്യത്യസ്തമായ തൊഴില്‍മേഖലകളില്ലാതെ സ്വാഭാവികമായും ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. വേണ്ടതു്, ഏതു് തൊഴിലും ബഹുമാനിക്കപ്പെടുകയാണു്. മാത്രവുമല്ല, മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കുവാന്‍ പര്യാപ്തമായ വരുമാനം അതുവഴി നേടിയെടുക്കുവാന്‍ മനുഷ്യനു് കഴിയുകയും വേണം. ഏതു് തൊഴിലാണു് ഒരുവനു് ഏറ്റവും അനുയോജ്യമെന്നു് അവന്റെ സ്വാഭാവികവാസനയുടെയും, കഴിവിന്റെയും അടിസ്ഥാനത്തില്‍ സ്വയം തീരുമാനിക്കാന്‍ കഴിയുന്ന വിധത്തില്‍ അംഗന്‍വാടി മുതലേയുള്ള വിദ്യാഭ്യാസരീതി ആവിഷ്കരിക്കപ്പെടണം. സര്‍വ്വോപരി, വിദ്യാഭ്യാസം വഴി ലഭിക്കുന്ന പരിശീലനം പരസഹായമില്ലാതെ സ്വന്തവിധിയെ നേരിടുവാനുതകുന്ന വ്യക്തിത്വം മനുഷ്യരില്‍ വളര്‍ത്തുവാന്‍ ഉതകുന്ന വിധത്തിലുള്ളതായിരിക്കണം. മനുഷ്യജീവിതത്തെ ഭാഗ്യത്തിന്റെ അടിമയാക്കാന്‍ തള്ളിവിടുക എന്നതാവരുതു് വിദ്യാഭ്യാസത്തിന്റെ ലക്‍ഷ്യം. രാഷ്ട്രവും സമൂഹവും തമ്മിലുള്ള ഉടമ്പടിയുടെ കാതലാവണം സമൂഹത്തിനുള്ളില്‍ സ്വതന്ത്രമായി വളരാനുള്ള ജനങ്ങളുടെ അവകാശം.
ജീവിക്കാന്‍ മാത്രമല്ല, മരണത്തെ ഒരു പരിധിവരെയെങ്കിലും തള്ളിനീക്കാന്‍ കഴിവുള്ള പണം എന്ന ഘടകം നൈപുണ്യത്തിന്റെയും, സമൂഹത്തിനു് അതുവഴി ലഭിക്കാവുന്ന നന്മയുടെയും അടിസ്ഥാനത്തിലും, അതേസമയം, ഒരു മിനിമം അളവില്‍ കുറയാത്ത വിധത്തിലും പങ്കുവയ്ക്കപ്പെടണം. തെരുവു് വൃത്തിയാക്കുന്നവരില്ലെങ്കില്‍ സാംക്രമികരോഗങ്ങളും കൂട്ടമരണവുമാവും നിര്‍ബന്ധമായും അതിന്റെ പരിണതഫലം. അതേസമയം, പള്ളിയും പട്ടക്കാരനും ഇല്ലെന്നു് വന്നാല്‍ പുതിയ പുതിയ ആടയാഭരണങ്ങള്‍ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങളില്‍ ഒന്നു് ഇല്ലാതാവും എന്നേയുള്ളു. അതു് കൂടാതെ കഴിയാത്തവര്‍ക്കു് അതു് ചെയ്യാം. (അതല്ലാതെ അവര്‍ക്കു് മറ്റെന്തു് ചെയ്യാന്‍ കഴിയും എന്ന ചോദ്യവും ഒട്ടും അപ്രസക്തമല്ല). നോക്കുകുത്തികളേക്കാള്‍ തോട്ടികളാണു് സമൂഹത്തിനു് കൂടുതല്‍ പ്രയോജനകരമായ ജോലി ചെയ്യുന്നതു് എന്ന സത്യമാണു് ഇവിടെ സൂചിപ്പിച്ചതു്.
ബഹുഭൂരിപക്ഷം ജനങ്ങളേയും ദൈനംദിനജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ തത്കാലത്തേക്കു് മറക്കാന്‍ സഹായിക്കുമെന്നതില്‍ കവിഞ്ഞു് ഒരിക്കലും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളാവാന്‍ കഴിയാത്ത ഒരുതരം നാര്‍കോടിക് മാത്രമാണു് ഭാരതീയസിനിമപോലെതന്നെ (ചുരുങ്ങിയപക്ഷം അധികപങ്കും) മതങ്ങളും. സിനിമ ഐഹികസ്വപ്നങ്ങള്‍ വില്‍ക്കുന്നു; മതങ്ങള്‍ സ്വര്‍ഗ്ഗം എന്ന സ്വപ്നം വാഗ്ദാനം ചെയ്യുന്നു. രണ്ടുപക്ഷവും മിതമായ നിരക്കില്‍ സ്വപ്നങ്ങള്‍ വിറ്റു് ഇല്ലാത്തവരുടെ ചില്ലിക്കാശുകൊണ്ടു് അനുദിനം സാമ്പത്തികമായി വളരുന്നു. പലതുള്ളി പെരുവെള്ളം. ഈ സമ്പത്തിന്റെ പിന്‍ബലത്തില്‍ സ്വാര്‍ത്ഥവും വിഭാഗീയവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാഫിയാമാര്‍ഗ്ഗങ്ങള്‍വരെ സ്വീകരിക്കാന്‍ പലപ്പോഴും അവര്‍ മടിക്കാറുമില്ല. അതേസമയം, സാമൂഹികജീര്‍ണ്ണതയുടെ കാരണങ്ങളായ അജ്ഞത, അന്ധവിശ്വാസം, ദാരിദ്ര്യം, ജനപ്പെരുപ്പം, തൊഴിലില്ലായ്മ, ജാതിചിന്ത, ദാരുണം എന്നു് വിശേഷിപ്പിക്കേണ്ട പരിസരമലിനീകരണം മുതലായവയെല്ലാം അവഗണിക്കപ്പെടുന്നു. അന്തര്‍ദ്ദേശീയതയുടെ തലങ്ങളില്‍, ഉന്നതന്മാരോടൊപ്പം കിടപിടിക്കാനുള്ള ആവേശത്തിനിടയില്‍ ആ ഉന്നതന്മാരില്‍ പലരും ഇപ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാരതീയനെ വിലകുറച്ചു് കാണാന്‍ ശ്രമിക്കുന്നവരാണെന്ന സത്യം മനസ്സിലാക്കാന്‍ നമുക്കു് കഴിയാതെ പോകുന്നു. ഉന്നതതലങ്ങളിലെ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഒരുപക്ഷേ ഇതുപോലുള്ള “റ്റബൂ-വിഷയങ്ങള്‍” നിര്‍ബന്ധമായും സൂചിപ്പിക്കപ്പെട്ടെന്നു് വരികയില്ല. കാരണം ബിസിനസ് താല്പര്യങ്ങള്‍ക്കു് മുന്‍തൂക്കമുള്ളിടത്തു് അവ അസംഗതവും ലക്‍ഷ്യസാദ്ധ്യത്തിനു് തടസ്സവുമായിരിക്കുമല്ലോ! പക്ഷേ വിദേശത്തു്, പ്രത്യേകിച്ചും യൂറോപ്പില്‍, വേണ്ടത്രകാലം ജീവിക്കാന്‍ കഴിഞ്ഞിട്ടുള്ള ഏതൊരു ഭാരതീയനും അവിടങ്ങളില്‍ പൊതുവേ നിലവിലിരിക്കുന്ന ചിന്താമാതൃക എന്തെന്നു് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവണം.
ഒരു എണ്ണപ്പാടകോടീശ്വരനെ സംബന്ധിച്ചു് അവന്റെ തൊലിയുടെ നിറമോ, അവന്‍ എവിടെനിന്നു് വരുന്നു എന്നതോ ഒരിക്കലും ഒരു പ്രശ്നമാവുകയില്ല. ചെല്ലുന്നിടത്തെല്ലാം അവന്‍ ബഹുമാനപുരസരം സ്വീകരിക്കപ്പെടും. അതുപോലൊരു അവസ്ഥയില്‍ വര്‍ഗ്ഗവിവേചനത്തെപ്പറ്റി ദുഃഖിക്കേണ്ട കാര്യം ആര്‍ക്കുമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതു് പണമല്ലെങ്കിലും, മനുഷ്യരുടെ ലോകത്തെ നിയന്ത്രിക്കുന്നതു് പണമാണു്. ഈ വസ്തുത മനുഷ്യരോടു് തുറന്നു് പറയാനുള്ള ആത്മാര്‍ത്ഥതയാണു് വേണ്ടതു്. അതിനുപകരം ശുദ്ധഗതിക്കാരായ മനുഷ്യരോടു് താഴാഴ്മയും, നിരുപാധികമായ അനുസരണവും, പരിപൂര്‍ണ്ണമായ ഭക്തിയുമെല്ലാം ആവശ്യപ്പെട്ടുകൊണ്ടു് അസ്തിത്വത്തിന്റെ നശ്വരതയും, അര്‍ത്ഥശൂന്യതയും പാടിപ്പുകഴ്ത്തി മനഃപൂര്‍വ്വം അവരെ മത്സരരംഗത്തുനിന്നും ഒഴിവാക്കുന്നു. അതു് വഞ്ചനയാണു്. സ്വന്തം നിലനില്പു് അപകടത്തിലാവുമെന്നു് അറിയാവുന്ന കാര്യങ്ങളെപ്പറ്റി മനുഷ്യര്‍ സംസാരിക്കാനോ, ചിന്തിക്കാന്‍ പോലുമോ പാടില്ലെന്ന വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതുവഴി തങ്ങളുടെ നിലപാടുകള്‍ക്കു് അപ്രമാദിത്വം കല്പിച്ചു് പ്രതിരോധം ഏര്‍പ്പെടുത്തുന്നവര്‍ ഭദ്രമാക്കപ്പെട്ട സുരക്ഷിതത്വത്തിലേക്കു് പിന്‍തിരിഞ്ഞു് സ്വന്തജീവിതം സുഖപ്രദമാക്കുകയാണു് ചെയ്യുന്നതു്. അവര്‍ക്കു് ആരെയും വിമര്‍ശിക്കാം, വിലക്കാം. അവരെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല! വ്രണപ്പെട്ടേക്കുമെന്ന ഭയം മൂലം വിമര്‍ശനങ്ങളില്‍ നിന്നും മറച്ചുപിടിച്ചു് സംരക്ഷിക്കപ്പെടേണ്ട ഒരു സത്യം ഒരിക്കലും യഥാര്‍ത്ഥസത്യമാവുകയില്ല. മനുഷ്യര്‍ക്കു് ഭേദഗതികള്‍ വരുത്താന്‍ കഴിയുന്ന തത്വശാസ്ത്രങ്ങള്‍ മനുഷ്യരുടെ തത്വസംഹിതകളേ ആവാന്‍ കഴിയൂ. മനുഷ്യരുടെ തത്വസംഹിതകള്‍ക്കു് അപ്രമാദിത്വം കല്പിക്കുവാന്‍ മതിഭ്രമം ഉള്ളവര്‍ക്കേ മടി കാണാതിരിക്കൂ. ആഡംബരത്തില്‍ ജീവിക്കുന്ന ഒരു ഉദ്ധതനു് പരാധീനതയില്‍ കഴിയേണ്ടിവരുന്ന പാവങ്ങളോടു് താഴാഴ്മ ആവശ്യപ്പെടാനോ, അവരെ വര്‍ഗ്ഗത്തിന്റെയോ വര്‍ണ്ണത്തിന്റെയൊ പേരില്‍ തരം തിരിക്കാനോ, അല്ലെങ്കില്‍ അവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ദൈവവിധിയോ, ദൈവേഷ്ടമോ ആണെന്നു് വ്യാഖ്യാനിക്കാനോ ഉള്ള യാതൊരു അവകാശവുമില്ല.
“ഏതൊരു മനുഷ്യനിലും സ്വന്തലക്‍ഷ്യസാദ്ധ്യത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതില്‍ കവിഞ്ഞ മറ്റു് യാതൊരു വിലയും കാണാതിരിക്കുക എന്നതു് മനുഷ്യനിന്ദയുടെ സംശയരഹിതമായ തെളിവാണു്.” – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ.
summa summarum: വിശ്വാസിയായാലും നിരീശ്വരവാദിയായാലും, ക്രിസ്ത്യാനിയായാലും മുസ്ലീമായാലും, വെളുത്തവനായാലും കറുത്തവനായാലും, ധനികനായാലും ദരിദ്രനായാലും സാമാന്യബോധമുള്ള ഒരു മനുഷ്യനും വര്‍ഗ്ഗ-വര്‍ണ്ണവിവേചനം നീതീകരിക്കാനുതകുന്ന യുക്തിസഹമായ ഒരു വാദമുഖവും ഉന്നയിക്കാനാവില്ല.
Ajith
Jan 13, 2009 at 20:26
പ്രപഞ്ചത്തിന്റെ മുഴുവന്‍ സ്രഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു്, യഹോവ മനുഷ്യനെ സ്ത്രീയും, പുരുഷനുമെന്ന വെറും രണ്ടു് ജാതി മാത്രമായാണു് സൃഷ്ടിച്ചതെന്നും, അല്ലാതെ, കറുത്തവരോ വെളുത്തവരോ, ഇരുണ്ടവരോ മഞ്ഞനിറമുള്ളവരോ, ചെറിയവരോ വലിയവരോ, ബുദ്ധിശാലികളോ മണ്ടന്മാരോ, ദരിദ്രരോ ധനികരോ ആയിട്ടായിരുന്നില്ലെന്നും അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ? ഒരേയൊരു സ്രഷ്ടാവിലും, വര്‍ഗ്ഗവിവേചനം നീതീകരിക്കുന്ന നീതിശാസ്ത്രങ്ങളിലും ഒരേസമയം വിശ്വസിക്കുവാന്‍ സമാന്യബോധമുള്ള ആര്‍ക്കെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല.
May God help every Christian to understand this truth…..
ജിപ്സന്‍ ജേക്കബ്
May 11, 2009 at 03:10
ജാതിവ്യവസ്തയുടെ ഇലകള്‍കളും കൊമ്പുകളും മാത്രമേ ഇപ്പോഴും നഷ്ടപ്പെട്ടിട്ടുള്ളൂ. വന്‍വേരുകള്‍ പലരുടേയും മനസ്സിനടിയിലുണ്ട്.